സോളാര്‍ : രഹസ്യ പട്ടിക പുറത്ത്...........
തിരുവനന്തപുരം : സോളാര്‍ തട്ടിപ്പിന് ഇരയായവരുടെ രഹസ്യ പട്ടിക ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. സരിത തയാറാക്കി വിശ്വസ്തരെ ഏല്‍പ്പിച്ചിരുന്ന പട്ടികയില്‍ തട്ടിപ്പിനിരയായ നൂറോളം പേര്‍. പലര്‍ക്കും 110000 മുതല്‍ 490000 രൂപ വരെ നഷ്ടമായി. ഇരയായവരില്‍ ചിലരുമായി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍വച്ച് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ സരിത ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി.
സോളാര്‍ തട്ടിപ്പില്‍ എത്ര പേര്‍ ഇരയായിട്ടുണ്ട്? എത്രത്തോളം പണം നഷ്ടപ്പെട്ടിട്ടുണ്ട്? എത്രപേര്‍ തട്ടിപ്പ് ഒളിപ്പിച്ചു വച്ചിട്ടുണ്ട് തുടങ്ങി വിവാദത്തിന്റെ തുടക്കം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കു വെളിച്ചംവീശുന്നതുകൂടിയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട രേഖകള്‍.
തട്ടിപ്പിന്റെ വ്യാപ്തി തിട്ടപ്പെടുത്തിയതിലുമേറെ
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു പത്തു കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത് എന്നാണു മുഖ്യമന്ത്രി പറയുന്നത്. സോളാര്‍ വിഷയം സംബന്ധിച്ചു മുഖ്യമന്ത്രി ഇന്നു പത്ര മാധ്യമങ്ങളില്‍ എഴുതിയ ലേഖനത്തില്‍ ഇതു വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍, ഇതിലും ഏറെ വലുതാണു തട്ടിപ്പിന്റെ വ്യാപ്തിയെന്നതിനു വ്യക്തമായ തെളിവാണ് ഏഷ്യാനെറ്റ് ന്യൂസ് ഇന്നു പുറത്തുവിട്ടത്. 11 ലക്ഷം മുതല്‍ 49 ലക്ഷം രൂപ വരെ പണം വാങ്ങിയവരുടെ പേരുകളും മറ്റു വിവരങ്ങളും സരിത തയാറാക്കിയ രഹസ്യ പട്ടികയിലുണ്ട്. ഇവര്‍ പരാതിയുമായി പോകാതിരിക്കാനോ പരാതി പിന്‍വലിക്കാനോ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തുകയെന്ന ലക്ഷ്യത്തോടെ ഈ ലിസ്റ്റ് വിശ്വസ്തരെ ഏല്‍പ്പിച്ചുവെന്നാണു വ്യക്തമാകുന്നത്.
ലിസ്റ്റിലുള്ളവരെല്ലാം തട്ടിപ്പിന് ഇരയായവരാണെന്ന് ഇവരില്‍ ചിലരുമായി ഏഷ്യാനെറ്റ് ന്യൂസ് ടെലഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായി. സാവകാശം തന്നാല്‍ പണം തിരികെ നല്‍കാമെന്നു സരിത പറഞ്ഞതായും അല്ലെങ്കില്‍ കേസുമായി മുന്നോട്ടുപൊയ്ക്കോള്ളൂ എന്നു മുന്നറിയിപ്പു നല്‍കിയെന്നും തട്ടിപ്പിനിരയായവര്‍ പറയുന്നു. ചിലര്‍ പരാതിക്കു പോകാന്‍പോലും തയാറാകുന്നില്ല. മൂന്നര വര്‍ഷം മുന്‍പേ തുടങ്ങിയ തട്ടിപ്പാണെന്നും ഫോണ്‍ സംഭാഷണങ്ങളില്‍നിന്നു വ്യക്തം.
പരാതിക്കാരുമായി പൊലീസ് സ്റ്റേഷനില്‍വച്ചു സരിത ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി
അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം, പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ സരിത എസ്. നായര്‍ തട്ടിപ്പിനിരയായവരുമായി ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയെന്നും ടെലഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. പൊലീസിന്റെ കസ്റ്റഡിയിലിരിക്കുന്ന ഒരു വ്യക്തി കേസിലെ പരാതിക്കാരുമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍, പൊലീസ് സ്റ്റേഷനില്‍ വച്ചു നടത്തിയത് അത്യന്തം ഗൗരവതരമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ്, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വ്യക്തമായ പ്രതികരണത്തിനോ പൊലീസിന്റെ വീഴ്ചയില്‍ നടപടിയെടുക്കുമെന്നു പറയാനോ അദ്ദേഹം തയാറായില്ല. ഇക്കാര്യത്തില്‍ പരാതിയുള്ളവര്‍ക്ക് അന്വേഷണ സംഘത്തലവനു പരാതി നല്‍കാമെന്നും, അവര്‍ പരിശോധിച്ചോട്ടെ എന്നുമായിരുന്നു ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
ആകെ 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു : ആഭ്യന്തര മന്ത്രി
സോളാര്‍ തട്ടിപ്പു കേസില്‍ ഇതുവരെ 31 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് അന്വേഷണം കൃത്യമായി പോകുന്നതുകൊണ്ട് കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കേസുകളും കൃത്യമായി പരിശോധിക്കും. ഇനിയും പുറത്തു കുറേ കേസുണ്ടെന്നാണ് അനുമാനം. ആ കേസുകളും കൃത്യമായി പരിശോധിക്കും. അന്വേഷണ സംഘത്തെക്കുറിച്ചുള്ള വിശ്വാസംകാരണമാണു കൂടുതല്‍ കേസുകള്‍ വരുന്നത് - ആഭ്യന്തര മന്ത്രി പറഞ്ഞു.
No comments:
Post a Comment