Tuesday, August 13, 2013

സോളാറില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് ഉമ്മന്‍ചാണ്ടി: സമരം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിപക്ഷം

Story Dated: August 13, 2013 10:29 am
സോളാര്‍ തട്ടിപ്പില്‍ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കും. ചര്‍ച്ചക്കു തയ്യാറാണെങ്കില്‍ അക്കാര്യം പ്രതിപക്ഷം അറിയിക്കണം. ഇടതുപക്ഷം നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിക്കണം.
കാലവര്‍ഷ കെടുതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഓണക്കാലത്തെ വിലക്കയറ്റം ഓണാഘോഷം ഇവയാണ് വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍. ഈ പ്രവര്‍ത്തനങ്ങള്‍ നല്ല നിലക്ക് കൊണ്ടുപോകാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.രാജിയില്ലാതെ ഏത് അന്വേഷണത്തിനും തയ്യാറാണെന്നതാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി യു.ഡി.എഫ് യോഗത്തെ അറിയിച്ചു.
മുഖ്യമന്ത്രിയുടെ രാജിവെയ്ക്കുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സെക്രട്ടേറിയേറ്റ് ഉപരോധ സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സി.പി.ഐ.എം തീരുമാനിച്ചു. സി.പി.ഐ.എമ്മിന്റെ അവൈലബിള്‍ സെക്രട്ടേറിയേറ്റാണ് തീരുമാനമെടുത്തത്. സോളാര്‍ കേസില്‍ ആരോപണ വിധേയനായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നതാണ് ഇടതുസമരത്തിന്റെ ആവശ്യം.

No comments: