Friday, April 1, 2016

ശോഭന ജോര്ജ് ചെങ്ങന്നൂരിൽ സ്ഥാനാര്ത്ഥി



സ്‌നേഹാദരങ്ങളോടെ.......
**********************************
പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരെ,
ഈ വരുന്ന മെയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും നിങ്ങളുടെ പ്രതിനിധിയായി ജനവിധി തേടുന്നതിന് ഞാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം സ്‌നേഹത്തോടെ അറിയിക്കട്ടെ.
ചെങ്ങന്നൂരിന്റെ വികസനത്തില്‍ സമഗ്രമായ മുന്നേറ്റം ഉണ്ടാകണമെന്ന നമ്മുടെ ആവശ്യം കോണ്‍ഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കള്‍ അംഗീകരിച്ചതു കൊണ്ടാണ് 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറായിരുന്ന ഞാന്‍ അന്നത്തെ മല്‍സരത്തില്‍ നിന്നും പിന്‍മാറിയത്.
എന്നാല്‍ നാളിതു വരെ സമീപ പ്രദേശങ്ങളില്‍ ഉണ്ടായ വികസനം പോലും നമ്മുടെ പ്രദേശത്ത് ഉണ്ടായില്ല എന്നു മാത്രമല്ല വികസനത്തിന് ആവശ്യമായ യാതൊരു ശ്രമവും നടത്താതെ ചെങ്ങന്നൂരിനെ പിന്നോട്ടടിക്കുന്ന സമീപനമാണ് പലരും സ്വീകരിച്ചത്.
ഞാന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ പണി പൂര്‍ത്തിയായ ഘട്ടത്തില്‍ എത്തിയ പാണ്ടനാട് മിത്രമഠം പാലം 10 വര്‍ഷത്തിനു ശേഷം ഇപ്പോഴും അതേ നിലയില്‍ ഒന്നും ചെയ്യാതെ നിര്‍ത്തിയിരിക്കുന്നു എന്നത് ഒരു ഉദാഹരണം മാത്രമാണ്. ഇതേ കാലത്ത് തുടങ്ങിയ പല പദ്ധതികളും നിര്‍ത്തലാക്കുകയോ ഭാഗികമായി വെട്ടച്ചുരുക്കുകയോ ചെയ്തത് ചെങ്ങന്നൂരിന്റെ വികസനത്തിന് തടസ്സമായി മാറി.
14 വര്‍ഷക്കാലം ചെങ്ങന്നൂരില്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ജനങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് എന്റെ ശക്തി. കഴിഞ്ഞകാല വികസന പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ എനിക്ക് കൂടുതല്‍ കരുത്തും ശക്തിയുമാണ് ലഭിച്ചത്. മൂന്നു തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി എന്നെ വിജയിപ്പിക്കുകയും എനിക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്ത പ്രിയപ്പെട്ടവര്‍ ഇന്നും താങ്ങും തണലുമായി നില്‍ക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.
മുന്നണി രാഷ്ട്രീയത്തിന്റെ പിന്‍ബലമില്ലാതെ സാധാരണക്കാരായ ഏവരുടേയും നിര്‍ലോഭമായ സഹകരണവും പിന്തുണയുമാണ് ഇക്കുറി എന്നെ മല്‍സരത്തിനായി സജ്ജമാക്കിയത്. ജാതി രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം നാടിന്റെ സമഗ്ര വികസനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും കൂട്ടായ്മയാണ് ഇക്കുറി ചെങ്ങന്നൂരിന്റെ മണ്ണില്‍ രൂപപ്പെടേണ്ടത്.
ലോകത്തിലെ ഏറ്റവും വിലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മ്മിച്ച് ചെങ്ങന്നൂരിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ്് നേടിയെടുക്കാന്‍ സഹായിച്ചത് സാധാരണക്കാരായ ജനങ്ങളുടെ കൂട്ടായ്മയാണ്. ഈ കൂട്ടായ്മയാണ് എന്റെ ശക്തി. എല്ലാവര്‍ക്കും ഭക്ഷണം,പാര്‍പ്പിടം,ആരോഗ്യം എന്നതാണ് എന്റെ ലക്ഷ്യം. ആരോഗ്യമുള്ള പട്ടിണി വിമുക്ത താലൂക്ക് എന്നതാണ് എന്റെ സ്വപ്നം.
ഈ ജനമുന്നേറ്റം പുതിയൊരു വികസന കാഴ്ചപ്പാടിന്റെ ദിശാബോധത്തിലേക്ക് മാറിയിരിക്കുന്നു. ഇനിയും നമ്മള്‍ക്ക് കാത്തിരിക്കാന്‍ കഴിയില്ല. നമ്മുടെ സമീപ പ്രദേശങ്ങള്‍ എല്ലാം വികസന കുതിപ്പിലേക്ക് മാറിക്കഴിഞ്ഞു. നമ്മുടെ ചെങ്ങന്നൂര്‍ നഗരം ഇന്ന് തളര്‍ന്ന് ഉറങ്ങുന്ന നഗരമായി മാറി. സമീപ നഗരങ്ങള്‍ രാത്രികളെ പകലുകളാക്കുമ്പോള്‍ നമ്മുടെ ചെങ്ങന്നൂര്‍ നഗരം പകലുകളെ പോലും രാത്രിയാക്കി മാറ്റുകയാണ്. രാത്രി 8 മണിയോടെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ച് നഗരം ഉറക്കത്തിലേക്ക് വീണരിക്കും. ഈ സമയം സമീപത്തുള്ള നഗരങ്ങള്‍ ഉണര്‍ന്നിരുന്ന് വ്യാപാര രംഗത്ത് സജീവമാകുന്നത് നമ്മുടെ വികസന തളര്‍ച്ചയാണെന്ന് നാം തിരിച്ചറിയണം.
ഇനിയും നമ്മുക്ക് ഇങ്ങനെ പോകാന്‍ കഴിയില്ല. നാം ഉണരണം.. നമ്മുടെ രാഷ്ട്രീയം...നാടിന്റെ വികസനം എന്ന രാഷ്ട്രീയമായി മാറണം.. എല്ലാ വിഭാഗീയ ചിന്തകളും മറന്ന് ഇതിനായി നമ്മുക്ക് ഒന്നിച്ച് കൈകോര്‍ക്കാം.
ഈ വരുന്ന തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ പ്രതിനിധിയായി മല്‍സരിക്കുന്ന എന്നെ വിജയിപ്പിക്കുന്നതിന് എല്ലാവരും സജീവമായി സഹകരിക്കണമെന്നും ഒരു പുത്തന്‍ വികസന സംസ്‌കാരം ചെങ്ങന്നൂരിന്റെ മണ്ണില്‍ വളര്‍ത്തിയെടുത്ത്് ചെങ്ങന്നൂരിന്റെ സമഗ്ര വികസനം യാഥാര്‍ത്ഥ്യമാക്കുവാന്‍... ഏവരുടേയും പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
............
എന്ന്,
സ്‌നേഹാദരങ്ങളോടെ,



നിങ്ങളുടെ സ്വന്തം
മുന്‍ എംഎല്‍എ
ശോഭനാ ജോര്‍ജ്

No comments: