Tuesday, July 9, 2013

സുതാര്യതയിലെ തട്ടിപ്പുകള്‍ ; ഇനിയും ഇങ്ങനെ നാണംകെടണോ?

സുതാര്യതയിലെ തട്ടിപ്പുകള്‍ ; ഇനിയും ഇങ്ങനെ നാണംകെടണോ?
കേരള സംസ്ഥാനത്തിലെ മറ്റ് മുഖ്യമന്ത്രിമാരില്‍ നിന്നും വ്യത്യസ്‌തനായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ സ്വത സിദ്ധമായ ശൈലിയിലൂടെ കോണ്‍ഗ്രസിതര ആളുകള്‍ക്കിടയില്‍ പോലും പ്രശംസ പിടിച്ചു പറ്റാന്‍ ഉമ്മന്‍‌ചാണ്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും സ്വന്തം മേശയില്‍ വരുത്തി ചെയ്യുന്ന, എല്ലാത്തിലും തന്റെ ഇടപെടല്‍ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയായിരുന്നു ഉമ്മന്‍‌ചാണ്ടി. അതിനാല്‍ തന്നെ ഉണ്ണാണോ ഉറങ്ങാനോ പോലും സമയം ലഭിച്ചിരുന്നില്ലെന്നത് സുതാര്യമാ‍യ ഒരു സത്യം മാത്രം. എന്തിന് തന്റെ സുതാര്യത ലോകം കാണട്ടെ എന്ന് ആഗ്രഹിച്ച് മുഖ്യമന്ത്രി ഓഫീസിനെ ലൈവായി ലോകത്തെത്തിക്കാനും മുഖ്യന് കഴിഞ്ഞു. പ്രശംസനീയം തന്നെ, അദ്ദേഹത്തിന്റെ ഓഫീസ് നടപ്പിലാക്കിയ ജനസമ്പര്‍ക്ക പരിപാടിയ്ക്ക് യു‌എന്‍ അവാര്‍ഡ് ലഭിച്ചതും അംഗീകരിക്കാം, അഭിനന്ദിക്കാം.
എന്നാല്‍ സുതാര്യതയിലെ പിന്നിലെ തട്ടിപ്പുകള്‍ പുറത്ത് വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അത്ര സുതാര്യമല്ല എന്ന വിവരങ്ങളാണ് നല്‍കുന്നത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന് ചുറ്റുമുള്ള ഉപജാപക സംഘങ്ങളും ചേര്‍ന്ന് നടത്തിയ, അതും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കേന്ദ്രമാക്കി നടത്തിയ തട്ടിപ്പുകളുടെ വെളിപ്പെടുത്തലുകളാണ് പുറത്തെത്തുന്നത്. തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നവരെ ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുത്തി ഭയപ്പെടുത്തുക, പണം (കള്ളപ്പണം) തിരികെ നല്‍കാമെന്ന് പറഞ്ഞ് സ്വാധീനിക്കാന്‍ ശ്രമിക്കുക എന്നീ ലീലാ വിലാസങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹായികളായ ഈ ഉപജാപക സംഘങ്ങള്‍.
മുഖ്യമന്ത്രി നേരില്‍ സംസാരിച്ചതിന്റെ പശ്ചാത്തലത്തിലാണ് താന്‍ സോളാറില്‍ പണം നല്‍കിയത് എന്ന് വ്യവസായി ശ്രീധരന്‍ നായര്‍ പറഞ്ഞിരുന്നു. ഇതു തന്നെയാണ് അദ്ദേഹം കോടതിയില്‍ നല്‍കിയിരിക്കുന്ന മൊഴിയിലും പറഞ്ഞിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ശ്രീധരന്‍ നായര്‍ കള്ളം പറയുന്നുവെന്ന് മുഖ്യമന്ത്രിയുടെയും യുഡി‌എഫിന്റെയും പക്ഷം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കൂവെന്ന് ശ്രീധരന്‍ നായര്‍. സിസിടിവി ലൈവ് സ്‌ട്രീമിംഗ് ആണെന്നും റെക്കോര്‍ഡ് ചെയ്യാറില്ലെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. ഈ വിശദീകരണവും നമുക്ക് വിശ്വസിക്കാം. എന്നാല്‍ അവിടെ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്‌തനായ ജോപ്പന്‍ തന്റെ കുറ്റം സമ്മതിക്കാതിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളാണ് കാണിച്ചത്. അപ്പോഴാണ് സരിതയുമായുള്ള ബന്ധം ജോപ്പന്‍ സമ്മതിക്കുന്നത്.
ഒരേ ഓഫീസില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതും റൊക്കോര്‍ഡ് ചെയ്യപ്പെടാത്തതുമായ വീഡിയോ സ്‌ട്രീമിംഗോ? അതോ ഈ സിസിടിവി ദൃശ്യങ്ങളില്‍ സത്യം ഒളിഞ്ഞു കിടക്കുന്നത് കൊണ്ടാണോ മുഖ്യമന്ത്രി ഇത്തരത്തില്‍ പറയുന്നത്. എന്തായാലും സോളാര്‍ വിവാദങ്ങള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇതുവരെ പറഞ്ഞതെല്ലാം കള്ളമാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. ജോപ്പന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു, മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞില്ല. ഇതാണോ സുതാര്യത. ഭരണസിരാകേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന, ഭരണ തലവന്റെ ഓഫീസില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകള്‍ റെക്കോര്‍ഡിംഗ് സംവിധാനമില്ലാത്തതാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സത്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ട് തരം ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത് അതില്‍ ഒന്ന് സിസിടിവി ക്യാമറകളും, മറ്റൊന്ന് ലൈവ് സ്‌ട്രീമിംഗ് ക്യാമറകളുമാണ്. ഇതില്‍ ഒന്ന് കെല്‍ട്രോണും മറ്റൊന്ന് സിഡിറ്റുമാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ നിന്നും തന്നെ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ വാദം തെറ്റാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതാക്കിയെങ്കില്‍, അത് വീണ്ടെടുക്കാന്‍ ഒരു സാധാരണ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ സഹായം മതിയാകും.
അധികാരത്തില്‍ കടിച്ചു തൂങ്ങാനായി ഒരു കള്ളം പറഞ്ഞ്, ആ കള്ളം മറയ്ക്കാന്‍ ഒരുപാട് കള്ളങ്ങള്‍ പറഞ്ഞ്, ഇപ്പോള്‍ കള്ളം മാത്രം മൊഴിയുന്ന ഒരു ഭരണ തലവനായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി മാറിയിരിക്കുന്നോവെന്നാണ് എല്ലാവരുടെയും സന്ദേഹം. വിവാദമുണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രി കസേര മറ്റൊരാള്‍ക്ക് നല്‍കി ധാര്‍മ്മികതയുടെ പേരില്‍ മാറി നിന്നെങ്കില്‍ ഉമ്മന്‍‌ചാണ്ടിയ്ക്ക് ഈ ഗതി വരില്ലായിരുന്നു. ഒരു സരിതയുടെ പേരില്‍ നിയമസഭ പിരിച്ചുവിടലും സെക്രട്ടറിയേറ്റിന് മുന്നില്‍ യുദ്ധം ഒരുക്കലും നടക്കുമ്പോള്‍ നഷ്‌ടമാകുന്നത് സാധാരണക്കാരന്റെ അവകാശങ്ങളാണ്, മഴക്കെടുതിയിലും വിലക്കയറ്റത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സേവിക്കാനുള്ള സമയത്ത് ഭരണതലവന്മാര്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇങ്ങനെ കടിച്ചു തൂങ്ങുന്നത് ഒരുതരത്തില്‍ ന്യായീകരിക്കാനാവുന്നതല്ല. നാണംകെട്ട് ഇത്തരത്തില്‍ ഭരണത്തില്‍ കടിച്ച് തൂങ്ങണോയെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മനസാക്ഷിയോട് തന്നെ ചോദിക്കേണ്ടതാണ്. സഭ വെട്ടിച്ചുരുക്കി ഒളിച്ചോടുന്നത് സ്വന്തം അധികാരത്തെ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമല്ലേ? ജനങ്ങളെ സേവിക്കുന്നതിനാണെന്ന് കരുതാന്‍ കഴിയില്ലല്ലോ?

No comments: