സരിത വന്നോ എന്നറിയില്ല: മുഖ്യമന്ത്രി
പ്രത്യേക ലേഖകന്‍
Posted on: 11-Jul-2013 09:39 AM
തിരു: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത ഓഫീസില്‍ വന്നത് നിഷേധിക്കാനാകാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. ഓഫീസില്‍ പല ആവശ്യങ്ങള്‍ക്കായി വന്നവരുടെ കൂട്ടത്തില്‍ ഏതെങ്കിലും നിവേദനം തരാന്‍ വന്നോ എന്ന് അറിയില്ല. സരിത വന്നു എന്നത് നിഷേധിക്കാന്‍ ഒക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് സരിത വന്നുകാണുമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത്.
തന്റെ ഓഫീസ് വരാന്തയില്‍ ആരൊക്കെ നിന്നു എന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരമാവധി 14 ദിവസം മാത്രമേ സൂക്ഷിക്കാനാകൂ. ഓഫീസിലും ചേംബറിലും വെബ്സൈറ്റിലൂടെ തല്‍സമയസംപ്രേഷണമാണുള്ളത്. ഇത് സിസിടിവി അല്ല. സിസിടിവി ഓഫീസ് ഇടനാഴിയിലേ ഉളളൂ. സെക്രട്ടറിയറ്റില്‍ 24 സിസിടിവി ക്യാമറയുണ്ട്. വന്‍സാമ്പത്തികബാധ്യത ഉള്ളതുകൊണ്ടാണ് ഓഫീസിലെ തല്‍സമയസംപ്രേഷണം റിക്കോഡ് ചെയ്ത് സൂക്ഷിക്കാത്തത്.
സോളാര്‍ പദ്ധതി നടപ്പാക്കുന്നതിന് സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി വെളിപ്പെടുത്തിയ ശ്രീധരന്‍നായര്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് രാഷ്ട്രീയഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. തന്നെ കാണുന്നതിന് മുമ്പേ എംഒയു ഒപ്പിട്ട് 40 ലക്ഷത്തിന്റെ ചെക്ക് കൈമാറിയതായി ശ്രീധരന്‍നായര്‍ സരിതയ്ക്കയച്ച വക്കീല്‍നോട്ടീസ് ഉദ്ധരിച്ച് മുഖ്യമന്ത്രി വാദിച്ചു. മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പുതന്നെ എംഒയു ഒപ്പിട്ടകാര്യം ശ്രീധരന്‍നായര്‍ വ്യക്തമാക്കിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ശ്രീധരന്‍നായര്‍ പറയുന്നത് തെറ്റാണെങ്കില്‍ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായില്ല. അദ്ദേഹം വ്യാജപരാതി നല്‍കിയെങ്കില്‍ കേസെടുക്കാത്തതെന്തെന്ന ചോദ്യത്തോടും പ്രതികരിച്ചില്ല.
ശ്രീധരന്‍നായരുടെ പരാതിയില്‍ കൂട്ടിച്ചേര്‍ക്കലുണ്ടെന്ന് വാദിച്ച മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കല്‍ ഇല്ലെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചപ്പോഴും ഒഴിഞ്ഞുമാറി. ഏതുവിധേനയും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹമില്ല. എന്നാല്‍, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയഗൂഢാലോചനയ്ക്ക് കീഴടങ്ങില്ല. അങ്ങനെ രാജിവച്ചാല്‍ അത് സത്യത്തോട് കാട്ടുന്ന ഏറ്റവും വലിയ അനീതിയാകും. എത്ര അപമാനം സഹിക്കേണ്ടിവന്നാലും മുന്നോട്ടുപോകും. തന്റെ കുടുംബത്തെ അപമാനിക്കുന്നതിനെതിരെ നിയമനടപടിയെടുക്കും- മുഖ്യമന്ത്രി പറഞ്ഞു.
http://www.deshabhimani.com/newscontent.php?id=323592#sthash.c9TF7f1w.dpuf
No comments:
Post a Comment