കേഴുക പ്രിയനാടേ കേരളമേ എന്നു നമുക്കിനി വിലപിക്കാം
by കെ.എം. റോയ്
തുറന്ന മനസോടെ
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍, കോളമിസ്റ്റ്. കേരളപ്രകാശം, ദേശബന്ധു, കേരളഭൂഷണം,, എക്‌ണോമിക് ടൈംസ്, ദ ഹിന്ദു, യു.എന്‍. ഐ. എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. മംഗളത്തിന്റെ ജനറല്‍ എഡിറ്ററായി വിരമിച്ചു. ഇന്‍ഡ്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറല്‍ ആയിരുന്നു.
കേരളം ലജ്‌ജിച്ചു തലതാഴ്‌ത്തട്ടെ. അല്ലെങ്കില്‍ മനഃസാക്ഷിയുള്ളവര്‍ കേഴുക പ്രിയനാടേ, കേരളമേ എന്നു പറഞ്ഞ് ആശ്വസിക്കട്ടെ.
ഭാരതത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് ഉത്തരാഖണ്ഡിലെ ഹിമാലയന്‍ മലനിരകളില്‍ സംഭവിച്ചത്. ഹരിദ്വാര്‍ മുതല്‍ പതിനോരായിരത്തിലധികം അടി ഉയരത്തിലുള്ള ബദരിനാഥ് വരെയുള്ള മലനിരകളെ തല്ലിത്തകര്‍ത്ത മഹാപ്രളയത്തിലും ഒടുങ്ങാത്ത പേമാരിയിലും സംഭവിച്ച ദാരുണ മരണങ്ങള്‍ക്കും നാശനഷ്‌ടങ്ങള്‍ക്കും കണക്കില്ല. പ്രളയജലത്തില്‍ മുങ്ങിയും മറ്റും മരിച്ച മനുഷ്യര്‍ എത്രയോ ആണ്. ആയിരം മുതല്‍ പതിനായിരം വരെ നീളുന്നു ആ കണക്ക്.
അല്ലെങ്കില്‍തന്നെ മരണത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് രുദ്രപ്രയാഗിലേക്കും കേദാര്‍നാഥിലേക്കും ബദരിനാഥിലേക്കുമുള്ള തീര്‍ഥയാത്ര. നാലു ടയര്‍ ചക്രം മാത്രം ഉരുണ്ടുപോകാന്‍ സ്‌ഥലമുള്ള റോഡിലൂടെ ബസുകളില്‍ ഡ്രൈവര്‍മാര്‍പോലും ജീവന്‍ കൈയില്‍പ്പിടിച്ചുകൊണ്ടാണ് അവയോടിക്കുന്നത്. ഋഷികേശില്‍നിന്ന് ഒറ്റയടിക്ക് പതിമൂന്നു മണിക്കൂര്‍ സഞ്ചരിച്ചാണ് ഏതാനും നാള്‍മുമ്പ് ബദരിനാഥിലെത്തിയത്. ലക്ഷക്കണക്കിന് മനുഷ്യരെ ഉള്ളം കൈയിലെടുത്തന്നവണ്ണം ബദരിനാഥിലെത്തിച്ചിരുന്ന ഹിമാലയനിരകളാണ് പ്രകൃതിദേവിയുടെ അവിശ്വസനീയമായ അഴിഞ്ഞാട്ടത്തില്‍ ഉലഞ്ഞുപോയത്. പിന്നെ മനുഷ്യനു വിവരിക്കാന്‍ കഴിയാത്ത മഹാദുരന്തങ്ങളായിരുന്നു.
ഭാരതമാകെ വീര്‍പ്പടക്കിക്കണ്ട ആ മഹാദുരന്തം കേരളത്തില്‍ വലിയ വിവാദമായി. എന്തും വിവാദമാക്കുന്ന നീചമനസാണല്ലോ ഇപ്പോള്‍ കേരളത്തിനുള്ളത്? വര്‍ക്കലയിലെ ശിവഗിരിമഠത്തില്‍നിന്നുള്ള ഏതാനും സന്യാസിമാരുടേയും സില്‍ബന്ധികളുടേയും ഒരു സംഘം ആ നാളുകളില്‍ ബദരീനാഥിലെത്തിയിരുന്നു. ഈ അത്യാഹിതവേളയില്‍ അവിടെനിന്ന് തങ്ങളെ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ലെന്നു ആവര്‍ത്തിച്ചാവര്‍ത്തിച്ച് സംസ്‌ഥാന മുഖ്യമന്ത്രിയോടും മന്ത്രിമാരോടും അഭ്യര്‍ഥിച്ചിട്ടും അവരൊന്നും ചെറുവിരല്‍പോലും അനക്കിയില്ലെന്നും കേരള സര്‍ക്കാര്‍ തങ്ങളെ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നുമാണ് ശിവഗിരിമഠം സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ബദരിനാഥില്‍നിന്നു പത്രലോകത്തെ അറിയിച്ചത്. തങ്ങളെ രക്ഷപ്പെടുത്തിക്കൊണ്ടുപോകാന്‍ കേരള സര്‍ക്കാര്‍ പ്രത്യേക ഹെലികോപ്‌റ്റര്‍ അയയ്‌ക്കുന്നില്ലെന്നായിരുന്നു ശിവഗിരി സംഘത്തിന്റെ പരാതി.
ഈ പ്രശ്‌നം കേരളത്തിലെ മാധ്യമങ്ങള്‍ മാത്രമല്ല ഇടതുപക്ഷ പാര്‍ട്ടികളടക്കമുള്ള രാഷ്‌ട്രീയ പാര്‍ട്ടികളും ഏറ്റെടുത്തു. പിന്നെ മലയാള ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞുനിന്നതു ശിവഗിരി സ്വാമിമാരോടു കേരള സര്‍ക്കാര്‍ കാണിച്ചത് കൊടുംക്രൂരതയാണെന്ന വ്യാഖ്യാനങ്ങളാണ്. സംസ്‌ഥാന സര്‍ക്കാരും കേരളത്തില്‍നിന്നുള്ള കേന്ദ്ര മന്ത്രിമാരും തങ്ങളെ വഞ്ചിക്കുകയാണെന്നാണ് സ്വാമി ഗുരുപ്രസാദ് ആരോപിച്ചത്. സ്വാമിമാരുടെ പ്രശ്‌നം ഏറ്റവും കൂടുതല്‍ ഏറ്റെടുത്തത് മാതൃഭൂമി പത്രമായിരുന്നു. ഒടുവില്‍ യഥാര്‍ഥ സംഭവങ്ങളെല്ലാം പുറത്തുവന്നു. അതും ജനങ്ങളെ അറിയിച്ചത് ദുരന്തഭൂമിയിലെത്തിയ മാതൃഭൂമിയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍തന്നെയായിരുന്നു.
ശിവഗിരിമഠത്തിലെ സന്യാസികള്‍ ഈ ദുരന്തം മറയാക്കി രാഷ്‌ട്രീയം കളിക്കുകയായിരുന്നു എന്നാണ് ഡെറാഡൂണിലെത്തിയ മാതൃഭൂമി പ്രതിനിധി റിപ്പോര്‍ട്ടു ചെയ്‌തത്. ബദരിനാഥിലേയും ഹരിദ്വാറിലേയും സന്യാസിമാരെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ഈ റിപ്പോര്‍ട്ട്. ബദരിനാഥിലെ ആസ്‌ഥാന പുരോഹിതനായ റാവല്‍ജിതന്നെ ശിവഗിരി സന്യാസിമാര്‍ക്കെതിരേ തിരിഞ്ഞു. തങ്ങളെ രക്ഷിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന്റെ പ്രത്യേക ഹെലികോപ്‌റ്റര്‍ എത്തട്ടെയെന്ന് സന്യാസിമാര്‍ വാശിപിടിച്ചതാണ് കുഴപ്പത്തിനു തുടക്കമിട്ടതെന്ന് ബദരിനാഥിലെ മറ്റു സന്യാസിമാരും വെളിപ്പെടുത്തി.
ശിവഗിരി സന്യാസിമാര്‍ക്കു ആശ്രമത്തില്‍ ഭക്ഷണത്തിനും താമസത്തിനും ഒരു ബുദ്ധിമുട്ടുമില്ലെന്നും അവര്‍ക്ക് അവിടെ എല്ലാ സൗകര്യങ്ങളും നല്‍കിയിട്ടുണ്ടെന്നും ബദരിനാഥിലെ ഋഷികേശാനന്ദയും വെളിപ്പെടുത്തിയതായി മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്‌തു. ഇതിനിടയിലാണ് കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നാടകങ്ങള്‍ അരങ്ങേറിയത്. ബദരിനാഥില്‍ കുടുങ്ങിയ ശിവഗിരി സന്യാസിമാരെ രക്ഷപ്പെടുത്തിക്കൊണ്ടുവരാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് സി.പി.എം. ലോക്‌സഭാംഗമായ എ. സമ്പത്തും സി.പി.ഐ. രാജ്യസഭാംഗമായ എം.പി. അച്യുതനും ഡല്‍ഹിയില്‍ കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ഓഫീസില്‍ കുത്തിയിരിപ്പു ധര്‍ണ നടത്തി. വിവരമറിഞ്ഞ് കേരള ഹൗസിലുണ്ടായിരുന്ന മന്ത്രി കെ.സി. ജോസഫ് എം.പിമാരെ സമീപിച്ച് അവരുടെ സാന്നിധ്യത്തില്‍ ശിവഗിരി സ്വാമിമാരോടു സംസാരിച്ച് വേണ്ട നടപടിയെടുക്കാമെന്ന് ഉറപ്പുനല്‍കിയതോടെ എം.പിമാര്‍ കുത്തിയിരിപ്പു ധര്‍ണ അവസാനിപ്പിക്കുകയും ചെയ്‌തു.
സമ്പത്ത് എം.പി. ഈ ധര്‍ണ നാടകം നടത്താന്‍ കാരണമെന്തായിരുന്നു? ശിവഗിരി ആശ്രമം സ്‌ഥിതി ചെയ്യുന്നത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ചിറയിന്‍കീഴ് മണ്ഡലത്തിലാണ്. സന്യാസിമാരുടെ പത്തു വോട്ടു കിട്ടുന്നെങ്കില്‍ കിട്ടുമല്ലോ എന്നു കരുതിയാവണം യുവനേതാവായ സമ്പത്ത് ഈ ധര്‍ണ നാടകം നടത്തിയത്. ഒരു തെരഞ്ഞെടുപ്പില്‍ കരുത്തനായ കോണ്‍ഗ്രസ് നേതാവ് ആര്‍. ശങ്കറെപ്പോലും തോല്‍പിച്ച കറതീര്‍ന്ന കമ്യൂണിസ്‌റ്റ് നേതാവ് കെ. അനിരുദ്ധന്റെ പുത്രനാണ് ഇപ്പോള്‍ വിരലിലെണ്ണാവുന്ന വോട്ടുകള്‍ക്കുവേണ്ടി സന്യാസിമാരുടെ ശിങ്കടിയായിമാറുന്നതെന്ന് സമ്പത്ത് മറന്നുകളഞ്ഞിരിക്കാം.
പക്ഷേ, പരിണതപ്രജ്‌ഞനായ പത്രപ്രവര്‍ത്തകന്‍കൂടിയായ എം.പി. അച്യുതനും ഈ ധര്‍ണാ നാടകത്തില്‍ എന്തുകൊണ്ടാണ് പങ്കെടുത്തതെന്ന് എനിക്കു മനസിലായില്ല. ഒരുപക്ഷേ ശിവഗിരി സ്വാമിമാരോടുള്ള ജാതി സ്‌നേഹംകൊണ്ടായിരിക്കാം അത്? എന്തിനു പറയുന്നു ബദരിനാഥില്‍ അകപ്പെട്ട സന്യാസിമാരെ രക്ഷിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ശിവഗിരിയില്‍നിന്നും മറ്റുമുള്ള ഏതാനും സന്യാസിമാരും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ഇതിനിടയില്‍ സത്യാഗ്രഹം നടത്തി. അവര്‍ക്കു പിന്തുണ നല്‍കി പ്രസംഗിച്ചത് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, ബി.ജെ.പി. പ്രസിഡന്റ് വി. മുരളീധരന്‍, സി.പി.എമ്മിലെ എം.എല്‍.എമാരായ തോമസ് ഐസക്, എ.കെ. ബാലന്‍, വി. ശിവന്‍കുട്ടി, സി.പി.ഐയിലെ പന്ന്യന്‍ രവീന്ദ്രന്‍, സി. ദിവാകരന്‍ തുടങ്ങിയവരായിരുന്നു. എന്തായാലും സ്വാമിമാര്‍ക്കുവേണ്ടിയാണെങ്കിലും ഇവരെല്ലാം ഒന്നിച്ചല്ലോ? എന്താണ് ഇവരൊക്കെ കാട്ടിക്കൂട്ടുന്നത്, എവിടേക്കാണ് കേരള രാഷ്‌ട്രീയം പോകുന്നത്?
ഒടുവില്‍ മാതൃഭൂമിയെപ്പോലുള്ള പത്രങ്ങള്‍ ഈ സന്യാസിമാരുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ കാവി ഉടുപ്പിന്റെ പിറകെ കൂടിയ ഈ നേതാക്കളെല്ലാം ഇപ്പോള്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട സ്‌ഥിതിയാണുണ്ടായിരിക്കുന്നത്.
ബദരിനാഥിലെത്തിയ ശിവഗിരി സ്വാമിമാര്‍ ലജ്‌ജാകരമായ രാഷ്‌ട്രീയം കളിക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങളെല്ലാം ഒടുവില്‍ തുറന്നെഴുതിയത്. കാരണം ശിവഗിരി സ്വാമിമാര്‍ ഇപ്പോള്‍ ബി.ജെ.പി. രാഷ്‌ട്രീയത്തിലെ കരുക്കളായി മാറിയിരിക്കുകയാണ്.
തങ്ങളെ രക്ഷിക്കാന്‍ ഹെലികോപ്‌റ്റര്‍ അയയ്‌ക്കാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പറഞ്ഞിട്ടും അതു നിരസിക്കുകയായിരുന്നുവെന്നും കേരള സര്‍ക്കാര്‍ ഹെലികോപ്‌റ്റര്‍ അയയ്‌ക്കട്ടെ എന്നു പറഞ്ഞു തങ്ങള്‍ കാത്തിരിക്കുകയായിരുന്നു എന്നുമാണ് സ്വാമി ഗുരുപ്രസാദ് പത്രക്കാരോടു പറഞ്ഞത്. അതേസമയം തങ്ങളെ രക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ലെന്നും സ്വാമി ആക്ഷേപിച്ചു.
നൂറുകണക്കിനു തീര്‍ഥാടകരും പാവപ്പെട്ട ഗ്രാമീണരും പ്രളയത്തില്‍ മുങ്ങിമരിക്കുകയും നൂറുകണക്കിനു മൃതദേഹങ്ങള്‍ പ്രളയജലത്തില്‍ ഒഴുകിനടക്കുകയും ചെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് രാഷ്‌ട്രീയ മുതലെടുപ്പിനുവേണ്ടി ശിവഗിരിയിലെ സ്വാമിമാര്‍ ഈ നാടകം നടത്തിയതെന്നോര്‍ക്കണം. നരേന്ദ്രമോഡി അടുത്തകാലത്ത് ശിവഗിരി സമ്മേളനത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചതാണ് അവിടത്തെ സ്വാമി സമൂഹത്തിനു പെട്ടെന്ന് ബി.ജെ.പി. പ്രേമമുണ്ടാകാന്‍ കാരണമെന്നാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
പ്രളയത്തില്‍നിന്നു രക്ഷപ്പെടാന്‍ മരണവെപ്രാളം കാണിച്ചുകൊണ്ടിരിക്കുകയാണെന്നു അഭിനയിച്ച ശിവഗിരി സ്വാമിമാര്‍ എന്തുകൊണ്ട് മോഡിയുടെ സഹായം സ്വീകരിച്ചില്ല? ബദരിനാഥിലെ ആശ്രമത്തിലെ സുരക്ഷിതരായി ജീവിച്ചിരുന്ന സ്വാമിമാര്‍ക്ക് രക്ഷപ്പെടലിനേക്കാള്‍ വലുത് ചില പുത്തന്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളായിരുന്നു. അത് ഒടുവില്‍ മറനീക്കി പുറത്തുവന്നപ്പോള്‍, അല്ലെങ്കില്‍ ഉത്തരാഖണ്ഡിലെ സന്യാസിശ്രേഷ്‌ഠന്മാര്‍തന്നെ തുറന്നുപറഞ്ഞപ്പോള്‍ ശിവഗിരി മഠക്കാര്‍ ചിന്താശക്‌തിയുള്ള കേരളീയരുടെ മുമ്പില്‍ തീര്‍ത്തും അപഹാസ്യരായിരിക്കുന്നു.
അതിനിടയ്‌ക്ക് പ്രളയത്തില്‍പ്പെട്ട പതിനയ്യായിരം ഗുജറാത്തികളെ തന്റെ സര്‍ക്കാര്‍ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു എന്ന് ഗുജറാത്ത് മുഖ്യമന്ത്രി മോഡി വലിയ അഭിമാനത്തോടെ പറഞ്ഞത് അദ്ദേഹത്തേയും പാര്‍ട്ടിയേയും രാജ്യത്ത് അപഹാസ്യമാക്കി. മുങ്ങി മരിക്കാന്‍പോകുന്നവരേയും അന്ത്യശ്വാസം വലിക്കുന്നവരേയും ഗുജറാത്തികളെന്നു തരംതിരിച്ചു രക്ഷപ്പെടുത്തിക്കൊണ്ടുപോയി എന്ന മോഡിയുടെ ലജ്‌ജാകരമായ വീരവാദം ഒടുവില്‍ ബി.ജെ.പി. നേതൃത്വത്തിനു പിന്‍വലിക്കേണ്ടിവന്നു.
കാരണം ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന് ബി.ജെ.പി. അവകാശപ്പെടുന്ന മോഡിയാണിതു പറഞ്ഞതെന്നോര്‍ക്കണം. ഒടുവില്‍ മോഡി അങ്ങനെ പ്രസ്‌താവിച്ചിട്ടേയില്ല എന്നു പറഞ്ഞാണ് ബി.ജെ.പി. ദേശീയ നേതൃത്വം രക്ഷപ്പെട്ടത്. മോഡിയുടെ വാക്കുകള്‍ ടെലിവിഷന്‍ ചാനലുകളിലൂടെ കേട്ട ജനങ്ങള്‍ വിഡ്‌ഢികളുമായി.
അവസാനം ചില സംശയങ്ങള്‍. ലൗകികസുഖങ്ങളെല്ലാം പരിത്യജിച്ച് ഈശ്വരസേവയ്‌ക്കും മനുഷ്യസേവയ്‌ക്കുമായി ജീവിതം സമര്‍പ്പിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന കുറേ ശിവഗിരി സന്യാസിമാരാണ് സുരക്ഷിതരായി ബദരിനാഥ് ആശ്രമത്തില്‍ ചുരുണ്ടുകൂടിക്കഴിയുമ്പോള്‍ ഈ വെപ്രാളമെല്ലാം കാണിച്ചതെന്നോര്‍ക്കണം. പ്രളയജലത്തിലേക്കിറങ്ങി മഹാദുരിതമനുഭവിക്കുന്ന ഓരോ തീര്‍ഥാടകനേയും രക്ഷിച്ചതിനുശേഷമായിരുന്നു സ്വന്തം ജീവിതത്തെക്കുറിച്ചുതന്നെ അവര്‍ ആലോചിക്കേണ്ടിയിരുന്നത്.
അതാണ് ഒരു സന്യാസിയുടെ ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ അര്‍ഥംതന്നെ. സന്യാസമെന്നത് വാണിജ്യവേഷമായി മാറുമ്പോള്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒടുവില്‍ വ്യോമസേനയുടെ ഹെലികോപ്‌റ്ററില്‍ രക്ഷപ്പെട്ടു ഡല്‍ഹിയിലെത്തി ഈ ത്യാഗവര്യന്മാരായ സ്വാമിമാര്‍ വിമാനമാര്‍ഗം കേരളത്തിലേക്കു പറക്കുകയും ചെയ്‌തു.
അതാണ് ഒരു സന്യാസിയുടെ ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ അര്‍ഥംതന്നെ. സന്യാസമെന്നത് വാണിജ്യവേഷമായി മാറുമ്പോള്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒടുവില്‍ വ്യോമസേനയുടെ ഹെലികോപ്‌റ്ററില്‍ രക്ഷപ്പെട്ടു ഡല്‍ഹിയിലെത്തി ഈ ത്യാഗവര്യന്മാരായ സ്വാമിമാര്‍ വിമാനമാര്‍ഗം കേരളത്തിലേക്കു പറക്കുകയും ചെയ്‌തു.
ഇവിടെ നാം വിലമതിക്കേണ്ടത് ജീവന്‍ പണയപ്പെടുത്തി പ്രളയ വെള്ളത്തിലേക്കെടുത്തുചാടി രക്ഷാപ്രവര്‍ത്തനം നടത്തിയ ഇന്ത്യന്‍ പട്ടാളത്തിലെ എണ്ണായിരത്തി അഞ്ഞൂറോളം ഭടന്മാരെയാണ്. അവരുടെ സേവനം ഇന്ത്യാ ചരിത്രത്തിലെ ഒരു ഉജ്വല അധ്യായമായിരിക്കാം. അതിനിടയില്‍ ഹെലികോപ്‌റ്റര്‍ തകര്‍ന്ന് ഇരുപതോളം പട്ടാളക്കാര്‍ മരണമടഞ്ഞു. അവരുടെ ഓര്‍മയ്‌ക്കു മുന്നില്‍ കൃതജ്‌ഞതയോടെ നമുക്കെല്ലാം ശിരസു കുനിക്കാം.
അവരില്‍ ചേര്‍ത്തലയിലെ തിരുനല്ലൂര്‍ സ്വദേശിയായ ജോമോനും ഉള്‍പ്പെട്ടിരുന്നു. ഇന്തോ ടിബത്തന്‍ ബോര്‍ഡര്‍ പോലീസിലെ ഇരുപത്തിയാറുകാരന്‍. ചേര്‍ത്തല മേഖലയിലെ ആയിരക്കണക്കിനു ജനങ്ങള്‍ ജന്മനാട്ടില്‍ വികാരോജ്വലമായ ഒരു സംസ്‌കാരമാണ് ചിന്നിച്ചിതറിപ്പോയ ജോമോന്റെ മൃതദേഹത്തിനു നല്‍കിയത്. മഹാത്യാഗം വിലമതിക്കുന്ന നന്മനിറഞ്ഞ മനുഷ്യര്‍ കുറേയെങ്കിലും കേരളത്തില്‍ അവശേഷിക്കുന്നുണ്ടല്ലോ?
No comments:
Post a Comment