മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതയ്ക്കൊപ്പം ശ്രീധരന്‍നായരെ കണ്ടു: സെല്‍വരാജ്
Posted on: 10-Jul-2013 11:05 PM
തിരു: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്കൊപ്പം പരാതിക്കാരനായ മല്ലേലില്‍ ക്രഷര്‍ ഉടമ ശ്രീധരന്‍ നായരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്ടതായി ആര്‍ സെല്‍വരാജ് എംഎല്‍എ വെളിപ്പെടുത്തി. ഇംഗ്ലീഷ് പത്രമായ ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍. വാര്‍ത്ത വിവാദമായതോടെ, സമ്മര്‍ദത്തെ തുടര്‍ന്ന് സെല്‍വരാജ് കാലുമാറിയെങ്കിലും വെളിപ്പെടുത്തലിന്റെ ശബ്ദരേഖ തങ്ങളുടെ പക്കലുണ്ടെന്ന് പത്രം വ്യക്തമാക്കി. 2012 ജൂലൈ ഒമ്പതിന് സരിതയോടൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ ചെന്നപ്പോള്‍ കോണ്‍ഗ്രസുകാരനായ ആര്‍ സെല്‍വരാജ് എംഎല്‍എ അവിടെ ഉണ്ടായിരുന്നെന്ന് ശ്രീധരന്‍നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് തികച്ചും ശരിയാണെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ ലേഖികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെല്‍വരാജ് പ്രതികരിച്ചത്. "എന്റെ മണ്ഡലത്തില്‍പ്പെട്ട തിരുപുറം-ചെങ്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാഞ്ചിക്കാട്ട് പാലത്തിന്റെ കാര്യം സംസാരിക്കാന്‍ വൈകിട്ട് ആറരയ്ക്കും ഏഴരയ്ക്കും ഇടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി. ദിവസം ഓര്‍മയില്ല. തിരിച്ചിറങ്ങിയപ്പോള്‍ വാതിലിനടുത്ത് മൂന്നു സ്ത്രീകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ശ്രീധരന്‍നായരും കൂടെയുണ്ടായിരുന്നു. ശ്രീധരന്‍നായര്‍ അഭിവാദ്യം ചെയ്തു. ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു. ഈ മൂന്ന് സ്ത്രീകളില്‍ ഒരാള്‍ സരിത എസ് നായരാണെന്ന് ഓര്‍ക്കുന്നു" സെല്‍വരാജ് ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു. എന്നാല്‍, അങ്ങനെയൊരു അഭിമുഖം നല്‍കിയില്ലെന്നാണ് സെല്‍വരാജ് ഇപ്പോള്‍ പറയുന്നത്. അതേസമയം, അഭിമുഖത്തിന്റെ വ്യക്തമായ തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് എഡിറ്റര്‍ ജോണ്‍ മേരി വ്യക്തമാക്കി. സിപിഐ എം പ്രതിനിധിയായിരുന്ന സെല്‍വരാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് കൂറുമാറി കോണ്‍ഗ്രസില്‍ ചേക്കേറിയത്. ഉമ്മന്‍ചാണ്ടിയുടെ അടുത്ത വിശ്വസ്തരില്‍ ഒരാളായാണ് അറിയപ്പെടുന്നത്.
No comments:
Post a Comment