Tuesday, July 23, 2013

സോളാര്‍ തട്ടിപ്പ്; ആശ്രയട്രസ്റ്റ് കൂടുതല്‍ വിവാദത്തില്‍

cms
പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ ജയിലില്‍ നിന്നും ശാലുമേനോനയച്ച കത്തിലെ പരാമര്‍ശത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ആശ്രയ ട്രസ്റ്റ് കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങുന്നു. ട്രസ്റ്റിന്റെ വരവുചിലവുകള്‍ പുറത്തുവിടാമെന്ന് ആഴ്ചകളായി ആവര്‍ത്തിക്കുന്ന ഭാരവാഹികള്‍ ഇതിനുള്ള ഒരു നീക്കവും നടത്തുന്നുമില്ല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന ആശ്രയ ട്രസ്റ്റിന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് ബിജു രാധാകൃഷ്ണന്‍ ജയിലില്‍ നിന്നും ശാലുമേനോനയച്ച കത്തിനുള്ളിലെ പരാമര്‍ശങ്ങള്‍.
ആരോപണങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കളയുമ്പോഴും ട്രസ്റ്റിലെ വരവുചെലവു കണക്കുകള്‍ പരസ്യമാക്കാന്‍ ഇനിയും ഭാരവാഹികള്‍ തയ്യാറായിട്ടില്ല.
അതേ സമയം ചാരിറ്റബിള്‍ ട്രസ്റ്റ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാതെ പബ്ലിക് ട്രസ്റ്റ് ആക്ടിന് കീഴില്‍ ആശ്രയ രജിസ്റ്റര്‍ ചെയ്തതിന് പിന്നിലെ ലക്ഷ്യം പണം തട്ടിപ്പാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ വരവുചെലവുകള്‍ കൃത്യമായി സമര്‍പ്പിക്കേണ്ടി വരുമെന്നും ഇതൊഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് ആരോപണം.
ആശ്രയ ട്രസ്റ്റ് ചെയര്‍മാന്‍ പങ്കജാക്ഷനെ സോളാര്‍ തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രക്ഷോഭങ്ങള്‍ക്കും തുടക്കമിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ചുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷയുവജന സംഘടനകളുടെ തീരുമാനം.

No comments: