നാം എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു?
കേരള
നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ച് എല്ലാ സമുദായ സംഘടനകളും അഭിപ്രായം
രേഖപ്പെടുത്തുന്ന കാലമാണ്. അത് ഇപ്പോൾ മാത്രമല്ല മുൻപും ഉണ്ടായി’ട്ടുണ്ട്. ഓർത്തഡോക്‌സ് സഭാംഗങ്ങളായവരുടെ വിജയത്തിനായി
ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്ന പരിശുദ്ധ ബാവാ തിരുമേനിയുടെ
പ്രസ്താവന ചാനലുകൾ വളച്ചൊടിച്ച് സംപ്രേക്ഷണം ചെയ്തിട്ടും ഒരു തത്വദീക്ഷയുമില്ലാതെ
സഭയുടെ പരമാധ്യക്ഷനെ ചാനൽ ചർച്ചക്കാർ വിമർശിച്ചിട്ടും, കാതോലിക്കാബാവാ പറഞ്ഞാൽ വിശ്വാസികൾ കേൾക്കില്ല എന്നു പാത്രിയർക്കീസുകാരൻ ഉന്നത
നേതാവ് ചാനലിൽ വിളിച്ചുപറഞ്ഞിട്ടും സഭാംഗങ്ങളിൽ പലരും ഇതിന്ടെ യഥാർത്ഥ ചേതോവികാരം
മനസ്സിലാക്കാതെ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു. സഭാംഗങ്ങൾ എന്ന ലേബലിൽ ചിലർ ഈ
കുപ്രചാരണങ്ങൾക്ക് ആക്കം വർദ്ധിപ്പിക്കുന്നു. പരിശുദ്ധ സഭ തെരഞ്ഞെടുത്തതു കൊണ്ടും, പട്ടം തന്നതുകൊണ്ടും മാത്രം അംഗീകാരവും പദവിയും ലഭിച്ചു എന്ന
പൂർണ്ണ ബോധ്യത്തിൽ നിന്നു ഈ ലേഖകനുണ്ടായ പ്രതികരണമാണ് താഴെക്കുറിക്കുന്നത്.
- ചാനലുകളെ പരിശുദ്ധ ബാവാ തിരുമേനി
ക്ഷണിച്ചു വരുത്തിയതല്ല. പരി. ബാവാതിരുമേനിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ
പോലും അനുവാദത്തിന് കാത്തുനിൽക്കാതെ ഇടിച്ചുകയറി, ചില സഭാംഗങ്ങൾ സ്ഥാനാർത്ഥികൾ ആയതിനെപ്പറ്റിയുള്ള പരി.
ബാവാതിരുമേനിയുടെ അഭിപ്രായം ചോദിച്ചപ്പോൾ സഭാംഗങ്ങൾ ജയിച്ചുകാണണം എന്നു ഈ
സഭയുടെ മേലധ്യക്ഷൻ പറഞ്ഞതിൽ ആർക്കാണ് കുണ്ഠിതം?.
മാസവരി
അടച്ച് അംഗത്വമുള്ളവരെയും വിശുദ്ധ കൂദാശകളിൽ ക്രമമായി സംബന്ധിക്കുന്നവരുമായ
സ്ഥാനാർത്ഥികളെ കൊടിയുടെ നിറം നോക്കി തള്ളിപ്പറയാത്തതാണോ സഭയുടെ
പരമാദ്ധ്യക്ഷൻ ചെയ്ത തെറ്റ്?. തന്റെ ആത്മീയ ആട്ടിൻ പറ്റത്തിൽപ്പെട്ട വ്യക്തികളുടെ
വിജയം സന്തോഷമാണ് എന്നു പറഞ്ഞതിൽ എന്തിനാണിത്ര അസ്വസ്ഥത?. ഇത് കേട്ടിട്ടു ചിലരുടെയെങ്കിലും ഹൃദയം പൊട്ടി
എന്നനിലയിൽ പ്രചരണം നടത്തുന്നവരോട് കൈസർക്കു കൊടുക്കാവൂ
എന്നോർമ്മിപ്പിക്കുന്നു.
- ഏതെങ്കിലും മുന്നണി
രാഷ്ട്രീയത്തിലേക്ക് വിശ്വാസികളെ ആഹ്വാനം ചെയ്താൽ എല്ലാ മുന്നണിയിലും പെട്ടവർ
സഭയിൽ ഉള്ളതുകൊണ്ട് അതുപലരെയും വേദനിപ്പിക്കും എന്നത് പരമാർത്ഥം. എന്നാൽ ഏതു
മുന്നണിയായാലും നമ്മുടെ ആളുകളെ കരുതണം എന്നു പറയുന്നത് എങ്ങനെയാണ്
തെറ്റാകുന്നത്?. അത് സഭയുടെ
സംഘബോധത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമല്ലേ. നാളെ സഭാംഗമെന്ന നിലയിൽ
നിങ്ങൾ മത്സരിച്ചാലും ഈ കരുതലും പിൻതുണയും വേണ്ട എന്നാണോ?.
- വിമോചന സമരകാലത്ത് തുടർച്ചയായി
ഇടയലേഖനങ്ങൾ പള്ളിയിൽ നിന്നു വായിച്ചത് മൂലമല്ല സഭയുടെ അംഗങ്ങളുടെ ഇന്നു
കാണുന്ന രാഷ്ട്രീയ അടിമത്വം രൂപപ്പെട്ടത്. അതിലെ നന്മകൾ എല്ലാം ആസ്വദിച്ചവർ
ഇപ്പോൾ സഭാംഗങ്ങളെ കരുതണം, അവർ ഏത് മുണിയായാലും എന്നു സഭ പറയുമ്പോൾ എന്തിനാണ്
അസ്വസ്ഥർ ആകുന്നത്?
- രാഷ്ട്രീയത്തിൽ സഭയ്ക്ക് എന്ത്
കാര്യം എന്നു ചോദിച്ചപ്പോൾ സഭയിൽ രാഷ്ട്രീയക്കാർക്ക് എന്ത് കാര്യം എന്നു
തിരിച്ചു ചോദിക്കേണ്ടിവരും. എന്തിനാണ് പള്ളിപൊതുയോഗങ്ങളെ
രാഷ്ട്രീയവൽക്കരിച്ചത്? എന്തിനാണ് ഖദറിട്ടു (ഖദർ ഒരു രാഷ്ട്രീയ പാർട്ടിയുടെ
മാത്രം അടയാളം എന്ന നിലയിലല്ല) പള്ളിപരിസരങ്ങളിൽ വിലസുന്നത്? എന്തിനാണ്
രാഷ്ട്രീയത്തിൽ ബൂത്ത് സെക്രട്ടറി മുതൽ മുകളിലോട്ടു ഉള്ള സ്ഥാനങ്ങൾക്ക്
വേണ്ടി പിതാക്കന്മാരുടെ കൈകളിൽ നിന്നു എഴുത്തുകൾ വാങ്ങുന്നത്? എന്തിനാണ്
ആത്മീയ സംഘടനകളുടെ അടക്കം ഉദ്ഘാടന വേദിയിൽ ഇത്തരം നേതാക്കന്മാരെ
അവതരിപ്പിക്കുന്നത്? എന്തിനാണ് സഭയുടെ പദവികൾ സ്വന്തമാക്കുകയും അതുവച്ച്
രാഷ്ട്രീയത്തിൽ ഇരിപ്പിടം സ്വന്തമാക്കാൻ നെട്ടോട്ടം ഓടുന്നത്? രാഷ്ട്രീയത്തെ
പള്ളിയിൽ നിന്നു പുറത്താക്കിയാൽ നമുക്ക് സഭയെ രാഷ്ട്രീയത്തിൽ നിന്നും
മാറ്റിനിർത്താം.
- നീതി നിക്ഷ്പക്ഷമായിട്ടാണോ ഇവിടെ
നിർവഹിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ പാത്രിയർക്കീസ് വിഭാഗത്തിന് കൂടുതൽ
ജനപ്രതിനിധികൾ ഉണ്ടായതിന്റെ ഗുണം അവർ അനുഭവിച്ചില്ലാ എന്നു ആർക്കാണ് പറയുവാൻ
കഴിയുക? സഭയുടെ
പരമാധ്യക്ഷനെ പട്ടിണിക്കിട്ടു കൊല്ലുവാൻ നോക്കിയതും, വ്യക്തമായ കോടതിവിധികളെ നഗ്നമായി ലംഘിച്ചതും നമുക്ക്
ഭൂരിപക്ഷമുള്ള ഇടങ്ങളിൽ പോലും അരമനകളിൽ വില്ലേജ് ഓഫീസർമാർവരെ കയറി ധിക്കാരം
കാട്ടിയതും നമ്മുടെ രാഷ്ട്രീയ അനാഥത്വം മൂലമല്ലേ????.
ആരുണ്ടായി നമ്മെ സംരക്ഷിക്കുവാൻ?. തോമസ്
പ്രഥമന്റെ ഇടതും വലതും ജനപ്രതിനിധികൾ കൂട്ടു ഇരിക്കുന്നത് കണ്ടിട്ടും നമ്മുടെ
നേതാക്കന്മാർക്ക് എന്തേ തിരിച്ചറിവുണ്ടാകാത്തത്, എന്തേ പ്രതികരിക്കാത്തത്? നമുക്കും വേണം ചില ജനപ്രതിനിധികൾ എന്നു ചിന്തിച്ചാൽ
അത് എങ്ങനെ തെറ്റാകും? ഈ അവസ്ഥയിലേക്ക് നമ്മെ കൊണ്ടുചെന്നു എത്തിച്ചത് ആരാണ്?
- കക്ഷിഭേദമെന്യെ അടുത്ത് ചെന്നു
എല്ലാ നേതാക്കന്മാരോടും അർഹമായ സഭാംഗങ്ങളെ സീറ്റിനായി പരിഗണിക്കണം എന്നു
ചോദിക്കാഞ്ഞിട്ടാണോ ചിലരുടെ ക്രൂരമായ ഈ തള്ളിപ്പറച്ചിൽ?.
(ഈ ഇലക്ഷന് ഈ ആവശ്യത്തിനായി
നേതാക്കന്മാരെ സന്ദർശിച്ച സഭാ ഡെലിഗേഷൻ അംഗമാണ് ഈ ലേഖകൻ) ചോദിച്ചാൽ
തരികയില്ല. പ്രതികരിച്ചാൽ കണ്ണുരുട്ടും. സഭാംഗങ്ങളിൽ ചിലർക്ക് ഇത്
കേൾക്കുമ്പേൾ സ്വർഗ്ഗരാജ്യം നഷ്ടപ്പെട്ട പ്രതീതിയാണ്. നേരെ ചൊവ്വേ
പ്രാർത്ഥനായോഗത്തിൽ പങ്കെടുക്കാത്ത ചില നേതാക്കന്മാർ ഇപ്പോൾ കോർണർമീറ്റിംഗ്
നടത്തി സഭയെ വിരട്ടുന്ന തിരക്കിലാണ്. മലർന്നു കിടന്നു കുറച്ചുകൂടി ഇയരത്തിൽ
തുപ്പുന്നതായിരിക്കും ഇതിലും ഭേദം.
- ക്രിസ്തുവിന്റെ പ്രസംഗ വിഷയങ്ങളിൽ
പാപവും സ്വർഗ്ഗവും മാനസാന്തരവും മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. റോമോ
ഗവമെന്റിന്റെ നികുതി, പട്ടിണി, അഴിമതി, കടം, ജോലി, അടിമ, ഇങ്ങനെ ധാരാളം വിഷയങ്ങൾ ഉണ്ടായിരുന്നു.
പുരോഹിതന്മാർക്ക് മദ്ബഹായിൽ നിന്നു ലേലം വിളിക്കാം, കോമഡി ഷോയും ടിക്കറ്റ് ഉദ്ഘാടനവും ചെയ്യാം. എന്നാൽ
സഭയ്ക്ക് രാഷ്ട്രീയ അവഗണന ഉണ്ട്, അത് പരിഹരിക്കാരൻ നാം ഉണരണം എന്നു പറഞ്ഞാൽ- പിന്നെ എന്താ
പുകിൽ!!! ഇങ്ങനെയൊക്കെ പറയാമോ. സഭയുടെ ? ശക്തിയിൽ മാത്രം ജീവിക്കുന്ന ഞാനടക്കം ഉള്ള
പുരോഹിതന്മാർക്കും സംശയം, ആയ്യോ വേദനയുണ്ടാകും! പ്രശ്‌നമുണ്ടാകും തുടങ്ങി
ഒത്തിരി മനോവിചാരങ്ങൾ. ആരുടെ വേദന? ആർ പ്രശ്‌നമുണ്ടാക്കുമെന്നു? സഭയുണ്ടെങ്കിലെ ജീവിക്കാൻ കഴിയുള്ളൂ എന്നു
ബോധ്യമുള്ളവർക്ക് സഭയുടെ വേദന തന്നെയാണ് വലിയ കാര്യം. പ്രശ്‌നങ്ങളുണ്ടായാൽ
അതു പരിഹരിക്കുവാൻ സഭയ്ക്ക് സംവിധാനങ്ങൾ ഉണ്ട്. മൂന്നുവർഷത്തിലപ്പുറം ഇടവക
പട്ടക്കാരായി ആരെയും ഇവിടെ നിയമിക്കുന്നില്ലല്ലോ. പിന്നെയെന്തിനാണ് ഈ ആശങ്ക?. പള്ളിയിലെ
ട്രസ്റ്റിക്കും, സെക്രട്ടറിക്കും
ആത്മീയ സംഘടനാ പ്രവർത്തകർക്കും പറയാം, പ്രവർത്തിക്കാം. പള്ളി ഓഫീസിൽ ഇരുന്നായാൽ പോലും പക്ഷേ
മറ്റാരും ചെയ്യരുത്. എന്തൊരു വിരോധാഭാസം.
- ശ്ലീഹന്മാർ നേതൃത്വം നൽകിയ അദിമസഭാ
കൂട്ടായ്മകളിൽ വിശ്വാസികൾ കൂടിയിരുന്നു റോമൻ ഭരണകൂട ഭീകരത ചർച്ച
ചെയ്തിരുന്നു. എാൽ ബാവാ പട്ടിണി കിടന്നാലും അച്ചനെ ജയിലിൽ ഇട്ടാലും (മൂന്നു
ദിവസമാണ് കുന്നംകുളം ചേലക്കര പള്ളി വികാരി ജയിലിൽ കിടന്നത്) മിണ്ടരുത്
എന്നാണോ? സഭയ്ക്ക്
മുറിവേറ്റാലും സഭയിലെ രാഷ്ട്രീയക്കാർക്ക് മുറിവേൽക്കരുതെന്നാണോ?
- നിയമം നിയമത്തിന്റെ വഴിക്ക് വിട്ടു
എല്ലാ ജനപ്രധിനിധികളും പിൻമാറട്ടെ. അപ്പോൾ നമുക്കും വിശാല ദർശനം ഉൾക്കൊള്ളാം.
ഒരു രാഷ്ട്രീയ അഭിപ്രായവും പറയാതെ ഇരിക്കാം. എന്നാൽ സഭയുടെ അർഹമായ നീതി
അട്ടിമറിക്കുവാൻ നിയമസഭാ സാമാജികർ നഗ്നമായി കൂട്ടുനിൽക്കുന്ന കാലത്തോളം
സഭയ്ക്ക് സ്വന്തം മക്കൾ നിയമസഭാ സമാജികൾ ആകുവാൻ വേണ്ട പിന്തുണ നൽകുവാൻ ബാധ്യതയുണ്ട്.
അത് മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. അതിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും, ബി. ജെ.
പിയും സ്വാതന്ത്രനും ഉണ്ടാകും. ആര് കൂടുതൽ തന്നുവോ അവർ കൂടുതൽ കൊയ്യും.
- ഈ സഭയിലെ സാധാരണ ജനങ്ങളെയും ഭരണ
നേതൃത്വങ്ങളെയും വേറിട്ടു കാണുവാൻ കഴിയണം. ഭൂരിഭാഗം ഇപ്പോഴും സഭയ്ക്ക് വേദനിച്ചാൽ
കൂടെ വേദനിക്കുന്നവരാണ്. ന്യൂനപക്ഷത്തിന് സഭാ ഇതര താല്പര്യങ്ങള്‍ ഉണ്ടാകാം.
നാം അത് എന്തിനാണ് ഭയപ്പെടുന്നത്?
- സഭയുടെ സാമ്പത്തിക ആവശ്യം നാം
ആരോടാണ് പറയുന്നത്? വിശ്വാസികളോട്… ആഗോളവത്കരണം, കർഷക
ആത്മഹത്യ, മദ്യപാനം
തുടങ്ങിയ സാമൂഹിക തിന്മകളെപ്പറ്റി നാം ആരോടാണ് പറയുന്നത്? വിശ്വാസികളോട്… സഭയുടെ
രാഷ്ട്രീയ തിരസ്‌കരണങ്ങളെപ്പറ്റി നാം ആരോടാണ് പറയേണ്ടുന്നത്? അതും
വിശ്വാസികളോട്… അതിൽ എന്താണ്
തെറ്റ്?
- രാഷ്ട്രീയക്കാർ സഭയിൽ എത്ര അംഗങ്ങൾ
ഉണ്ടെന്നുള്ളതല്ല മറിച്ച് അതിൽ എത്രപേർ ഒന്നിച്ചു നിൽക്കുന്നു എന്നതാണ്
വിലയിരുത്തുന്നത്. ഒന്നിച്ചു നിന്നാൽ കാതോലിക്ക സംഹാസനം ബലപ്പെടും.
ഇല്ലെങ്കിൽ കാതോലിക്കാ സിംഹാസനം നീണാൽ വാഴട്ടെ എന്നു എത്ര തൊണ്ട കീറിയാലും
ഒരു കാര്യവുമില്ല.
- ഇരിക്കുന്ന കൊമ്പ് മുറിച്ച്
മിടുക്ക് കാട്ടുന്നവരുടെ നയതന്ത്രജ്ഞതയും ജനപ്രീതിയും നമ്മെ
കൊതിപ്പിക്കുന്നില്ലായെങ്കിൽ നമുക്ക് സഭയോടൊപ്പം നിൽക്കാം ഉറച്ച തീരുമാനം
എടുക്കാം. അത് ജീവിക്കാനായാലും മരിക്കാനായാലും.
- മുപ്പത് വെള്ളിക്കാശിന് ഗുരുവിനെ
ഒറ്റിക്കൊടുക്കുവർക്ക് കാലം എന്ത് നൽകി എന്നു വേദചരിത്രത്തിലുണ്ട്.
നിരന്തരമായ അവഗണനമൂലം മനസ്സ് നൊന്ത് ബാവാ തിരുമേനിയും പരിശുദ്ധ സുഹദോസും ചില
നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുമ്പോൾ ഏറ്റെടുക്കാൻ കഴിയാത്തവരെപ്പറ്റി എന്ത്
പറയാൻ.
- എന്നാൽ സ്വന്തം പിതാക്കന്മാരുടെ
മാനം സംരക്ഷിക്കാൻ കെട്ടുതാലി പണയം വെച്ചും, പിടിയരി മാറ്റി വെച്ചും മാതൃകകാണിച്ച ധീരരായ
അമ്മമാരുടെ പാരമ്പര്യമുള്ള ഈ സഭയിലെ സാധാരണക്കാർ സഭയുടെ കണ്ണുനീർ
ഏറ്റെടുക്കുക തന്നെ ചെയ്യും.
- ഈ രൂപ പരിണാമത്തിനായി യത്‌നിക്കുന്നവർ
ചിലപ്പോൾ ക്രൂശിക്കപ്പെടും, തെരുവുകളിൽ അപഹസിക്കപ്പെടും, അവരുടെ ആത്മീയത ചോദ്യം ചെയ്യപ്പെടും, നാളെകൾ
തിരഞ്ഞുപിടിച്ച് തോല്പിക്കപ്പെടും. അതു നടക്കട്ടെ.. എ?ന്നാലും മാർത്തോമ്മാ ശ്ലീഹാ നട്ടു നനച്ച ഈ സഭയുടെ മാനം
പോകുന്ന കാര്യം ചെയ്യരുതേ എന്ന അപേക്ഷ മാത്രം മുന്നോട്ടു വയ്ക്കുന്നു.
ലേഖനം:
ഫാ. തോമസ് വർഗ്ഗീസ്
അമയിൽ
No comments:
Post a Comment