Friday, April 8, 2016

ജോസഫ് എം പുതുശ്ശേരിയുടെ സ്ഥാനാർത്ഥിയാക്കിയതിൽ പി.ജെ കുര്യനു പരാതി; കെ.എം മാണിക്ക് കുര്യൻ കത്തയച്ചു; പുതുശ്ശേരി തിരുവല്ലയിൽ യുഡിഎഫിനെ തോൽപിക്കാൻ ശ്രമിച്ചെന്ന് കത്തിൽ




പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭയെ പ്രകോപിപ്പിച്ച് പത്തനംതിട്ട ജില്ലയില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ നീക്കം നടത്തുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്റെ നീക്കം സംശയത്തിന്റെ നിഴലില്‍.
സമീപ കാലത്ത് ബി ജെ പി നേതൃത്വവുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന പ്രൊഫ. പി ജെ കുര്യന്‍ പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ യു ഡി എഫിന്റെ വിജയ സാധ്യതയെ ബാധിക്കുംവിധമുള്ള ചില നീക്കങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നതിന് പിന്നില്‍ കേന്ദ്രഭരണത്തിലെ ചില ദേശീയ നേതാക്കള്‍ക്ക് ബന്ധമുള്ളതായാണ് ആരോപണം.
കഴിഞ്ഞ കുറെ മാസങ്ങളായി കോണ്‍ഗ്രസ് ഹൈക്കമാണ്ടും കുര്യന്റെ രാഷ്ട്രീയ കൂട്ടുകെട്ടുകളെ സംശയത്തോടെയാണ് വീക്ഷിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് തിരുവല്ലയില്‍ ജോസഫ് എം പുതുശ്ശേരിയുടെ സീറ്റിനെ ചൊല്ലി ഓര്‍ത്തഡോക്സ് സഭയെ പരമാവധി പ്രകോപിപ്പിക്കാന്‍ കുര്യന്‍ കരുനീക്കങ്ങള്‍ നടത്തുന്നത്.
ഉമ്മന്‍ചാണ്ടിയും വീണാ ജോര്‍ജ്ജും കഴിഞ്ഞാല്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഏക സ്ഥാനാര്‍ഥിയാണ് ജോസഫ് എം പുതുശ്ശേരി. ഉമ്മന്‍ചാണ്ടിയെ സഭ അവരുടെ പ്രതിനിധിയായി കണക്കാക്കുന്നില്ല. ഉമ്മന്‍ചാണ്ടിയും സഭയോട് വിധേയത്വ നിലപാടല്ല കൈക്കൊള്ളുന്നത്. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിനുള്ള പരിമിതികള്‍ സംബന്ധിച്ച് സഭയ്ക്കും ബോധ്യമുണ്ട്.
അതുകഴിഞ്ഞാല്‍ സഭാ രംഗത്ത് നിന്നുള്ള ഏറ്റവും മുതിര്‍ന്ന നേതാവ് ജോസഫ് എം പുതുശ്ശേരിയാണ്. പുതുശേരിയുടെ ജനപ്രിയത തന്നെയാണ് ചെറിയൊരു കാലയളവില്‍ പാര്‍ട്ടിക്ക് പുറത്തുപോയ പുതുശ്ശേരിയെ തിരികെ കൊണ്ടുവന്ന് തിരുവല്ലയില്‍ മത്സരിപ്പിക്കാന്‍ കേരളാ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ച ഘടകം.
ഓര്‍ത്തഡോക്സ് സഭയ്ക്കും ഇക്കാര്യത്തില്‍ സന്തോഷമുണ്ട്. എങ്കിലും കോണ്‍ഗ്രസില്‍ കൂടുതല്‍ പ്രാതിനിധ്യം സഭയ്ക്ക് ലഭിച്ചില്ലെന്ന പരാതിയാണ് അവര്‍ക്കുള്ളത്. അതിനിടെയിലാണ് ആകെയുള്ള ഒരു ഓര്‍ത്തഡോക്സ് സ്ഥാനാര്‍ഥിക്കെതിരെ പി ജെ കുര്യന്‍ രംഗത്ത് വന്നിരിക്കുന്നത്.
പുതുശേരിയെ മാറ്റുകയോ കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്ത് തോല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നുവെന്ന് തോന്നലുണ്ടാക്കുകയോ ചെയ്‌താല്‍ അത് പത്തനംതിട്ട, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ പകുതിയോളം മണ്ഡലങ്ങളില്‍ വിജയസാധ്യതയെ സ്വാധീനിക്കാന്‍ തക്ക ശേഷിയുള്ള ഓര്‍ത്തഡോക്സ് സഭയെ യു ഡി എഫിനെതിരാക്കും എന്നതില്‍ തര്‍ക്കമില്ല.
അങ്ങനെ വന്നാല്‍ ചുരുങ്ങിയ പക്ഷം 5 മണ്ഡലങ്ങളില്‍ യു ഡി എഫ് സ്ഥാനാര്‍ഥികളുടെ പരാജയം ഉറപ്പാകും. മറ്റ് അത്രയും മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നാമമാത്രമായി ചുരുങ്ങും. നിലവിലെ സാഹചര്യത്തില്‍ ഭരണത്തുടര്‍ച്ച അട്ടിമറിയ്ക്കാന്‍ ഈ 5 സീറ്റുകള്‍ ധാരാളമാണ്.
കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായ പി ജെ കുര്യന് ഒരു ബി ജെ പി ബാന്ധവം എന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പൊതുവേ പ്രയാസമായിരിക്കും. കോണ്‍ഗ്രസിന്റെ കേരള ഘടകത്തില്‍ നിന്നും കുര്യന്‍ പുറത്താണ്. സോണിയാ ഗാന്ധിയുടെ ചിലവിലാണ് തല്‍ക്കാലം അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് ജീവിതം മുന്നോട്ട് പോകുന്നത്.
അതിനി അധികകാലം തുടരാന്‍ പരിമിതികള്‍ ഉണ്ട്. മകന്‍ രാഹുലിന് കുര്യനെ താല്പര്യമില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കുര്യന് ഇനി വരാനിരിക്കുന്നത് വിശ്രമ കാലഘട്ടമാണ്. ഏറിപ്പോയാല്‍ കെ പി സി സി നിര്‍വ്വാഹക സമിതിയിലിരിക്കാം. കേരളത്തില്‍ ഏത് ഉറച്ച യു ഡി എഫ് മണ്ഡലത്തില്‍ മത്സരിച്ചാലും കുര്യനാണെങ്കില്‍ തോല്‍ക്കും.
അതിനാലാണ് കുര്യനെ കേരളത്തില്‍ പ്രചരണ യോഗത്തില്‍ പോലും പ്രസംഗിക്കാന്‍ ആരും ക്ഷണിക്കാത്തത്. ഈ സാഹചര്യത്തില്‍ ഏത് സാഹചര്യത്തിലും രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് തുടരുക എന്നത് പി ജെ കുര്യനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ്. അതിനായി മാസങ്ങള്‍ക്ക് മുമ്പേ കുര്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോഡിയുമായി ധാരണയായിട്ടുണ്ട്.
വെങ്കയ്യ നായിഡു വഴിയായിരുന്നു ഈ ബന്ധം. രാജ്യസഭയില്‍ ഭൂരിപക്ഷം കുറവായ ബി ജെ പിയ്ക്ക് സഭാധ്യക്ഷന്റെ നിലപാട് അനുകൂലമായാല്‍ ആശ്വാസ ഘടകങ്ങള്‍ പലതുണ്ട്. ആ ദൌത്യം കുര്യന്‍ നിര്‍വഹിച്ചു തുടങ്ങി എന്ന സംശയം കോണ്‍ഗ്രസ് ഹൈക്കമാണ്ടിനുണ്ട്.
പി ജെ കുര്യനെ വച്ച് ബി ജെ പി കേരളത്തില്‍ കാണുന്ന ലക്ഷ്യങ്ങള്‍ പലതാണ്. അവരുടെ ക്രൈസ്തവ ന്യൂനപക്ഷ മുഖമായി ഉന്നത നേതാവായ കുര്യനെ ഉള്‍പ്പെടെ രണ്ടു ക്രൈസ്തവ സഭകളുമായി കുര്യന് അടുത്ത ബന്ധമുണ്ട്. കൂടാതെ എന്‍ എസ് എസ് നേതൃത്വവുമായും ഏറെ സൗഹൃദം. അതിലുംവേറെയടുപ്പമാണ് കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ചില കോണ്‍ഗ്രസ് നേതാക്കളുമായുള്ളത്.
അതിനാലാണ് കുര്യന്‍ ജോസഫ് എം പുതുശ്ശേരിയെ കൂട്ടുപിടിച്ച് ഓര്‍ത്തഡോക്സ് സഭയേയും യു ഡി എഫിനെയും തമ്മില്‍ പിണക്കാന്‍ ശ്രമിക്കുന്നത്. പുതുശ്ശേരി തോറ്റാല്‍ മാര്‍ത്തോമക്കാരനായ മാത്യു ടി തോമസാണ് ജയിക്കുന്നത്. അതിനാല്‍ ഒരു മാര്‍ത്തോമക്കാരന് കൂടി വിജയം ഒരുക്കി സ്വന്തം സഭയുടെ പ്രീതി നേടുകയും ചെയ്യാം.
കഴിഞ്ഞ തവണ തിരുവല്ലയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായ വിക്ടര്‍ ടി തോമസ്‌ തോല്‍ക്കാന്‍ കാരണം പുതുശ്ശേരിയാണെന്ന കാരണമാണ് കുര്യന്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കഴിഞ്ഞ തവണ ആന്‍റോ ആന്റണിയെ തോല്‍പ്പിക്കാന്‍ കുര്യന്‍ തീവ്രശ്രമം നടത്തിയ കാര്യം കോണ്‍ഗ്രസുകാര്‍ മറന്നിട്ടില്ല . വിക്ടര്‍ ടി തോമസ്‌ എത്ര തവണ മത്സരിച്ചാലും ജയിക്കാന്‍ ശേഷിയുള്ള നേതാവല്ലെന്ന കാര്യം രാഷ്ട്രീയത്തില്‍ പരിണിതപ്രജ്ഞനായ പി ജെ കുര്യന് അറിയാഞ്ഞിട്ടല്ല. വിക്ടര്‍ മത്സരിച്ചാല്‍ മാത്യു ടി തോമസ്‌ ജയിക്കും.
കഴിഞ്ഞ രണ്ടു തവണയും വിക്ടറിനെ നിര്‍ത്തി അവിടെ മാത്യു ടി തോമസിനെ വിജയിപ്പിച്ചു വിട്ടത് കുര്യന്‍ തന്നെയായിരുന്നു. ഇത്തവണ ആ കളി നടക്കാതെ പോയതോടെ ഏത് വിധേനയും പുതുശേരിയെ തോല്‍പ്പിക്കാനുള്ള പുറപ്പാടിലാണ് അദ്ദേഹം. തൊട്ടടുത്ത മണ്ഡലങ്ങള്‍കൂടി കടപുഴുകിയാല്‍ ഭരണം തകരും . അത്രയും വന്നാല്‍ അടുത്ത ടേമിലും കുര്യന് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് തുടരാം. പിന്നെ ഉപരാഷ്ട്രപതിയാകാം, കുര്യന്റെ മോഹങ്ങള്‍ക്ക് അതിരുകളില്ലത്രേ !!


No comments: