ദില്ലി: മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉള്‍പ്പെടുത്തിയുളള ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന വാര്‍ത്ത ഉമ്മന്‍ചാണ്ടി നിഷേധിച്ചു. സോളാര്‍ തട്ടിപ്പുകേസിലെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയേയും ഓഫീസിനെയും ഉള്‍പ്പെടുത്തില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്നതായിരുന്നു ദില്ലിയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം സോളാര്‍ തട്ടിപ്പുകേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രിയേയും ഓഫീസിനേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം പ്രതിപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജിവയ്ക്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും വിഎസ് കൊച്ചിയില്‍ പറഞ്ഞു. മുഖ്യമന്ത്രി എത്ര മലക്കം മറിഞ്ഞാലും ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ വന്നേ മതിയാകൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സ്ഥിതിക്ക് മുഖ്യമന്ത്രി രാജി വച്ചേ മതിയാകൂ. ഉപരോധ സമരം അവസാനിപ്പിക്കാന്‍ ഒരു ഉപാധിയും വച്ചിട്ടില്ലെന്നും പന്ന്യന്‍ ആലപ്പുഴയില്‍ പറഞ്ഞു.