Friday, April 15, 2016

തിരുവല്ല, ചെങ്ങന്നൂര്‍ സീറ്റുകള്‍ യു.ഡി.എഫിന് വെല്ലുവിളിയാകുന്നു

പി.ജെ. കുര്യന്റെ എതിര്‍പ്പും ശോഭന ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വവുമാണ് ഈ രണ്ട് സീറ്റിലും യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.



തിരുവല്ല: പടലപ്പിണക്കങ്ങള്‍ ഏറക്കുറേ പരിഹരിച്ചെങ്കിലും തിരുവല്ല, ചെങ്ങന്നൂര്‍ സീറ്റുകള്‍ യു.ഡി.എഫിന് തലവേദനയായി തുടരുന്നു. പി.ജെ. കുര്യന്റെ എതിര്‍പ്പും ശോഭന ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വവുമാണ് ഈ രണ്ട് സീറ്റിലും യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
തിരുവല്ലയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ എതിര്‍പ്പ് പരിഹരിക്കാന്‍ കെ.എം.മാണിക്കോ കോണ്‍ഗ്രസ് നേതൃത്വത്തിനോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വിക്ടര്‍.ടി.തോമസിനെ പരാജയപ്പെടുത്താന്‍ ജോസഫ് എം പുതുശ്ശേരി ശ്രമിച്ചെന്നും അങ്ങനെയൊരാളെ സ്ഥാനാര്‍ഥിയാക്കരുതെന്നും കുര്യന്‍ ആവശ്യപ്പെട്ടിരുന്നു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തന്നെ പ്രശ്‌നപരിഹാരത്തിന് ഇടപെട്ടെങ്കിലും പി.ജെ.കുര്യന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.
പ്രതിസന്ധിക്ക് ആക്കം കൂട്ടിക്കൊണ്ട് തിരുവല്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ പിന്തുണയോടെ ജോസഫ് എം. പതുശേരിക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ട്‌ കേരള കോണ്‍ഗ്രസ് എം നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രാജു പുളിമ്പള്ളി വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പി.ജെ.കുര്യനെ അനുകൂലിക്കുന്നവരാണ് ഈ നീക്കത്തിന് പിന്നില്‍.
കേരള കോണ്‍ഗ്രസുകാരനും പുതുശ്ശേരിയുടെ അതേ സമുദായക്കാരനും  നിരണം ഓര്‍ത്തഡോക്‌സ് പള്ളി ട്രസ്റ്റിയും കൂടിയായ രാജു പുളിമ്പള്ളിയെ രംഗത്തിറക്കിയതിലൂടെ കെ.എം മാണിക്ക് തിരുവല്ല സീറ്റ് തലവേദനയായി കഴിഞ്ഞു. 
ചെങ്ങന്നൂരില്‍ സിറ്റിങ് എം.എല്‍.എ പി.സി വിഷ്ണുനാഥിന് ഭീഷണിയായി മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണത്തില്‍ സജീവമാണ്. കഴിഞ്ഞ തവണയും വിമത ഭീഷണി ഉയര്‍ത്തിയ ശോഭനയെ നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. 

No comments: