തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ്‌കേസിലെ പ്രതി സരിതാനായരുമായുള്ള മന്ത്രിമാരുടെയും മറ്റു യു.ഡി.എഫ് നേതാക്കളുടെയും ഫോണ്‍വിളികള്‍ പുറത്തുവന്നതില്‍ പ്രതിക്കൂട്ടിലാണെങ്കിലും തല്‍ക്കാലം തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ ആഭ്യന്തര മന്ത്രിസ്‌ഥാനത്തുനിന്നും മാറ്റേണ്ടതില്ലെന്ന് ധാരണ. എന്നാല്‍, നിയമസഭാ സമ്മേളനം കഴിയുന്നതോടെ പുനഃസംഘടന നടക്കാനും തിരുവഞ്ചൂരിന് വകുപ്പ് നഷ്‌ടമാകാനുമുളള സാധ്യത വര്‍ധിക്കുകയാണ്.
ഇന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ എടുത്ത് പിടിച്ച് നടപടിയുണ്ടായാല്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുമെന്ന ചിന്തയുടെ അടിസ്‌ഥാനത്തിലാണ് തീരുമാനം. എന്നാല്‍, ഇതോടെ നിയമസഭാ സമ്മേളനശേഷം മന്ത്രിസഭാ പുനഃസംഘടനയ്‌ക്കുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയും തിരുവഞ്ചൂരിന് സ്‌ഥാനം നഷ്‌ടപ്പെടുമെന്ന് ഏതാണ്ട് ഉറപ്പാകുകയും ചെയ്‌തിട്ടുണ്ട്.
ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ സോളാര്‍ തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ ചെന്നുപെട്ടിരിക്കുന്ന കുരുക്കില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നായിരുന്നു മൂവരും ചേര്‍ന്ന് ചര്‍ച്ചചെയ്‌തത്. ഇതിന്റെ അടിസ്‌ഥാനത്തില്‍ നിലവിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ മാറ്റിവച്ച് സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കാനും തീരുമാനമായി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍കോളുകള്‍ പുറത്തുവന്നതിലുള്ള അതൃപ്‌തി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ അറിയിച്ചു. ആഭ്യന്തരവകുപ്പിന് ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്നലെ ഫോണ്‍കോളുകള്‍ പുറത്തുവന്നതോടെ സര്‍ക്കാരും പാര്‍ട്ടിയും പൂര്‍ണമായും പ്രതിസന്ധിയിലായെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍, ഇപ്പോള്‍ ഇതിന്റെ പേരില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ സോളാര്‍ തട്ടിപ്പ് കേസിലെ അന്വേഷണത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്‌ക്കുന്നതാകുമെന്ന അന്തിമനിഗമനത്തിലാണ് എത്തിയത്.
പക്ഷേ, നേരത്തെ തീരുമാനിച്ചിരുന്നതനുസരിച്ച് നിയമസഭാ സമ്മേളനം കഴിയുമ്പോഴുള്ള മന്ത്രിസഭാ പുനഃസംഘടനയ്‌ക്ക് ഇതോടെ സാദ്ധ്യതയേറി. ഇതില്‍ തിരുവഞ്ചൂരിന് വകുപ്പ് നഷ്‌ടമാകുമെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. നേരത്തെതന്നെ രമേശ് ചെന്നിത്തലയ്‌ക്ക് ആഭ്യന്തരവകുപ്പ് നല്‍കി മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഇത് സംസ്‌ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പിസം ശക്‌തമാക്കുകയും പ്രതിസന്ധി സൃഷ്‌ടിക്കുകയും ചെയ്‌തതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് നിയമസഭാസമ്മേളനത്തിന് ശേഷം ചര്‍ച്ചയാകാമെന്ന് വ്യക്‌തമാക്കിയിരുന്നത്.
അന്ന് പരാതികള്‍ ഒന്നും ഇല്ലാതെ തിരുവഞ്ചൂരിനെ എങ്ങനെ മാറ്റുമെന്നതായിരുന്നു എ ഗ്രൂപ്പും മുഖ്യമന്ത്രിയും ഉയര്‍ത്തിയ സംശയം. മാത്രമല്ല അന്ന് മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്‌തനുമായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. എന്നാല്‍ സോളാര്‍ തട്ടിപ്പ് കേസ് വന്നതോടെ ആ നിലയില്‍ മാറ്റം വന്നു. എ ഗ്രൂപ്പില്‍ തന്നെ തിരുവഞ്ചൂര്‍ അനഭിമതനായി. മാത്രമല്ല ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്‌തന്‍ എന്ന നിലയ്‌ക്കും മാറ്റം വന്നു. ഒപ്പം ശാലുമേനോനുമായുള്ള ബന്ധം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണങ്ങള്‍ സംശയാസ്‌പദം കൂടിയായതോടെ തിരുവഞ്ചൂരിന്റെ നില പരുങ്ങലിലാകുകയായിരുന്നു. ഇന്നലെ മറ്റു മന്ത്രിമാരുടെയും നേതാക്കളുടെയും പേരുകള്‍ കൂടി പുറത്തുവന്നതോടെ തിരുവഞ്ചൂരിന്റെ പതനം ഏകദേശം പൂര്‍ത്തിയായ മട്ടാണ്. നിയമസഭാസമ്മേളനം കഴിഞ്ഞ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി സംസാരിച്ച് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാനാണ് ഇപ്പോഴുണ്ടായിട്ടുള്ള ധാരണ.
ചര്‍ച്ചയ്‌ക്ക് ശേഷം പുറത്തുവന്ന കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിനും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ആഭ്യന്തരവകുപ്പിന് എന്തെങ്കിലും വീഴ്‌ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷണം കഴിഞ്ഞിട്ടു പറയാമെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍വിളികള്‍ പുറത്തുവന്നതില്‍ കോണ്‍ഗ്രസുകാര്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. അഥവാ ഉണ്ടെങ്കില്‍ നേരിടും. ഫോണ്‍വിളികള്‍ പുറത്തുവന്നത് ഒരിക്കലും പാടില്ലാത്ത കാര്യമാണ്. ഇത്തരമൊരു സംഭവം ഉണ്ടായതെങ്ങനെയെന്ന് പാര്‍ട്ടിയും അന്വേഷിക്കും. പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയ സമരത്തെ അതേ നാണയത്തില്‍ തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
http://beta.mangalam.com/mangalam-special/72479#sthash.Uz0vKGIy.dpuf
No comments:
Post a Comment