Tuesday, July 9, 2013

മുഖ്യമന്ത്രി വെട്ടില്‍; സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടെന്ന് ശ്രീധരന്‍ നായര്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ വാദങ്ങളെല്ലാം തള്ളിക്കൊണ്ട് തട്ടിപ്പുകേസില്‍ പരാതി നല്‍കിയ ശ്രീധരന്‍ നായര്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി. റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ സ്ഥാനം തെറിച്ചേക്കാവുന്ന വെളിപ്പെടുത്തലുമായി ശ്രീധരന്‍ നായര്‍ രംഗത്തെത്തിയത്.
സോളാര്‍ പ്ലാന്റിനുവേണ്ടി തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിതയ്‌ക്കൊപ്പം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശ്രീധരന്‍ നായര്‍ പറയുന്നു. 2012 ജൂലൈ 9നായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിലാണ് ഞാന്‍ 40 ലക്ഷം രൂപ സരിതയ്ക്ക് നല്‍കിയതെന്ന് ശ്രീധരന്‍ നായര്‍ വ്യക്തമാക്കി.
സൗരോര്‍ജമാണ് വൈദ്യുതിക്ഷാമത്തിന് പരിഹാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡി സംബന്ധിച്ചും മറ്റും ലക്ഷ്മി നായര്‍ പറഞ്ഞിരിക്കുമല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചെന്ന് മൊഴിയില്‍. 3 മെഗാവാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന ആളെന്ന് പറഞ്ഞാണ് തന്നെ സരിത മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത്.
സോളാര്‍ കേസ് വിവാദമായപ്പോള്‍ കള്ളപ്പണം ഒഴുക്കി കോണ്‍ഗ്രസ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതക്ക് വലിയ സ്വാധീനമാണ് ഉണ്ടായിരുന്നത്. ഓഫീസില്‍ സരിതയെ എല്ലാവരും എഴുന്നേറ്റ് നിന്ന് സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോള്‍ ആദ്യം പോയത് ജോപ്പന്റെ കാബിനിലേക്ക്. സരിത നല്ല പാര്‍ട്ടിയാണെന്ന് ജോപ്പന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടെന്നും ജോപ്പന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മുറിയിലേക്ക് കൊണ്ടുപോയത് ജോപ്പനാണ്, ശ്രീധരന്‍ നായര്‍ പറഞ്ഞു.
സരിത നായരുമായി ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ശ്രീധരന്‍ നായരെ കണ്ടത് ക്വാറി ഉടമകളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കനാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നത്. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ശ്രീധരന്‍ നായര്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി രാജിവച്ചേക്കുമെന്ന അഭ്യൂഹം പരന്നിട്ടുണ്ട്.

No comments: