Friday, April 15, 2016

പെണ്ണൊരുമ്പെട്ടാൽ : വിഷ്ണുനാഥ് വിറയ്ക്കുന്നു, ശോഭന ചിരിയ്ക്കുന്നു

ചെങ്ങന്നൂർ: പതിനായിരം സ്ത്രീ വോട്ടർമാരിൽ നിന്നും ഒരു രൂപാ വീതം സംഭരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള രൂപാ കണ്ടെത്തിക്കഴിഞ്ഞ മുൻ എം.എൽ.എ ശോഭനാ ജോർജ്ജ് പി.സി. വിഷ്ണുനാഥിനെ തിരഞ്ഞെടുപ്പ് കളരിയിൽ കടത്തിവെട്ടിക്കളഞ്ഞു. ചെങ്ങന്നൂരുകാർക്കൊന്നും  പെട്ടന്നൊന്നും ശോഭനാ ജോർജ്ജിനെ മറക്കാൻ കഴിയില്ല. ഊണിലും ഉറക്കത്തിലും കഴിഞ്ഞ നാളുകളിൽ ഒരു എം എൽ എയെക്കാൾ മണ്ഡലത്തിൽ നിറഞ്ഞുനിന്നത് ശോഭനാ ജോർജ്ജായിരുന്നു. കെ. കരുണാകരന്റെ മാനസപുത്രിയായി കേരള രാഷ്ട്രീയത്തിൽ വളർന്നുവന്ന് കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ കേരളത്തിലെ സ്ത്രീ ശബ്ദമായി മാറിയ ശോഭനാ ജോർജ്ജിനെ  കറിവേപ്പിലപോലെ എടുത്തുകളഞ്ഞ മഹാരഥൻമാർ ഇന്ന് വിയർക്കുകയാണ്. പാർട്ടിയിലെ എല്ലാ ഭാരവാഹിത്വവും രാജിവെച്ച്  തിരഞ്ഞെടുപ്പ്  പ്രചരണത്തിനിറങ്ങിയതോടെ  പാർട്ടി നേതൃത്വം വെട്ടിലായിരിക്കുകയാണ്.  കോടികൾ വാഗ്ദാനം ചെയ്തിട്ടും തിരഞ്ഞെടുപ്പിൽ നിന്നും പിൻമാറാൻ ശോഭനാ ജോർജ്ജ് ഇതുവരെ തയ്യാറായിട്ടില്ല. ഇക്കുറി കടുത്ത മത്സരമാണ് ചെങ്ങന്നൂരിൽ നടക്കുന്നത്  ബി.ജെ.പിയുടെ അഡ്വ. ശ്രീധരൻപിള്ളയും ഇടതുപക്ഷത്തിന്റെ കെ. രാമചന്ദ്രൻ നായരും യു.ഡി.എഫിന്റെ പി.സി വിഷ്ണുനാഥും ഒരു മുന്നണിയിലും ഇല്ലാതെ ശോഭനാജോർജ്ജും അങ്കം കുറിക്കുകയാണ്. മണ്ഡലത്തിൽ പി.സി വിഷ്ണുനാഥിന് ശക്തമായ എതിർപ്പുണ്ട് കോൺഗ്രസുകാർ അതുകൊണ്ടുതന്നെയാണ് ശോഭനയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഇതുവരെയും രംഗത്തുവരാത്തത്. പി.സി.യെ കൊല്ലത്തോ കൊട്ടാരക്കരയിലേക്കോ മാറ്റി നിർത്തുവാൻ കോൺഗ്രസ് നേതൃത്വം  ഇടയ്ക്ക് തീരുമാനിച്ചതാണ്.  അതിനുപകരം നാട്ടുകാരനും എൻ.എസ്.എസ് ട്രഷറും സുകുമാരൻനായരുടെ ഇഷ്ടക്കാരനുമായ കോൺഗ്രസ് അനുഭാവിയെ വരെ നിർത്തുവാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. അതനുസരിച്ച് ട്രഷറർ എൻ.എസ്.എസിന്റെ തൽസ്ഥാനങ്ങളെല്ലാം രാജിവച്ച് ഊഴം കാത്തിരുന്നു.  പക്ഷേ, പാവത്തിന് ഉത്തരത്തിലിരുന്നത് എടുക്കുവാൻ കഴിഞ്ഞതുമില്ല കക്ഷത്തിലിരുന്നത് പോവുകയും ചെയ്തു. ഇതിന്റെ എല്ലാം സൂത്രധാരൻ സ്ഥലം എം.എൽ.എ തന്നെയായിരുന്നു, എൻ.എസ്.എസിനെ ഒന്ന തണുപ്പിക്കുവാൻ ആദ്ദേഹം കണ്ട വഴി ഇതായിരുന്നെങ്കിൽ കൊല്ലവും കൊട്ടാരക്കരയും പെണ്ണും ചാരിനിന്നവർ കൊണ്ടുപോകുമെന്ന് എം.എൽ.എ കരുതിയിരുന്നില്ല. എന്തായാലും ശോഭനാ ജോർജ്ജാണ് ഇപ്പോൾ ചെങ്ങന്നൂരെ താരം. മാറ്റി നിർത്താൻ കഴിയാത്ത ശക്തിയായി ശോഭനാ ജോർജ്ജ് മാറിയത് വിഷ്ണുനാഥിനെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. എം.എൽ.എ ആയതിന് ശേഷം വിഷ്ണുനാഥ് ചില്ലറക്കാരനല്ല എന്നാണ് കോൺഗ്രസുകാരുടെ പൊതുസംസാരം. സ്ഥലത്തെ കോൺഗ്രസുകാർ പോലും അറിയാതെ നടത്തിയ കോടികളുടെ അഴിമതിക്കഥകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സോളാർക്കേസും നാലേക്കാട്ടുപിള്ള മാരുടെ കുട്ടമ്പേരൂരീലെ മനകൾ കോടികൾ കമ്മീഷൻ വാങ്ങി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്തതും ഉൾപ്പെടെ ആറൻമുള വിമാനത്താവളത്തിനുവേണ്ടി അനുകൂല നിലപാടെടുത്തതുവരെ പൊതുജനങ്ങളെ വിഷ്ണുനാഥനിൽ നിന്നും അകറ്റിയിരിക്കുകയാണ്.  അതുകൊണ്ട് തന്നെയാണ് ഇക്കഥകൾ അറിയാവുന്ന കോൺഗ്രസുകാർ വിഷ്ണുനാഥ് ഇക്കുറി മണ്ഡലം മാറി നിൽക്കണമെന്ന് ചിന്തിച്ചത്. യുവപരിവേഷം എന്തായാലും ഇത്തവണ വിഷ്ണുനാഥിനെ രക്ഷപെടുത്തുവാൻ വഴിയില്ല. കാരണം ജനം എല്ലാം അറിഞ്ഞുകൊണ്ടിരിക്കുന്നു. കൂടാതെ കോൺഗ്രസിന്റെ പഴയപടക്കുതിര ശോഭനാ ജോർജ്ജ് എതിര് നിൽക്കുന്നതും നിർണ്ണായകമാണ്. പതിനായിരം സ്ത്രീകൾ അവരോടൊപ്പം ഉണ്ടങ്കിൽ അത്രയും ആളുകളുടെ കുടുംബത്തിലെ  ഓരോ വോട്ടും കൂടി അവർക്ക് ലഭിക്കുകയാണങ്കിൽ വിഷ്ണുനാഥിന്റെ കഥ കഴിഞ്ഞതു തന്നെ. ശക്തനായ ശ്രീധരൻപിള്ളയും രാമചന്ദ്രൻനായരും മറുപക്ഷത്ത് വരുമ്പോൾ ജാതി സമവാക്യങ്ങൾ തകിടം മറിയുമ്പോൾ ജയം ആരുടെ പക്ഷത്താണന്ന് കണ്ടറിയുക തന്നെ.

Source: http://www.maathrumalayalam.com/shobana-georges-candidature-make-fear-about-vishnunath/#sthash.QmfQ4fOw.dpuf

No comments: