Sunday, April 17, 2016

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകളോട് ഇപ്പോഴും വിവേചനം കാട്ടുന്നു: സ്റ്റിസ് ഡി.ശ്രീദേവി


ചെങ്ങന്നൂര്‍: സ്ത്രീകളോട് യാതൊരുവിധ വിവേചനവും പാടില്ലെന്ന് അനുശാസിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 66 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ലന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടും നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും അത് നടപ്പാക്കുവാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ലന്നും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ഡി.ശ്രീദേവി പറഞ്ഞു.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിിലെ വികസന മതേതര മുന്നണി സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
വര്‍ഷങ്ങളായി അധികാര കസേരകളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നവര്‍ക്ക് അധികാരം വിട്ടൊഴിയാനുള്ള വൈമനസ്യമാണ് ഇതിനു കാരണം. ഇവരെയൊക്കെ മാറ്റി യുവരക്തം ഈ സഭകളില്‍ എത്തണം. നിയമം നടപ്പായില്ലെന്ന പേരില്‍ സ്ത്രീകളെ മനപൂര്‍വ്വം ഒഴിവാക്കുന്ന സമീപനമാണ് ഇപ്പോഴും സ്വീകരിക്കുന്നത്. ഇതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവരുടെ സീറ്റുകളില്‍ പകുതി സ്ത്രീകള്‍ക്കായി നല്‍കാമായിരുന്നു. ഈ രീതി തുടര്‍ന്നാല്‍ രാഷ്ടരീയത്തിന് അതീതമായി വനിതകളുടെ മാത്രം ഒരു രാഷ്ടരീയ പ്രസ്ഥാനം കേരളത്തില്‍ രൂപപ്പെടും. കഴിഞ്ഞ കാലങ്ങളില്‍ വികസനത്തിനു പകരം അഴിതി ആരോപണങ്ങളായിരുന്നു മുന്‍പന്തിയില്‍ നിന്നിരുന്നത്. ഇതില്‍ ആരോപണ വിധേയരാരും തന്നെ കൈക്കൂലി വാങ്ങിയിട്ടില്ലെന്നോ അഴിമതി നടത്തിയിട്ടില്ലെന്നോ കൈകള്‍ പരിശുദ്ധമെന്നോ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം തെളിവുകള്‍ നല്‍കാനാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.ജി രാമചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു. ശോഭനാ ജോര്‍ജ്, എസ്എന്‍ഡിപി മുന്‍ അസിസ്റ്റന്റ് സെക്രട്ടറി അനില്‍ പി.ശ്രീരംഗം, മിഷന്‍ ചെങ്ങന്നൂര്‍ സെക്രട്ടറി ഫിലിപ്പ് ജോണ്‍, സീരിയല്‍ താരം സഞ്ജീവ് മോഹന്‍, കെപിസിസി ന്യൂനപക്ഷ വിഭാഗം ജനറല്‍ സെക്രട്ടറി ഹാരിസ് കൊല്ലകടവ് ഹാരിസ് കൊല്ലകടവ്, കെ.ആര്‍ പ്രഭാകരന്‍ നായര്‍, കെ.എ കരീം എന്നിവര്‍ പ്രസംഗിച്ചു.

No comments: