Thursday, July 11, 2013

പൊട്ടിത്തെറി: മുഖ്യമന്ത്രിക്കെതിരേ കെ.പി.സി.സി. :തിരുവഞ്ചൂരിനെതിരേ മുല്ലപ്പള്ളി

പൊട്ടിത്തെറി: മുഖ്യമന്ത്രിക്കെതിരേ കെ.പി.സി.സി. :തിരുവഞ്ചൂരിനെതിരേ മുല്ലപ്പള്ളി

mangalam malayalam online newspaper
തിരുവനന്തപുരം : സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയേയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനേയും പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ്‌ അധ്യക്ഷയ്‌ക്കു കെ.പി.സി.സി. സംഘടനാ റിപ്പോര്‍ട്ട്‌ അയച്ചു. സോളാര്‍ കേസിലുണ്ടാക്കിയ നാണക്കേട്‌ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പ്രതിഛായ തകര്‍ത്തെന്നും കാര്യങ്ങള്‍ തുറന്നുപറയാതെ ഉമ്മന്‍ ചാണ്ടി വിഷയം വഷളാക്കിയെന്നും റിപ്പോര്‍ട്ട്‌ ആരോപിക്കുന്നു. നേതൃത്വത്തിന്‌ അയയ്‌ക്കുന്ന പ്രതിമാസ റിപ്പോര്‍ട്ടിലാണ്‌ ഉമ്മന്‍ ചാണ്ടിക്കെതിരേ രൂക്ഷവിമര്‍ശനം. ഇപ്പോഴത്തെ സാഹചര്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചാല്‍ സംസ്‌ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തരുതെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്‌.
സോളാര്‍ കേസിന്റെ പേരില്‍ ഘടകകക്ഷികളുമായിപ്പോലും പ്രശ്‌നങ്ങളുണ്ടായി. സ്വന്തം കുടുംബത്തിനെതിരേ ആരോപണമുയര്‍ന്നിട്ടും ഉമ്മന്‍ ചാണ്ടിക്കു പ്രതിരോധിക്കാനായില്ല. ഡല്‍ഹിയിലെ തോമസ്‌ കുരുവിളയേയും മുഖ്യമന്ത്രിയേയും ബന്ധപ്പെടുത്തി ആരോപണമുയര്‍ന്നതു െഹെക്കമാന്‍ഡിനുപോലും നാണക്കേടുണ്ടാക്കി. പാര്‍ട്ടിയുമായി ആലോചിക്കാതെയാണു കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്‌. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തന്നിഷ്‌ടപ്രകാരം നീങ്ങുന്നു. നടി ശാലു മേനോനുമായുള്ള ബന്ധം തക്കസമയത്തു തുറന്നുപറയാന്‍ തിരുവഞ്ചൂര്‍ തയാറായില്ല. ഒളിച്ചുകളിക്കൊടുവില്‍ ശാലുവുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ നില്‍ക്കക്കള്ളിയില്ലാതായി. തക്കസമയത്ത്‌ അവര്‍ക്കെതിരേ നടപടിയെടുത്തില്ല. കോടതി നിര്‍ദേശപ്രകാരമാണു കേസെടുത്തത്‌.
സന്തതസഹചാരിയായിരുന്ന ജോപ്പന്റെ അറസ്‌റ്റ്‌ ഉമ്മന്‍ ചാണ്ടിയെ അറിയിക്കാതെ നടത്തിയതു പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി. പാര്‍ട്ടിക്കാരുടെ ന്യായമായ ആവശ്യങ്ങള്‍പോലും നടത്തിക്കൊടുക്കുന്നില്ലെന്ന പരാതി ആഭ്യന്തരവകുപ്പിനെക്കുറിച്ചു മുമ്പേയുണ്ട്‌. ഈ നിലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ല. അതിനുമുമ്പ്‌ െഹെക്കമാന്‍ഡ്‌ വ്യക്‌തമായ മാര്‍ഗനിര്‍ദേശം നല്‍കണം. അടുത്തിടെ നടന്ന തദ്ദേശതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാമായിരുന്ന സീറ്റുകളില്‍പോലും പാര്‍ട്ടി തോറ്റു. സര്‍ക്കാരിന്റെ പ്രതിഛായ മോശമായതിന്റെ പ്രതിഫലനമാണിത്‌- ഇങ്ങനെപോകുന്നു എട്ടുപേജുള്ള റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
അതേസമയം, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു പുതിയ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടു സ്വീകരിക്കാന്‍ ഐ ഗ്രൂപ്പ്‌ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്‌ച മുഖ്യമന്ത്രിക്കൊപ്പം നിശ്‌ചയിച്ചിരുന്ന ഡല്‍ഹിയാത്ര കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല റദ്ദാക്കി. നേതൃമാറ്റമാണ്‌ ഐ ഗ്രൂപ്പിന്റെ അന്തിമലക്ഷ്യമെങ്കിലും പരസ്യമായി അതിനുവേണ്ടി രംഗത്തുവരില്ല. അണിയറനീക്കങ്ങളുടെ ഭാഗമായി കാര്യങ്ങള്‍ അപ്പപ്പോള്‍ െഹെക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തും. അതിനു മുന്നോടിയായാണ്‌ ഹരിത എം.എല്‍.എമാരുടെ ഡല്‍ഹിയാത്ര. ഐ ഗ്രൂപ്പിന്റെ പരാതിയും ഉടന്‍ ഡല്‍ഹിക്കയയ്‌ക്കും. സന്ദിഗ്‌ധഘട്ടത്തില്‍ പിന്നില്‍നിന്നു കുത്താനാണു നീക്കമെങ്കില്‍ അതേ നാണയത്തില്‍ നേരിടാനാണ്‌ എ ഗ്രൂപ്പിന്റെയും തീരുമാനം. വിഷയം ഇത്രയും വഷളാക്കിയത്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണെന്നാണ്‌ ഗ്രൂപ്പിനുള്ളിലെ വികാരം.
സ്‌ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട്‌ നല്‍കാന്‍ തിരുവനന്തപുരത്തു തിങ്കളാഴ്‌ചയെത്തുന്ന കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസിനോട്‌ സോണിയ ആവശ്യപ്പെട്ടതായി അറിയുന്നു. കെ.പി.സി.സിയുടെയും സര്‍ക്കാരിന്റെയും വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ്‌ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന്‌ ഓസ്‌കര്‍ ഫെര്‍ണാണ്ടസ്‌ എത്തുന്നത്‌. കേരളത്തിന്റെ സംഘടനാചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനോട്‌ സോണിയ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടതിനുപുറമേയാണ്‌ ഫെര്‍ണാണ്ടസിന്റെ ദൗത്യം. നിയമസഭാസമ്മേളനം അവസാനിച്ച സാഹചര്യത്തില്‍, മന്ത്രിസഭാ പുനഃസംഘടനയുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്കായി മുകുള്‍ വാസ്‌നിക്ക്‌ അടുത്തയാഴ്‌ച കേരളത്തിലെത്തും.
കോഴിക്കോട്‌: ടി.പി. വധക്കേസുമായി ബന്ധപ്പെട്ട്‌ തന്റെ പേര്‌ നിയമസഭയില്‍ പരാമര്‍ശിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ രൂക്ഷവിമര്‍ശനം. തിരുവഞ്ചൂരിന്റെ പ്രസ്‌താവന അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും ഇതിനെതിരേ ലോക്‌സഭാ സ്‌പീക്കര്‍ക്കും നിയമസഭാ സ്‌പീക്കര്‍ക്കും പരാതി നല്‍കുമെന്നും ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ചെയ്‌ത പ്രതികരണത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.
'ടി.പി. വധത്തില്‍ ഇന്നയിന്ന ആള്‍ക്കാരാണു പ്രതികളെന്നു മുല്ലപ്പള്ളി പറഞ്ഞിരുന്നു, എന്നാല്‍ തങ്ങള്‍ അത്‌ മുഖവിലയ്‌ക്ക്‌ എടുത്തോ'യെന്ന്‌ ഒമ്പതാം തിയതി നിയമസഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ തിരുവഞ്ചൂര്‍ പ്രതിപക്ഷത്തോടു ചോദിച്ചിരുന്നു. ഇതാണ്‌ മുല്ലപ്പള്ളിയെ പ്രകോപിപ്പിച്ചത്‌.
'മന്ത്രിയുടെ പ്രസ്‌താവന അങ്ങേയറ്റം മണ്ടത്തരമാണെന്നാണ്‌ എനിക്കു പറയാനുള്ളത്‌. പറഞ്ഞതു തെളിയിക്കാനുള്ള ബാധ്യത അദ്ദേഹം ഏറ്റെടുക്കണം. സഭയില്‍ ഇല്ലാത്ത ഒരാളെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. ഇത്‌ പാര്‍ലമെന്ററി ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമാണ്‌. പ്രസ്‌താവന പൂര്‍ണമായി പഠിച്ചശേഷം ഇക്കാര്യം നിയമസഭാ സ്‌പീക്കറുടെയും ലോക്‌സഭാ സ്‌പീക്കറുടെയും ശ്രദ്ധയില്‍പെടുത്തും.അന്വേഷണത്തിലിരിക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട്‌ ആരുടെയെങ്കിലും പേരു പറയാന്‍ ഞാന്‍ വിഡ്‌ഢിയല്ല. ഇതിലെ നിയമപരവും ധാര്‍മികവുമായ അനൗചിത്യത്തെപ്പറ്റി എനിക്കറിയാം. കേസുമായി ബന്ധപ്പെട്ട്‌ മന്ത്രിയോടോ മറ്റുള്ളവരോടോ ഞാന്‍ ആരുടെയും പേരും പറഞ്ഞിട്ടില്ല; അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടുമില്ല.
സത്യവിരുദ്ധവും അങ്ങേയറ്റം നിരുത്തരവാദപരമായ പ്രസ്‌താവന പിന്‍വലിക്കാനും ജനങ്ങളോട്‌ വിശദീകരിക്കാനും മന്ത്രി തയാറാകണം'. ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ചെയ്‌ത പ്രതികരണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ആര്‍. സുരേഷ്‌

http://www.mangalam.com/print-edition/keralam/74006#sthash.SsNWi406.dpuf

No comments: