Tuesday, July 9, 2013

ശ്രീധരന്‍നായരെ കണ്ടിരുന്നു: മുഖ്യമന്ത്രി

mangalam malayalam online newspaper
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരനായ ശ്രീധരന്‍നായര്‍ തന്നെ വന്നുകണ്ടിരുന്നെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ സമ്മതിച്ചു. ക്വാറി അസോസിയേഷന്‍ നിവേദകസംഘത്തിന്റെ ഭാഗമായാണു ശ്രീധരന്‍നായര്‍ രണ്ടു പ്രാവശ്യം തന്നെ കണ്ടെതെന്നാണു മുഖ്യമന്ത്രിയുടെ ന്യായീകരണം. അതല്ലാതെ മറ്റാവശ്യത്തിനോ അദ്ദേഹത്തെ ഒറ്റയ്‌ക്കോ കണ്ടിട്ടില്ല.
നിവേദനത്തിന്റെ അടിസ്‌ഥാനത്തില്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ചചെയ്‌ത്‌ തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്‌തു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനും സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ അതിന്റെ പേരില്‍ കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഇപ്പോഴത്തെ അന്വേഷണം കഴിഞ്ഞ്‌ പ്രതികളെല്ലാം അകത്തായശേഷം പരാതിയുണ്ടെങ്കില്‍ പരിശോധിക്കാം. ഇതുവരെ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളൊന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു പൗരനുള്ള അവകാശങ്ങളില്‍ കൂടുതലൊന്നും തനിക്കു വേണ്ട. തന്റെ ബന്ധുക്കള്‍ പണം തട്ടിയെന്ന കുരുവിളയുടെ പരാതി അന്വേഷിച്ചപ്പോഴാണ്‌ നിജസ്‌ഥിതി വ്യക്‌തമായത്‌. കുരുവിളയ്‌ക്ക്‌ ആരോപണം തെളിയിക്കാനായില്ലെന്നു മാത്രമല്ല, അദ്ദേഹം നടത്തിയ തട്ടിപ്പ്‌ ബോധ്യപ്പെടുകയും ചെയ്‌തു. അതിന്റെ അടിസ്‌ഥാനത്തിലാണ്‌ അദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തത്‌.
മുന്‍സര്‍ക്കാര്‍ സിവില്‍ കേസെന്ന്‌ എഴുതിത്തള്ളിയതാണ്‌ ഇപ്പോള്‍ അന്വേഷിക്കുന്നത്‌. ബിജു രാധാകൃഷ്‌ണന്റെ കൊല്ലപ്പെട്ട ഭാര്യയുടെ ആന്തരാവയവങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട്‌ ലഭിക്കാന്‍ െവെകിയെന്നാണു കോടിയേരി പറഞ്ഞത്‌. എന്നാല്‍ അതു നേരത്തേ കിട്ടിയതാണെന്ന്‌ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ നുണപരിശോധനവരെ നടത്തി. നിങ്ങള്‍ അധികാരത്തിലേറി രണ്ടുവര്‍ഷമായിട്ടും എന്തുകൊണ്ട്‌ നടപടിയെടുത്തില്ലെന്നായി കോടിയേരി. ഇക്കാര്യത്തില്‍ പരസ്‌പരം ആരോപണം ഉന്നയിക്കുന്നതിനു പകരം തട്ടിപ്പു കണ്ടെത്താനാണ്‌ ശ്രമിക്കേണ്ടതെന്ന്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു.
- See more at: http://www.mangalam.com/print-edition/keralam/73358#sthash.BYvFa496.dpuf

No comments: