Monday, April 18, 2016

ഇളകിമറിഞ്ഞ് ചെങ്ങന്നൂര്‍

ചതുഷ്കോണ മത്സരത്തിന്‍െറ ചൂടും ചൂരും അനുഭവിക്കുകയാണ് ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലം. യു.ഡി.എഫിന്‍െറ കുത്തക അവസാനിപ്പിക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങളും അക്കൗണ്ട് തുറക്കാനുള്ള ബി.ജെ.പിയുടെ നീക്കങ്ങളും ഇതിനിടെ സ്വതന്ത്രയുടെ വരവുമെല്ലാം ചെങ്ങന്നൂരിനെ ഇളക്കിമറിക്കുന്നു. ജില്ലയില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി ചെങ്ങന്നൂര്‍ മാറിയിരിക്കുകയാണ്.
കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. ശോഭന ജോര്‍ജും പിന്നീട് പി.സി. വിഷ്ണുനാഥും നിയമസഭയില്‍ എത്തി. 1991 മുതല്‍ 2011വരെ തുടര്‍ച്ചയായി യു.ഡി.എഫ് നിലനിര്‍ത്തിയ മണ്ഡലത്തില്‍ ഇത്തവണ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫും ബി.ജെ.പിയും. അടിയൊഴുക്കുകള്‍ പ്രതീക്ഷിക്കുന്ന ബി.ജെ.പിയും ഭരണവിരുദ്ധ വികാരത്തിലൂടെ നേട്ടം കൊയ്യാമെന്ന് കരുതുന്ന എല്‍.ഡി.എഫും ആത്മവിശ്വാസത്തിലാണ്. പൊതുവെ വലതുപക്ഷ ചായ്വ് ഏറിയകാലവും പ്രകടിപ്പിച്ച ചെങ്ങന്നൂരില്‍ ഇത്തവണത്തെ നാല് സ്ഥാനാര്‍ഥികളുടെ സാന്നിധ്യം പുതുമയും ആവേശവും പകരുന്നു. നാല് സ്ഥാനാര്‍ഥികളും ചെങ്ങന്നൂരിന് അപരിചിതരല്ല.
ചെങ്ങന്നൂരുകാരനല്ളെങ്കിലും രണ്ടുതവണ മണ്ഡലത്തെ പ്രതിനിധാനംചെയ്ത കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥും ചെങ്ങന്നൂരുകാരനായ സി.പി.എം നേതാവ് അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായരും ഇതേ നാട്ടുകാരനായ ബി.ജെ.പി നേതാവ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയും ചെങ്ങന്നൂരുകാരിയായ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജും മത്സരരംഗത്ത് ഉള്ളപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് വിശേഷിപ്പിക്കേണ്ടി വരും.
ചെങ്ങന്നൂരിന്‍െറ വികസനമാണ് എല്ലാവരുടെയും വിഷയം. ചെങ്ങന്നൂരിനെ പിന്നാക്കാവസ്ഥയിലേക്ക് തള്ളിയിട്ടെന്ന് സിറ്റിങ് എം.എല്‍.എ പി.സി. വിഷ്ണുനാഥിനെതിരെ മറ്റ് മൂന്നുസ്ഥാനാര്‍ഥികളും കുറ്റപ്പെടുത്തുമ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ചെങ്ങന്നൂരിന്‍െറ സുവര്‍ണകാലമായിരുന്നെന്നും സര്‍ക്കാറിന്‍െറ പദ്ധതികളില്‍ പലതും ചെങ്ങന്നൂരിന് ലഭിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു. ഇടതുമുന്നണി ഭരണകാലത്ത് ഉണ്ടായിരുന്ന വിവേചനം യു.ഡി.എഫ് ഭരണകാലത്ത് ഉണ്ടായില്ളെന്നും അവര്‍ പറയുന്നു.
പി.സി. വിഷ്ണുനാഥ് മൂന്നാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. കൊല്ലം കുളക്കട പാലോട്ടുവീട്ടില്‍ ചെല്ലപ്പന്‍ പിള്ളയുടെ മകനാണ് 38കാരനായ വിഷ്ണുനാഥ്. ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിലൂടെ പൊതുപ്രവര്‍ത്തകനായി. കോളജ് യൂനിയന്‍ ഭാരവാഹി, കേരള സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കെ.എസ്.യുവിന്‍െറയും യൂത്ത് കോണ്‍ഗ്രസിന്‍െറയും സംസ്ഥാന പ്രസിഡന്‍റായിരുന്നു. ബസ് ചാര്‍ജ് വര്‍ധനക്കെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തു. 2014 മുതല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയാണ്. കൂടാതെ, പാര്‍ട്ടിയുടെ വക്താവ് എന്ന നിലയിലും ശ്രദ്ധേയനായി. ഭാര്യ: കനകഹാമ. ഒരുമകളുണ്ട്.
2001ല്‍ ചെങ്ങന്നൂരില്‍ മത്സരിച്ച് പരാജയപ്പെട്ട സി.പി.എം നേതാവ് കെ.കെ. രാമചന്ദ്രന്‍ നായരുടെ രണ്ടാം മത്സരമാണിത്. ചെങ്ങന്നൂര്‍ ആലാ ഭാസ്കര വിലാസത്തില്‍ കരുണാകരന്‍ നായരുടെ മകനാണ് 64കാരനായ രാമചന്ദ്രന്‍ നായര്‍. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, കര്‍ഷകസംഘം, സി.ഐ.ടി.യു എന്നിവയില്‍ പ്രവര്‍ത്തിച്ച് ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസകാലത്ത് തിരുവനന്തപുരം ലോ കോളജ് യൂനിയന്‍ ചെയര്‍മാനായിരുന്നു. നിലവില്‍ സി.പി.എം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റി അംഗവും  തൊഴിലാളി സംഘടനകളുടെ ഭാരവാഹിയുമാണ്.
 സഹകരണമേഖലയിലും പ്രവര്‍ത്തിക്കുന്നു. ചെങ്ങന്നൂരിലെ സാംസ്കാരിക സംഘടനയായ സര്‍ഗവേദിയുടെ പ്രസിഡന്‍റാണ്. ഭാര്യ: പൊന്നുമണി. ഒരുമകനുണ്ട്.
ബി.ജെ.പിയുടെ സംസ്ഥാനനേതാവായ പി.എസ്. ശ്രീധരന്‍ പിള്ള ആര്‍.എസ്.എസിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ജനസംഘത്തിന്‍െറ വെണ്‍മണി സമിതി സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. കോഴിക്കോട് ലോ കോളജ് യൂനിയന്‍ വൈസ് ചെയര്‍മാന്‍, കോഴിക്കോട് സര്‍വകലാശാലാ സെനറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എ.ബി.വി.പി, യുവമോര്‍ച്ച എന്നിവയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003-06 കാലഘട്ടത്തില്‍ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്‍റായിരുന്നു. ലക്ഷദ്വീപില്‍ ബി.ജെ.പിയുടെ സ്ഥാപകനേതാവാണ്. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിയാണ്. വി.ജി. സുകുമാരന്‍ നായരുടെയും ഭവാനിയമ്മയുടെയും മകനാണ്. നിലവില്‍ ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവും ഹൈകോടതി അഭിഭാഷകനുമാണ് 63കാരനായ ശ്രീധരന്‍ പിള്ള. ഭാര്യ: അഡ്വ. റീത്ത. രണ്ടുമക്കളുണ്ട്.
കെ.എസ്.സിയിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ ശോഭന ജോര്‍ജ് പിന്നീട് കോണ്‍ഗ്രസില്‍ സജീവമായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കെ.പി.സി.സി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കേരള യൂനിവേഴ്സിറ്റി സെനറ്റ് അംഗമായിട്ടുണ്ട്. ഡി.ഐ.സി രൂപവത്കരിച്ചപ്പോള്‍ അതിന്‍െറ ജനറല്‍ സെക്രട്ടറിയായി. ഡി.ഐ.സിയില്‍നിന്ന് കോണ്‍ഗ്രസില്‍ മടങ്ങിവന്നെങ്കിലും നേതൃത്വവുമായി പഴയബന്ധം രൂപപ്പെടുത്താന്‍ ശോഭനക്ക് കഴിഞ്ഞില്ല. അതിലൂടെ ഉണ്ടായ അകലമാണ് ചെങ്ങന്നൂരില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് വികസന മതേതര മുന്നണിയുടെ പേരില്‍ അവര്‍ മത്സരിക്കാന്‍ കാരണമത്രെ. കെ.എം. ജോര്‍ജ്-തങ്കമ്മ ദമ്പതികളുടെ മകളാണ് 56കാരിയായ ശോഭന. ഐസക്കാണ് ഭര്‍ത്താവ്. ഒരുമകളുണ്ട്.
http://www.madhyamam.com/content/191170

No comments: