Thursday, May 19, 2016

ചാനല്‍ ചര്‍ച്ചകളില്‍ കസേര മാറിയിരിക്കാന്‍ വീണാ ജോര്‍ജ്ജ് നിയമസഭയിലേക്ക്



ആറന്മുളയിലെ സിപിഐഎം സ്ഥാനാര്‍ത്ഥിയായി വീണ ജോര്‍ജ്ജിന്റെ പേര് ഉയര്‍ന്നത് മുതല്‍ ഉയര്‍ന്ന വിവാദങ്ങള്‍ പ്രചരണ ചൂടിലാണ് ഒന്ന് അടങ്ങിയത്.പെയ്ഡ് ക്യാന്‍ഡിഡേറ്റെന്നും ഓര്‍ത്തഡോക്‌സ് സഭ സ്ഥാനാര്‍ത്ഥിയെന്നുമെല്ലാം വിവാദം ഉയര്‍ന്നെങ്കിലും 7646 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വീണ ഇടത് വിജയം തിരിച്ചു പിടിച്ചു. നിയമസഭയിലെ കയ്യാങ്കളിയില്‍ ജമീല പ്രക്കാശത്തിന്റെ കടിയേറ്റെന്ന ആരോപിച്ച വിവാദനായകനായ സിറ്റിംഗ് എംഎല്‍എ കെ ശിവദാസന്‍ നായരാണ് കടപുഴകി വീണത്.
പത്തനംതിട്ട കുമ്പഴവടക്കില്‍ ജനിച്ച വീണ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദവും ബിരുദാനന്തബിരുദവും നേടി. മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത് കൈരളിയില്‍. പിന്നീട് മനോരമ ന്യൂസിലെത്തിയ വീണ ജോര്‍ജ്ജ് മലയാള ദൃശ്യ മാധ്യമ രംഗത്തെ മികച്ച വാര്‍ത്താ അവതാരകരില്‍ ഒരാളായി മാറി. ഇന്ത്യാവിഷനിലേക്ക് ചുവടുമാറ്റം നടത്തിയതോടെ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി മാറിയ വീണ ജേണലിസം കരിയറിലെ മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നീട് ടിവി ന്യൂ എന്ന മാധ്യമ സ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായ വീണ ജോര്‍ജ്ജ് കേരളത്തിലെ ഒരു വാര്‍ത്താ ചാനലില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായ ആദ്യ വനിതയായി. പിന്നീട് മാനേജ്‌മെന്റുമായുള്ള കലഹത്തെ തുടര്‍ന്ന് ടിവി ന്യൂ വിട്ട് റിപ്പോര്‍ട്ടര്‍ ടിവിയില്‍ ചീഫ് ന്യൂസ് എഡിറ്ററായി ചുമതലയേറ്റു. റിപ്പോര്‍ട്ടറില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് ആറന്മുളയില്‍ വീണ സ്ഥാനാര്‍ത്ഥിയായത്.
മികച്ച വാര്‍ത്ത അവതാരികയ്ക്കുള്ള ജെസി ഫൗണ്ടേഷന്‍ അവാര്‍ഡ്, മികച്ച വാര്‍ത്ത അവതരണത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, മികച്ച വാര്‍ത്ത അവതാരികയ്ക്കുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വീണ ജോര്‍ജ്ജ് മല്‍സരിച്ചപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഓര്‍ത്തഡോക്‌സ് സഭയുടേയും മുത്തൂറ്റ് ജോര്‍ജ്ജ് ഗ്രൂപ്പിന്റെയും സ്‌പോണ്‍സേര്‍ഡ് സ്ഥാനാര്‍ത്ഥിയാണെന്നുള്ളതായിരുന്നു.ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി ജോര്‍ജ്ജ് ജോസഫ് വീണയുടെ ഭര്‍ത്താവാണെന്നതും ആരോപണം ഉന്നയിക്കാന്‍ കാരണമായി. എന്നാല്‍ ആരോപണങ്ങളെ ശക്തമായി നേരിട്ടായിരുന്നു വീണയുടെ പ്രചരണത്തിലൂടെ മുന്നേറിയത്. ആറന്മുള കന്നിയങ്കത്തില്‍ പിടിച്ചെടുക്കാനും വീണക്കായി.

No comments: