തനിക്ക് ഒരു സീറ്റ് കിട്ടിയില്ലെന്നാണ് ജോസഫ് ജോർജ് എന്ന ആറു വയസ്സുകാരന്റെ പരാതി. ചേച്ചിക്കും കിട്ടിയിട്ടില്ല സീറ്റ്. സീറ്റ് കിട്ടിയാൽ ആളുകളെ കണ്ട് വോട്ട് ചോദിക്കണം; പ്രസംഗിക്കണം. അതൊക്കെ ജോസഫിന് അറിയാം. പക്ഷേ, സീറ്റ് കിട്ടിയില്ലല്ലോ..? അതാണ് അവന്റെ ‘പരിഭവം’. ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ മകനാണ് ജോസഫ് ജോർജ്. അവന്റെ ചേച്ചി അന്ന ജോർജിനു പക്ഷേ, സീറ്റ് കിട്ടാത്തതിൽ പരിഭവമില്ല. അമ്മയുടെ തിരക്കുകൾ കണ്ടു മനസിലാക്കാൻ പക്വത നേടിയിരിക്കുന്നു ഈ ആറാം ക്ലാസുകാരി. | |
രാവിലെ അഞ്ചിനുണരുന്ന വീണാ ജോർജ് കുളി കഴിഞ്ഞൊരുങ്ങിയാൽ നേരെ പ്രചാരണരംഗത്തേക്കിറങ്ങുകയായി. പ്രഭാത ഭക്ഷണം പോലും പ്രവർത്തകരുടെ വീട്ടിൽ നിന്നാണ്. ഉച്ചയ്ക്ക് ഓട്ടത്തിനിടെ പ്രവർത്തകരുടെ വീട്ടിൽ നിന്നു തന്നെ ഉച്ചഭക്ഷണവും. വിവാഹ വേദികളിൽ എത്തുമെങ്കിലും എല്ലാവരെയും കണ്ടു വോട്ട് ചോദിക്കുന്നതിനിടെ അവിടെ നിന്ന് കഴിക്കാൻ മറക്കുകയാണ് പതിവ്. രാത്രി 11 മണിയോടെയാണ് തിരികെയെത്തുക. ഭർത്താവ് ജോർജ് ജോസഫും കുട്ടികൾക്കുമൊപ്പമാണ് മിക്കവാറും അത്താഴം. എത്ര വൈകിയാലും കുട്ടികളോടൊപ്പം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. | |
അമ്മയുടെ തിരക്കുകൾ കുട്ടികൾക്ക് പുതുമയൊന്നുമല്ല. മാധ്യമ പ്രവർത്തകയായിരുന്ന വീണയ്ക്ക് ഈ തിരക്കുകൾ പുതുമയല്ല എന്നതു പോലെ തന്നെ. വാർത്ത വായിക്കുന്ന സ്റ്റുഡിയോയിൽ ഒന്നു തുമ്മുക പോലും ചെയ്യാതെ കിടന്നുറങ്ങിയിട്ടുണ്ട് മകൾ അന്നയെന്ന് വീണ പറയുന്നു. അങ്ങനെ ഏതു സാഹചര്യത്തോടും പൊരുത്തപ്പെടാൻ അന്ന ഇന്നും റെഡി. മലയാളം പഠിച്ചു തുടങ്ങുക മാത്രം ചെയ്തിട്ടുള്ള ജോസഫ് ആറന്മുള എന്ന വാക്കാണ് ആദ്യം പഠിച്ചിരിക്കുന്നത്. അമ്മയ്ക്കു വേണ്ടി അച്ചടിച്ച നോട്ടിസുകളിൽ നിന്ന് ചേച്ചിയുടെ സഹായത്തോടെ പഠിച്ചതാണ് ഇത്. | |
ചാനലിൽ നിറഞ്ഞു നിന്നിരുന്ന വീണയ്ക്ക് ഇപ്പോൾ ചാനൽ കാണാൻ സമയം കിട്ടുന്നില്ല. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞ ശേഷം ചാനലുകളേതെങ്കിലും കണ്ടതായി ഓർക്കുന്നില്ല. പത്രപാരായണമാണ് വാർത്ത അറിയാനുള്ള വഴി. അതിനും യാത്രയിലൊക്കയാണ് സമയം കണ്ടെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. രാത്രി വൈകിയെത്തിയാലും ഫെയ്സ് ബുക്കിൽ ഒന്നു കണ്ണോടിക്കും. വാട്സാപ്പിൽ തനിക്കെതിരെ വരുന്ന സന്ദേശങ്ങളെക്കുറിച്ചൊക്കെ പഴയ സഹപ്രവർത്തകരും പാർട്ടി പ്രവർത്തകരുമാണ് സൂചന തരുന്നത്. അവയ്ക്കുള്ള മറുപടി അപ്പോൾത്തന്നെ സമൂഹമാധ്യമത്തിൽ നിറയുന്നത് അങ്ങനെയാണ്. | |
തിരഞ്ഞെടുപ്പു കാലത്ത് തന്റെ പേരിലുള്ള പേജ് ഓപ്പറേറ്റ് ചെയ്യാനും മറ്റുമായി ചില സഹപ്രവർത്തകർ തന്നെ ഇങ്ങോട്ടു സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. വോട്ടർമാരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് വീണയുടെ പക്ഷം. ഒരു പൂജ്യത്തിൽ നിന്ന് വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞു– ഇതുവരെയുള്ള പ്രചാരണത്തെക്കുറിച്ചു വീണയ്ക്കു പറയാനുള്ളത് അതാണ്. Source |
Monday, April 18, 2016
മാധ്യമപ്രവർത്തനത്തിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്; വീണയുടെ തിരക്ക് മക്കൾക്ക് പരിചിതം
Subscribe to:
Post Comments (Atom)
No comments:
Post a Comment