Friday, April 8, 2016

പുതുശേരിയുടെ സ്ഥാനാർഥിത്വം: കേരള കോൺഗ്രസിനെതിരെ മാർത്തോമ സഭ

പത്തനംതിട്ട: തിരുവല്ലയിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസഫ് എം. പുതുശേരിക്കെതിരെ നിലപാട് വ്യക്തമാക്കി മാർത്തോമ സഭ. വിമത പ്രവർത്തനം നടത്തിയ ആളെ സ്ഥാനാർഥിയാക്കിയത് ഗുണം ചെയ്യില്ലെന്ന് പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപൊലീത്ത പറഞ്ഞു. സ്ഥാനാർഥി നിർണയ വേളയിൽ സഭാംഗങ്ങളെ കേരളാ കോൺഗ്രസ് എം പരിഗണിച്ചില്ലെന്നും മെത്രാപൊലീത്ത ചൂണ്ടിക്കാട്ടി.
സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശവുമായി ഒാർത്തഡോക്സ് സഭ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ഥാനാർഥികളെ തെരഞ്ഞെടുത്തപ്പോൾ കോൺഗ്രസ് പൂർണമായി അവഗണിച്ചെന്നാണ് ഒാർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കത്തോലിക്ക ബാവ പറഞ്ഞത്.
രാഷ്ട്രീയമായി തിളക്കമുള്ള ആരും സഭയിൽ ഇല്ലെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്. അവഗണന വിശ്വാസികൾ തിരിച്ചറിയും. സഭയുടെ മനസറിഞ്ഞാണ് എൽ.ഡി.എഫ് വീണ ജോർജിനെ സ്ഥാനാർഥിയാക്കിയത്. സഭാംഗമെന്ന പരിഗണന ആറന്മുളയിൽ വീണക്ക് ലഭിക്കുമെന്നും ബാവ വ്യക്തമാക്കിയിരുന്നു.

No comments: