Monday, July 22, 2013

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം: പിണറായി

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം: പിണറായി

mangalam malayalam online newspaper


തിരുവനന്തപുരം: എല്ലാ ദുര്‍വൃത്തികളുടെ കൂടാരമായി കോണ്‍ഗ്രസും സര്‍ക്കാരും മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍ക്കാരിനെ അട്ടിമറിക്കാനല്ല, മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സമരം നടത്തുന്നത്. സരിതയ്ക്കും ബിജു രാധാകൃഷ്ണനുമെതിരെ ആരെല്ലാം പരാതി പറഞ്ഞിട്ടുണ്ടോ അവരെ അപകീര്‍ത്തിപ്പെടുത്താനും അവര്‍ക്കെതിരെ കേസുകള്‍ ഉണ്ടാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം നിഷ്പക്ഷമാണെങ്കിലും അന്വേഷണം മുന്നോട്ടുപോകുന്നില്ല. എല്‍ഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി.
ജോപ്പനെതിരേ ശ്രീധരന്‍ നായര്‍ പരാതിയില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജോപ്പന്‍ കുറ്റവാളിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. സ്വാഭാവികമായും മുഖ്യമന്ത്രിയിലേക്കും ഈ അന്വേഷണം നീളേണ്ടതാണ്. എന്നാല്‍ അതുണ്ടാകുന്നില്ലെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവുകളുടെ മലവെള്ളപ്പാച്ചിലാണ്. എന്നിട്ടും അന്വേഷണം നടക്കുന്നില്ല. അന്വേഷണം നടന്നാല്‍ ഒരുപാടു കാര്യങ്ങള്‍ പുറത്തുവരുമെന്ന പേടിയാണ് ഉമ്മന്‍ചാണ്ടിക്കെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസില്‍ സരിതയെപ്പോലെ തന്നെ മുഖ്യമന്ത്രിയും കുറ്റവാളിയാണെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടു എല്‍ഡിഎഫിന്റെ രണ്ടാംഘട്ട സമരം സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന 24 മണിക്കൂര്‍ നീളുന്ന രാപ്പകല്‍ സമരത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, എല്‍ഡിഎഫ് കക്ഷിനേതാക്കള്‍. എം.പിമാര്‍, എം.എല്‍എമാര്‍, തദ്ദേശഭരണ പ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
്ചാണ്ടി ഉമ്മനും സരിതയൂം സോളാര്‍ തട്ടിപ്പില്‍ പങ്കാളിയാണെന്നാണെന്നാണ് ജയിലില്‍ ഒരു സഹതടവുകാരനോട് ബിജു രാധാകൃഷ്ണന്‍ പറഞ്ഞതെന്ന് വി.എസ് പരാമര്‍ശിച്ചു. ഭരണത്തിലുള്ളവര്‍ സരിതയുടെ കമ്പനിയില്‍ നിന്നും പങ്കു പറ്റിക്കഴിയുന്നവരാണ്. എറണാകുളം ഗസ്റ്റ് ഹൗസില്‍ ബിജുവിന് ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കാന്‍ ഒരു മണിക്കൂര്‍ സമയം അനുവദിച്ചതിലെ ദുരൂഹത പുറത്തുകൊണ്ടുവരണം. മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനു പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ്. സോളാര്‍ കമ്പനിയില്‍ നിന്ന് പണം തട്ടിയത് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളുമാണ്. ഈ തട്ടിപ്പ് കമ്പനിക്ക് എല്ലാ സഹായവും നല്‍കുന്നതും അവരാണ്. ഉമ്മന്‍ ചാണ്ടിയും കൂട്ടരും വഞ്ചനാപരമായ നടപടിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും വി.എസ് പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി പല കാര്യങ്ങളും മറക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു. ഭയന്നു നില്‍ക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്തരമൊരു വെട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും പന്ന്യന്‍ പറഞ്ഞു.

http://www.mangalam.com/latest-news/77372#sthash.2AMW5vtd.dpuf

No comments: