Friday, April 15, 2016

മാധ്യമപ്രവർത്തനത്തിന്റെ കരുത്തുമായി രാഷ്ട്രീയ ഗോദയിൽ വീണാ ജോർജ്

പത്തനംതിട്ട: രാഷ്്ട്രീയ രംഗത്ത് പരിചിതമല്ലാത്ത ഒരു മുഖം ആറന്മുള മണ്ഡലത്തിൽ മത്സരരംഗത്തിറങ്ങിയത് മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് വീണാ ജോർജ്ജ്. മാധ്യമങ്ങൾക്കിടയിൽ ജീവിച്ച വീണ ഈ ആരോപണങ്ങളെയെല്ലാം ചിരിച്ചു തള്ളുന്നു. പ്രമുഖർ പലരും കണ്ണു വച്ച സീറ്റ് കൈയടക്കിയതിന്റെ അസഹിഷ്ണുതയാണ് ഇ വാർത്തകൾക്ക് പിന്നിലെന്ന് വീണക്കറിയാം. ആരോപണങ്ങൾ ഉന്നയിച്ചവർക്ക് ഫേസ്ബുക്കിലൂടെ കിടിലൻ മറുപടി കൊടുക്കാനും വീണ മറന്നില്ല. കേരള രാഷ്ടീയത്തിലെ നിർണായകമായ ചാനൽ ചർച്ചകൾക്ക് ചുക്കാൻ പിടിച്ച വീണയെ തകർക്കാൻ ഈ  ആരോപണങ്ങൾക്ക് കഴിയില്ല എന്നതിന്റെ തെളിവാണ്  പ്രചരണപ്രവർത്തനം. പത്തനംതിട്ട ജില്ലയിലെ കുമ്പഴ വടക്കാണ് വീണയുടെ വീട്. അഭിഭാഷകനായ അച്ഛൻ കൊടുത്ത അഭിപ്രായ സ്വാതന്ത്ര്യമാണ് വീണയെന്ന വ്യക്തിത്വത്തിന്റെ വളർച്ചക്ക് പിന്നിൽ. രാഷ്ട്രീയം വീട്ടിൽ ചർച്ച ചെയ്ത കുട്ടിക്കാലം. മാധ്യമ പ്രവർത്തനം മനസ്സിലെ മോഹമായിരുന്നെങ്കിലും പഠനം ആ വഴിക്കായിരുന്നില്ല. യുവജനോത്സവ വേദിയിൽ മിന്നിത്തിളങ്ങിയിരുന്ന വീണ ബിരുദാനന്തര ബിരുദത്തിന് റാങ്ക് നേടി താരമായി. എസ്. എഫ്.ഐക്കാരിയായി രാഷ്ട്രീയത്തിലും ഒന്നെത്തി നോക്കിയായിരുന്നു വീണ കലാലയം വിട്ടത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ അധ്യാപികയായി തുടരവെയാണ് മാധ്യമരംഗത്തേക്ക് വരുന്നത്. പിന്നീടങ്ങോട്ട് യാദൃശ്ചികമായിരിന്നു വീണയുടെ വളർച്ച. കൈരളി ടി.വിയിൽ നിന്ന് ഒഴിവാക്കാൻ നിശ്ചയിച്ച ട്രെയിനികളുടെ ലിസ്റ്റിൽ വീണയുമുണ്ടായിരുന്നു. തിരിച്ചു പോകാനൊരുങ്ങിയ വീണയെ ചാനൽ പ്രവർത്തകരുമായി സംസാരിച്ച് തിരിച്ചെത്തിച്ചത് ബൈജു ചന്ദ്രനാണ്. വീണുകിട്ടിയ അവസരം വീണ മുതലാക്കി. വാർത്ത വായിക്കുന്ന കുട്ടിക്ക് സുഖമില്ലാതെ വന്നപ്പോൾ ആ ജോലി ഏറ്റെടുത്തും യാദൃശ്ചികമായിരുന്നു. പിന്നീട് മനോരമയിലും ഇന്ത്യാവിഷനിലും മികച്ച പ്രൈം ടൈം അവതാരകയായി. ഇന്ത്യാവിഷന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ചാനലിനെ കൈവിടാതെ കൂടെനിന്നു. മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളും ശമ്പള പ്രശ്‌നവും കാരണം ഇന്ത്യാവിഷനിലെ പ്രമുഖർ വിട്ട് പോയപ്പോഴും ചാനലിനൊപ്പം നിന്ന വ്യക്തി ആയിരുന്നു വീണ ജോർജ്ജ്. ടി.വി ന്യൂ ചാനൽ ഫീനിക്‌സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റത് ഇന്ത്യാവിഷന്റെ മുഖമായിരുന്ന വീണയെ എക്‌സിക്യൂട്ടീവ് എഡിറ്ററായി നിയമിച്ചു കൊണ്ടാണ്. മാസങ്ങളോളം ശമ്പളം ലഭിയ്ക്കാത്തതിനെ തുടർന്ന് ചാനൽ പിന്നീട് അടച്ചുപൂട്ടുകയായിരിന്നു. ആ അവസ്ഥയിലാണ് വീണ ജോർജ്ജിനെ എക്‌സിക്യൂട്ടീവ് എഡിറ്ററായി കൊണ്ടുവന്ന ചാനൽ വീണ്ടും പ്രവർത്തനം തുടങ്ങിയത്. അതോടെ മലയാളം വാർത്താ ചാനൽ രംഗത്ത് ഈ സ്ഥാനത്ത് എത്തുന്ന ആദ്യവനിതയെന്ന നേട്ടവും വീണയുടേതായി. ബ്രേക്കിംഗ് ന്യൂസ് ലൈവ് എന്ന സിനിമയിൽ കാവ്യയെ അഭിമുഖം ചെയ്ത് സിനിമയിൽ മുഖം കാണിച്ചതും അവിചാരിതമായിരുന്നു. നിലപാടുകളിൽ ഉറച്ചു നിൽക്കാനുള്ള തന്റേടമാണ് വീണയെ വീണയാക്കുന്നത്. വിമർശനങ്ങളെ നേരിട്ട് വിജയം കൈവരിക്കണമെന്ന പാഠമാണ് വീണയുടെ ജീവിതവും, വീണക്ക് മറ്റ് സ്ത്രീകളോട് പറയാനുള്ളതും. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർന്നപ്പോൾ നിങ്ങൾക്കെന്നെ തളർത്താനാവില്ലെന്നാണ് വീണ മറുപടി പറഞ്ഞത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പേമെന്റ് സീറ്റ് വിവാദമായിരുന്നു വീണയെ വാർത്തകളിൽ നിറച്ചത്. ജനാധിപത്യ തിരെഞ്ഞെടുപ്പുകളിലൂടെ സഭാസമിതിയുടെ തലപ്പത്ത് എത്തിയ ആളുടെ സഹധർമ്മിണിക്ക് സ്വതന്ത്രമായ കാഴ്ചപ്പാടുകൾക്കും നിലപാടുകൾക്കും സ്വാതന്ത്യമുണ്ട് എന്നു തന്നെയാണ് വീണയുടെ നിലപാട്. പത്തനംതിട്ട ജില്ലയിലെ ആറൻമുള മണ്ഡലം സി.പി.എമ്മിന് മുന്നിലെ വലിയ പ്രതിസന്ധിയായിരുന്നു. ഇവിടെ ഒരു സ്ഥാനാർത്ഥിയെ നിർണയിക്കാൻ പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയേറ്റ് നന്നായി തലപുകച്ചു. പൊതുസമ്മതനായ സ്വതന്ത്രൻ വേണോ, അതോ പാർട്ടിക്കാരൻ തന്നെ വേണോ എന്നതിലെ ആശയക്കുഴപ്പത്തിനിടയിലാണ് ലോക്‌സഭാ ഇലക്ഷൻ മുതൽ ഉയർന്നു വന്ന വീണയുടെ പേര് കളിക്കായത്. ഏറ്റവും കൂടുതൽ തവണ യു.ഡി.എഫ് സ്ഥാനാർത്ഥികളെ ജയിപ്പിച്ച മണ്ഡലമാണ് ആറൻമുള. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ കെ. ശിവദാസൻ നായർ ആയിരുന്നു ജയിച്ചത്. അന്ന് സിറ്റിംഗ് എം.എൽ.എ ആയിരുന്ന സി.പി.എം നേതാവ് കെ.സി രാജഗോപാലിനെ ആയിരുന്നു ശിവദാസൻനായർ തോൽപിച്ചത്. വീണ ജോർജിന്റെ സ്ഥാനാർഥിത്വത്തോടനുബന്ധിച്ച് നിരവധി പ്രതിഷേധങ്ങളാണ് സി.പി.എമ്മിനുള്ളിൽ നിന്നു തന്നെ ഉയർന്ന് വന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി പോസ്റ്ററുകളും പ്രകടനങ്ങളും പലഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സ്വീകരണം ഏറ്റുവാങ്ങി ചിരിച്ചുകൊണ്ട് കൈ വീശി മടങ്ങുന്ന വീണ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു, അവരിലൊരാളായി. നിയമസഭയിലേക്കുള്ള കന്നിയങ്കം വിജയമാക്കാനുള്ള പരിശ്രമത്തിലാണ് വീണ. കുറഞ്ഞ സമയം കൊണ്ട് മണ്ഡലത്തിലെ ഒരു പാട് സ്ഥലങ്ങളിൽ ഓടിയെത്തി വോട്ടർമാരെ നേരിൽ കണ്ടു ചിരിച്ചുകൊണ്ട് അരുകിലേക്ക് ഓടിയെത്തുന്ന വീണ എല്ലാവരുടെയും ഹൃദയത്തിൽ ഇടം പിടിച്ചു. ഓരോ വോട്ടിലും വികസനത്തിന്റെ കൈയൊപ്പ് ചാർത്താൻ ഇത്തവണ ആറന്മുള മണ്ഡലത്തിലെ വോട്ടർമാർ വീണയ്‌ക്കൊപ്പം അണിനിരക്കുമോയെന്നാണ് പ്രവർത്തകരുടെ വിശ്വസം. സ്ത്രീകളും പെൺകുട്ടികളുമടങ്ങുന്ന ഒരു വലിയ വിഭാഗം വീണാ ജോർജിന്റെ വിജയത്തിനായി രംഗത്തിറങ്ങി. കൈവച്ച മേഖലയിലെല്ലാം ഭാഗ്യം കൂടെയുണ്ടായിരുന്ന വീണയെ രാഷ്ട്രീയവും കൈവിടില്ലെന്നാണ് വീണയുടെ പ്രതീക്ഷ. പത്ത് വർഷം ആറന്മുള മണ്ഡലം പിന്നിലേക്ക് പോയെന്നാണ് വിലയിരുത്തൽ. അതിനൊരു മാറ്റം ആഗ്രഹിച്ച് ജനങ്ങൾ തയ്യാറായി കഴിഞ്ഞതിന്റെ സൂചനയാണ് വീണാ ജോർജിന് ആറന്മുള മണ്ഡലത്തിൽ നൽകുന്ന ഹൃദ്യമായ സ്വീകരണത്തിലൂടെ കാണാൻ കഴിയുന്നത്. 

Source: http://www.maathrumalayalam.com/veena-georges-election-propoganda/#sthash.nt4qY55u.dpuf

No comments: