Sunday, April 17, 2016

തിരുവല്ല സീറ്റ്‌ തര്‍ക്കം; കേരളാ കോണ്‍ഗ്രസ്‌(എം) ഹൈക്കമാന്‍ഡിലേക്ക്‌


കോട്ടയം: തിരുവല്ലയിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ജോസഫ്‌ എം. പുതുശേരിക്ക്‌ സീറ്റ്‌ നല്‍കിയതിന്റെ പേരില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ നടത്തുന്ന വിമതനീക്കത്തിനെതിരേ കേരളാ കോണ്‍ഗ്രസ്‌(എം) ഹൈക്കമാന്‍ഡിനെ സമീപിക്കും. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി കേരള കോണ്‍ഗ്രസ്‌(എം) നേതാക്കള്‍ ഇന്ന്‌ വിഷയം ചര്‍ച്ച ചെയ്യും. പ്രശ്‌നപരിഹാരത്തിനു വഴി തെളിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക്‌ നേരിട്ടു പരാതി നല്‍കാനാണ്‌ കേരള കോണ്‍ഗ്രസിന്റെ തീരുമാനം.
ഇന്നത്തെ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ്‌ കരുതുന്നതെന്നും അതിനു സാധിച്ചില്ലെങ്കില്‍ യുക്‌തമായ തീരുമാനമെടുക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുമെന്ന്‌ കേരള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ജോസ്‌ കെ. മാണി എം.പി. മംഗളത്തോട്‌ പറഞ്ഞു. ഘടക കക്ഷികളുടെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ ഇടപെടാറില്ലെന്നും അദേഹം പറഞ്ഞു. രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ പി.ജെ. കുര്യനാണ്‌ വിമത നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതെന്നാണു മാണി ഗ്രൂപ്പിന്റെ ആരോപണം. ഇത്‌ ശരിവയ്‌ക്കുന്ന വിധത്തില്‍ പുതുശേരിക്കെതിരേ റിബലായി മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ മുന്‍ ബ്ലോക്ക്‌ പഞ്ചായത്തംഗം കൂടിയായ രാജു പുളിമ്പള്ളി രംഗത്തെത്തിയിരുന്നു. പി.ജെ. കുര്യന്റെ നോമിനിയാണ്‌ രാജു പുളിമ്പള്ളിയെന്നാണ്‌ ആരോപണം. കുര്യനൊപ്പം തിരുവല്ല സീറ്റിന്‌ നോട്ടമിട്ടിരുന്ന ചില കേരളാ കോണ്‍ഗ്രസ്‌ നേതാക്കളും വിമതനു പിന്നിലുണ്ടെന്നു വ്യക്‌തമാണ്‌. ജോസഫ്‌ എം. പുതുശേരിയെ സ്‌ഥാനാര്‍ഥിയായി പ്രഖ്യാപിച്ചശേഷം അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ട്‌ പി.ജെ. കുര്യന്‍ കേരളാ കോണ്‍ഗ്രസ്‌(എം) ചെയര്‍മാന്‍ കെ.എം. മാണിക്കു കത്തെഴുതിയതോടെയാണ്‌ വിവാദങ്ങളുടെ തുടക്കം.
തിരുവല്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളാണ്‌ പുതുശേരിയെന്നായിരുന്നു കുര്യന്റെ ആരോപണം. കെ.എം. മാണി അടക്കം യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ കുര്യനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിലപാട്‌ മാറ്റാന്‍ അദ്ദേഹം തയാറായില്ല. എന്നാല്‍ ജോസഫ്‌ എം. പുതുശേരിയോടുള്ള വ്യക്‌തി വിരോധമാണ്‌ തര്‍ക്കത്തിനു കാണമെന്നാണ്‌ കേരളാ കോണ്‍ഗ്രസ്‌(എം) നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്‌.
കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്റെ നേതൃത്വത്തിലുള്ള കേരള രക്ഷായാത്രയ്‌ക്ക്‌ തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ ജോസഫ്‌ എം. പുതുശേരിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെതിനെതിരേ കുര്യന്‍ പരസ്യമായി രംഗെത്തത്തിയിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹം വേദി വിട്ട്‌ പോകാന്‍ ശ്രമിച്ചതും വിവാദമായിരുന്നു. ഇതിനിടെ പുതുശേരിയുടെ സ്‌ഥാനാര്‍ഥിത്വത്തെച്ചൊല്ലി ഉണ്ടായ വിവാദത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വം ശക്‌തമായ പ്രതിഷേധം യു.ഡി.എഫ്‌. നേതാക്കളെ അറിയിച്ചിട്ടുണ്ട്‌. സീറ്റ്‌ നിര്‍ണയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും സീറ്റ്‌ നല്‍കിയശേഷം വിവാദത്തിലേക്കു വലിച്ചിഴയ്‌ക്കുന്നതു ശരിയല്ലെന്ന നിലപാടിലാണ്‌ സഭാ നേതൃത്വം.
ഷാലു മാത്യു

Source: http://www.mangalam.com/print-edition/keralam/425739#sthash.fT0I9hj4.SuQ9WsC1.dpuf

No comments: