Monday, July 8, 2013

മുഖ്യമന്ത്രിയാകാന്‍ മാണിക്ക് രഹസ്യ പിന്തുണ

കോട്ടയം: സോളാര്‍ പാനല്‍ തട്ടിപ്പുകേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്നു സൂചന.കഴിഞ്ഞ 30 വര്‍ഷക്കാലമായി മുഖ്യമന്ത്രി സ്ഥാനത്തിനു മോഹിച്ചിരുന്ന ധനമന്ത്രി കെ.എം.മാണി സി.പി.എം.പിന്തുണയോടെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നതിനു വ്യക്തമായ സൂചനകളാണ് കഴിഞ്ഞ രണ്ടു ദിവസമായി കോട്ടയത്ത് നടക്കുന്ന തിരക്കിട്ട ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിയുന്നത്.
സോളാര്‍ കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ മൊഴി കൊടുത്തതോടെ ഉമ്മന്‍ ചാണ്ടിയുടെ മുഖ്യമന്ത്രി സ്ഥാനം പരുങ്ങലിലാണ്.മുഖ്യമന്ത്രിയോട് ചര്‍ച്ചചെയ്തിട്ടാണ് താന്‍ ബിജു രാധാകൃഷ്ണന് പണം കൊടുത്തതെന്നു ശ്രീധരന്‍ നായര്‍ മജിസ്ട്രേട്ടിന് മുന്‍പാകെ മൊഴികൊടുത്തിരുന്നു.ഈ അവസ്ഥയില്‍ അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കില്ലെന്ന് സൂചനയുണ്ട്.മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടി ഒഴിയേണ്ടി വരുമ്പോള്‍ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിനു കെ.എം.മാണി ആവശ്യം ഉന്നയിച്ചാല്‍ പിന്താങ്ങാമെന്നു സി.പി.എം ഉറപ്പു നല്‍കിയതായി മുതിര്‍ന്ന കേരളാ കോണ്ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നുണ്ട്.ഇതിന്റെ തുടര്‍ച്ചയെന്നോണം കെ.എം മാണി എന്‍.എസ്.എസ്.ആസ്ഥാനത്തെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി.കെ.എം.മാണി മുഖ്യമന്ത്രി ആകുന്നതിനോട് വിരോധമില്ലെന്ന് എന്‍.എസ്.എസ് മാണിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ചാണ്ടിക്ക് ഒഴിയേണ്ടി വന്നാല്‍ അത് കോണ്ഗ്രസിനും യു.ഡി.എഫിനു മൊത്തത്തിലും തിരിച്ചടിയാകും. ഒരു തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിനോട് ഘടകകക്ഷികള്‍ക്ക് താല്‍പ്പര്യമില്ല.അങ്ങിനെയെങ്കില്‍ പുതിയ ഫോര്‍മുല കണ്ടെത്തേണ്ടി വരും.മുതിര്‍ന്ന നേതാക്കളെല്ലാം കേസില്‍ ഉള്‍പ്പെട്ടതു കൊണ്ട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്ഗ്രസിന് മുന്നോട്ടു വയ്ക്കാന്‍ ആളില്ല.ഈ അവസരം മുതലെടുക്കാനാണ് മാണിയുടെ ശ്രമം.ഘടക കക്ഷികള്‍ എല്ലാം അക്കാര്യത്തില്‍ കേരള കോണ്ഗ്രസിനെ പിന്തുണയ്ക്കുമെന്നും മാണി കണകുകൂട്ടുന്നു. അടുത്ത കടമ്പ മുസ്ലിം ലീഗാണ്.കെ.പി.സി.സി.പ്രസിഡണ്ട് രമേശ്‌ ചെന്നിത്തലയുടെ ലീഗ് വിരുദ്ധ പ്രസ്താവനയോടെ കോണ്ഗ്രസിനോടുള്ള മനോഭാവത്തില്‍ ലീഗിന് മാറ്റം വന്നിട്ടുണ്ട്.ഇതും തനിക്ക് അനുകൂലമാകുമെന്ന് കെ.എം.മാണി വിശ്വസിക്കുന്നു.
അഥവാ മുസ്‌ലിം ലീഗ് പിന്തുണച്ചില്ലെങ്കില്‍ സി.പി.എമ്മിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ രഹസ്യ ചര്‍ച്ച നടത്തിയതായി കേരളാ കോണ്ഗ്രസിന്റെ ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അങ്ങിനെയെങ്കില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനു കേരളം സാക്ഷിയാകേണ്ടി വരും. ഒരു പൊതുമിനിമം പരിപാടിയുടെ ഉറപ്പില്‍ സി.പി.എം.മാണിയെ പിന്തുണച്ചേക്കും. കേരള കോണ്ഗ്രസ് വൈസ് പ്രസിഡണ്ട് പി.സി.ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിരന്തരം പരസ്യമായി രംഗത്ത് വരുന്നതും ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി കെ.എം.മാണി ഒരു പ്രസ്താവന പോലും ഇറക്കാത്തതും ഒരു മാറ്റത്തിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

No comments: