Thursday, May 19, 2016

പടിയിറങ്ങിയാലും ഉമ്മൻ ചാണ്ടിക്കിതു ചരിത്രം; അഞ്ചുകൊല്ലം തികച്ച രണ്ടാം കോൺഗ്രസ് മുഖ്യമന്ത്രി


കോട്ടയംപതിമൂന്നാം നിയമസഭയുടെ കോൺഗ്രസ് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി പടിയിറങ്ങുമ്പോൾ മറ്റൊരു ചരിത്രം കൂടി രചിക്കപ്പെടുകയാണ്. സ്വതന്ത്രകേരളത്തിൽ അഞ്ചുവർഷം മുഖ്യമന്ത്രിസ്ഥാനത്തു തുടർന്ന രണ്ടാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയെന്ന ഖ്യാതിയുമായാണ് ക്ലിഫ് ഹൗസിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ പടിയിറക്കം. ഏഴാം നിയമസഭയുടെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ കഴിഞ്ഞാൽ (1982 – 1987) പിന്നീട് ഉമ്മൻ ചാണ്ടിയാണ് അഞ്ചുകൊല്ലം തികച്ച കോൺഗ്രസ് മുഖ്യമന്ത്രി.
കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ചരിത്രം തുടങ്ങുന്നത് രണ്ടാം നിയമസഭ മുതലാണ്. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുണ്ടാക്കിയ പട്ടം താണുപിള്ള പിന്നീട് കോൺഗ്രസുമായി സഖ്യമുണ്ടാക്കി കേരളത്തിലെ രണ്ടാം മുഖ്യമന്ത്രിയായപ്പോൾ ഭരണത്തിന്റെ ആയുസ്സ് രണ്ടരക്കൊല്ലം മാത്രമായിരുന്നു. 1960 ഫെബ്രുവരി 22ന് അധികാരമേറ്റെടുത്ത പട്ടം 1962 സെപ്റ്റംബർ 26ന് ഭരണമൊഴിഞ്ഞു. തുടർന്ന് അധികാരമേറ്റത് കോൺഗ്രസിന്റെ ആർ.ശങ്കർ നേതൃത്വം നൽകുന്ന മന്ത്രിസഭ. 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ രണ്ടുകൊല്ലം ഭരണത്തിലിരുന്നു. തുടർന്നു വന്ന കോൺഗ്രസ് സർക്കാരുകൾക്ക് അഞ്ചുകൊല്ലം തികച്ചൊരു മുഖ്യമന്ത്രിയെ കിട്ടിയില്ല.

Ads by ZINC
പിന്നീട് ഏഴാം നിയമസഭയുടെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ മാത്രമാണ് അഞ്ചുവർഷം തികച്ചു ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രി. അതിനു മുൻപോ അതിനു ശേഷമോ കെ.കരുണാകരനു പോലും അഞ്ചുവർഷ കാലാവധി തികയ്ക്കാനായിട്ടില്ല. ആ ചരിത്രമാണ് മുന്നണി സമവാക്യങ്ങൾ തിരുത്തി, ചങ്കുറപ്പോടെ ഉമ്മൻ ചാണ്ടിയെന്ന അതികായൻ തിരുത്തിയത്.
കേരളത്തിലെ മുഖ്യമന്ത്രിമാരും കാലാവധിയും
ഇ.എം.എസ്.നമ്പൂതിരിപ്പാട് (1957 – 1959)
പട്ടം താണുപിള്ള (1960 – 1962)
ആർ.ശങ്കർ (1962–1967)
ഇ.എം.എസ്.നമ്പൂതിരിപ്പാട് (1967 – 1969)
സി.അച്യുതമേനോൻ (1969–1970)
സി.അച്യുതമേനോൻ (1970–1977)
കെ.കരുണാകരൻ (1977–1977)
എ.കെ.ആന്റണി (1977–1978)
പി.കെ.വാസുദേവൻ നായർ (1978–1979)
സി.എച്ച്.മുഹമ്മദ് കോയ (1979–1979)
ഇ.കെ.നായനാർ (1980–1981)
കെ.കരുണാകരൻ (1981–1982)
കെ.കരുണാകരൻ (1982–1987)
ഇ.കെ.നായനാർ (1987–1991)
കെ.കരുണാകരൻ (1991–1995)
എ.കെ.ആന്റണി (1995–1996)
ഇ.കെ.നായനാർ (1996–2001)
എ.കെ.ആന്റണി (2001–2004)
ഉമ്മൻ ചാണ്ടി (2004–2006)
വി.എസ്.അച്യുതാനന്ദൻ (2006–2011)

ഉമ്മൻ ചാണ്ടി (2011–2016)

No comments: