Monday, July 8, 2013

സോളാര്‍: മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ കടുത്ത ആരോപണങ്ങള്‍

സോളാര്‍: മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ കടുത്ത ആരോപണങ്ങള്‍



തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സോളാര്‍ തട്ടിപ്പ് കേസില്‍ നേരിട്ട് ബന്ധമുള്ളതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സോളാര്‍ കേസില്‍ പരാതി നല്‍കിയ ശ്രീധരന്‍ നായരുമായി മുഖ്യമന്ത്രിയുടെ ബന്ധുമധ്യസ്ഥ ചര്‍ച്ച നടത്തി. പണം നഷ്ടപ്പെടില്ലെന്ന ഉറപ്പിനെത്തുടര്‍ന്നാണ് ശ്രീധരന്‍ നായര്‍ സോളാര്‍ കമ്പനിക്കു പണം നല്‍കിയത്.
എന്നാല്‍ തനിക്ക് ലഭിച്ച ഉറപ്പുകള്‍ ലംഘിക്കപ്പെടുകയാണെന്ന് മനസിലായതോടെയാണ് ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. സോളാര്‍ പാനലുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ നിര്‍മാണവും സാങ്കേതിക ഉപദേശങ്ങളും നല്‍കുന്ന ബാംഗളൂരിലെ സ്റാര്‍ ഫ്ളേക് എന്ന കമ്പനിയുമായി ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
സ്റാര്‍ ഫ്ളേക്കിന്റെ ഇന്ത്യയിലെ നടത്തിപ്പുകാരന്‍ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനാണെന്നതിന്റെ തെളിവ് തന്റെ പക്കലുണ്ട്. ഉത്തര്‍പ്രദേശിലും തമിഴ്നാടിലും കമ്പനി വ്യാപകമായി സോളാര്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുവാണ് കമ്പനിയുടെ ചുമതല വഹിക്കുന്നത്. സ്റാര്‍ ഫ്ളേക്കിന്റെ ഇന്ത്യയിലെ ആസ്ഥാനം കോട്ടയമാണ്. സ്റാര്‍ ഫ്ളേക്കിനെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ശ്രീധരന്‍ നായരുമായി മുഖ്യമന്ത്രി നടത്തിയ സംഭാഷണത്തിന്‍റെ ദിവസവും മറ്റും മുഖ്യമന്ത്രി വെളിപ്പെടുത്തണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം എന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അതെ സമയം ചാണ്ടി ഉമ്മന്‍റെ പേര് പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ആരോപണം ഉന്നയിച്ചിരുന്നു.

No comments: