Monday, July 8, 2013

ശ്രീധരന്‍ നായര്‍ കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി; ഏതന്വേഷണത്തിനും തയ്യാറെന്ന് തിരുവഞ്ചൂര്‍

mangalam malayalam online newspaper

തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ പരാതിക്കാരനായ ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടിരുന്നുവെന്ന് മുഖ്യമന്ത്രി. ക്വാറി അസോസിയേഷനുമായി ബന്ധപ്പെട്ട പരാതിയിലാണ് ശ്രീധരന്‍ നായര്‍ വന്നുകണ്ടത്. എന്നാല്‍ സോളാര്‍ വിഷയത്തിലോ മറ്റ് ഏതെങ്കിലും കാര്യത്തിനൊ അല്ല ശ്രീധരന്‍ നായര്‍ കണ്ടത്. ഒറ്റയ്ക്കല്ല, ഒരു ഗ്രൂപ്പിനൊപ്പമാണ് ശ്രീധരന്‍ നായര്‍ വന്നത്. ക്വാറി അസോസിയേഷന്റെ പ്രശ്‌നം അവര്‍ ഉന്നയിച്ചു. മന്ത്രി അടൂര്‍ പ്രകാശുമായി കൂടിയാലോചിച്ച് പ്രശ്‌നം പരിഹരിച്ചുനല്‍കിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ 2012 ജൂലൈയില്‍ ശ്രീധരന്‍ നായര്‍ വന്നുകണ്ടിരുന്നോ എന്ന് തോമസ് ഐസക് ചോദിച്ചു. എന്നാല്‍ കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ശ്രീധരന്‍ നായരുടെ പരാതിയില്‍ അഞ്ചു നിര്‍ണായക രേഖകളാണുള്ളത്. ആദ്യത്തേക്ക് കോടതിയില്‍ സമര്‍പ്പിച്ച അന്യായം. ഇതില്‍ മുഖ്യമന്ത്രിയെയും കണ്ടു എന്ന ഭാഗം രണ്ടാമതാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ കണ്ടുവെങ്കില്‍ അക്കാര്യമായിരുന്നു ആദ്യം എഴുതേണ്ടിയിരുന്നത്. മാത്രമല്ല, തിരുത്തലിനൊപ്പം പരാതിക്കാരന്റെ ഒപ്പോ പേരോ ചേര്‍ത്തിട്ടില്ല. പോലീസില്‍ നല്‍കിയ മൊഴിയാണ് ശ്രീധരന്‍ രണ്ടാമത്തെ രേഖ. പരാതി തിരുത്തിയിട്ടില്ലെന്ന പ്രസ്താവന പിന്നീട് വന്നു. അഭിഭാഷകന്റെ നിര്‍ദേശപ്രകാരമാണ് പരാതി തിരുത്തയതെന്ന ഗുമസ്തന്റെ പ്രസ്താവനയാണ് നാലാമത്തെ രേഖ. മജിസ്‌ട്രേറ്റിനു മുമ്പാകെ ശ്രീധരന്‍ നായര്‍ നല്‍കിയ മൊഴിയാണ് അവസാനത്തെ രേഖ. ഇതെല്ലാം ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ വിവാദത്തില്‍ ഏത് ഏജന്‍സിയെകൊണ്ട് അന്വേഷണം നടത്തുന്നതിന് സര്‍ക്കര്‍ തയ്യാറാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു തിരുവഞ്ചൂര്‍. തട്ടിപ്പിനിരയായ ശ്രീധരന്‍ നായര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.
എന്നാല്‍ അന്വേഷണം ഇപ്പോള്‍ നിഷ്പക്ഷമായാണ് പുരോഗമിക്കുന്നതെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. ശാലു മേനോന്റെ വീട്ടില്‍ രണ്ടു മിനിറ്റ് മാത്രമാണ് താന്‍ തങ്ങിയത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇക്കാാര്യം സ്ഥിരീകരിക്കാമെന്നും തിരുവഞ്ചുര്‍ പറഞ്ഞു. സോളാര്‍ കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിനും വീഴ്ച പറ്റിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ടീം സോളാര്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഈ സമയത്ത് കമ്പനിയുമായി പ്രവര്‍ത്തിച്ചവരുടെ ക്രിമിനല്‍ പശ്ചാത്തലം കണ്ടെത്താന്‍ കഴിയാതെ പോയത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാതെ കേസന്വേഷണം മുന്നോട്ടുപോകാനാവില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജിക്കുമോനെയും സലീം രാജിനെയും തോമസ് കുരുവിളയെയും എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നില്ലെന്നും പ്രതിപക്ഷം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

http://www.mangalam.com/latest-news/73260#sthash.GekSiV0H.dpuf

No comments: