പിണറായി മന്ത്രിസഭ ഒരു മാസം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഇനി അമ്പത്തൊമ്പത് മാസങ്ങള്‍ മാത്രം!
ഊരിലെ പഞ്ഞം അറിയാന്‍ ഉണ്ണിയെ കണ്ടാല്‍ മതി എന്നതാണ് ആര്‍ജ്ജിതവിജ്ഞാനം. എന്നാല്‍ അറുപത് മാസം കാലാവധിയുള്ള ഒരു സംവിധാനത്തെ ഒരൊറ്റ മാസത്തെ പ്രവര്‍ത്തനം കൊണ്ട് വിലയിരുത്താമെന്ന് ആരും പറയുകയില്ല. ഇതിനകം ഏതെങ്കിലും സൂചനകള്‍ ശക്തമായി വെളിപ്പെടുന്നുണ്ടോ, ആ സൂചനകളില്‍ പ്രോത്സാഹിപ്പിക്കേണ്ടതും തിരസ്കരിക്കേണ്ടതും എന്ന് ഉറപ്പിച്ച് പറയാവുന്നതായി വല്ലതുമുണ്ടോ, പൊതുവായ ദിശാബോധം എങ്ങനെ എന്നൊക്കെ അന്വേഷിക്കാമെന്ന് മാത്രം.
കേരളത്തിലെ പൊതുസമൂഹം അച്ചടക്കത്തെ മാനിക്കുന്നതാണ് എന്ന് തെളിയിച്ചത് 1977ലെ തെരഞ്ഞെടുപ്പാണ്. നേര്‍ത്ത ഭൂരിപക്ഷവും കനത്ത അഴിമതിയാരോപണങ്ങളും നേരിട്ട ഒരു സര്‍ക്കാരിനെ രക്ഷിച്ചത് നീട്ടിക്കിട്ടിയ കാലയളവിലെ അച്ചടക്കം ആയിരുന്നു. അടിയന്തരവാസ്ഥയെക്കുറിച്ചാണ് പറയുന്നത്.അത് ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ അപമാനകരമായ അദ്ധ്യായമാണ് എന്ന് പറയുന്നത് ഭരണഘടനയുടെയ വ്യഭിചാരമായിരുന്നു നടന്നത് എന്നതിനാലാണ്. ആഭ്യന്തരമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഒരു സാഹചര്യവും ഇല്ലാതിരിക്കെ ഒരു ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പും ഒരു വ്യക്തിയുടെ ഉദ്യോഗവും സംരക്ഷിക്കാന്‍ വേണ്ടി ഭരണഘടന ദുരുപയോഗപ്പെടുത്തുകയായിരുന്നല്ലോ അന്നത്തെ പ്രധാനമന്ത്രി ചെയ്തത്. തുടര്‍ന്നുള്ള കാലമാകട്ടെ ആംആദ്മിയുടെ ജീവിതത്തില്‍ അദൃശ്യശ്രംഖലകള്‍ തീര്‍ക്കുകയും ചെയ്തു. ഇപ്പറഞ്ഞ രണ്ടാമത്തെ കാര്യത്തില്‍ കേരളം വ്യത്യസ്തമായിരുന്നു. ഇവിടെ എടുത്തുപറയുന്നത് രാജന്‍ കേസാണ്. അതിന് അടിയന്തരാവസ്ഥ അനുപേക്ഷണീയമായിരുന്നില്ല എന്നതിന് തിരുവനന്തപുരത്തെ ഉരുട്ടിക്കൊലയും പാലക്കാട്ടെ സമ്പത്തിന്റെ മരണവും തെളിവാണ്. തന്നെയുമല്ല തിരഞ്ഞെടുപ്പിന് മുന്‍പ് ജനം ആ സംഗതി അറിഞ്ഞതുമില്ല. ജനം അറിഞ്ഞത് സര്‍ക്കാര്‍ വണ്ടികളും തീവണ്ടികളും സമയത്തോടി എന്നതാണ്. സെക്രട്ടേറിയറ്റിലും കളക്ടറേറ്റുകളിലും ജീവനക്കാര്‍ കാലത്തും നേരത്തും വരികയും ജോലി ചെയ്കയും ഉണ്ടായി എന്നതാണ്. തെരുവുകളില്‍ അലോസരമോ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അശാന്തിയോ ഉണ്ടായില്ല എന്നതാണ്. അത് ഉറപ്പുവരുത്തിയ സര്‍ക്കാരിനെയാണ് ജനം 1977ല്‍ തിരിച്ചുകൊണ്ടുവന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് തിരിച്ചുവരാന്‍ കഴിയാതിരുന്നതിന്റെ ഒരു പ്രധാന കാരണം അച്ചടക്കരാഹിത്യവും അഴിമതിയും ആണ് ഉമ്മന്‍ചാണ്ടിയുടെ ശംഖുമുദ്രയ്ക്ക് ഇരുവശവും നിന്ന ആനകള്‍ എന്ന് ജനം ചിന്തിച്ചതിനാലാണ്. ഇത് മുഖ്യമന്ത്രിയും അധികാരികളാകെയും തിരിച്ചറിയേണ്ടതുണ്ട് എന്നതില്‍ സംശയം ഉണ്ടാകാനിടയില്ല. അങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടാകുന്നതിന്റെ ലാഞ്ഛനകള്‍ കാണാനായി എന്നതാണ് കഴിഞ്ഞ ഒരു മാസത്തെ ശ്രദ്ധേയമാക്കുന്നത്.
സ്കൂളിന് പിന്നിലെ കളിയിടത്തിലേക്ക് ഡ്രില്‍മാസ്റ്റര്‍മാര്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോവുന്നതിനെ അനുസ്മരിപ്പിച്ചുകൊണ്ട് സെക്രട്ടേറിയറ്റിന് പിന്നിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്ക് ഹജൂര്‍ ജീവനക്കാരെ വിളിച്ചിറക്കിയ സംഭവം ഓര്‍മ്മിപ്പിക്കുക. മുഖ്യമന്ത്രി അവിടെ പറഞ്ഞ കാര്യങ്ങള്‍ക്കെതിരായി പ്രതിപക്ഷാഭിമുഖ്യമുള്ള യൂണിയനുകള്‍ക്ക് പോലും വലിയ എതിരഭിപ്രായം പറയാനായില്ല എന്നതാണ് ശ്രദ്ധേയമായ സംഗതി.
സ്കൂള്‍ ലീഡര്‍ ഹെഡ്മാസ്റ്ററുടെ കസേരയില്‍ ഇരിക്കുന്ന പ്രതീതിയാണ് ഉമ്മന്‍ചാണ്ടി സൃഷ്ടിച്ചതെങ്കില്‍ നളിനി നെറ്റോയുടെ മാതാമഹനായ 'കടുവ' സുബ്രഹ്മണ്യയ്യര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വെങ്കിട്ട രമണന്റെയും എന്റെ സി.ഇ.ടി. സതീര്‍ത്ഥ്യന്‍ കൃഷ്ണമൂര്‍ത്തിയുടെയും പിതാവ് മോഡല്‍ സ്കൂള്‍ ഭരിച്ച കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് പിണറായി ഉണര്‍ത്തുന്നത്. വലിയ സ്വാമി ആരെയും ഹിംസിച്ചില്ല. എങ്കിലും ആരെയും എപ്പോഴും ഹിംസിച്ചേക്കാം എന്നൊരു സാദ്ധ്യത തൈയ്ക്കാട് പ്രദേശത്ത് ഒട്ടാകെ നിലവിലിരുന്നു.
സമാനമായിരുന്നു വിദ്യുച്ഛക്തി വകുപ്പിലെ അവസ്ഥ. രണ്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം അന്നത്തെ മന്ത്രിയുടെ പേര് പിണറായി വിജയന്‍ എന്നായിരുന്നു. ഒന്നുമറിയാത്തവനെപ്പോലെ ഓഫീസില്‍ ഇരിക്കുമ്പോഴും എല്ലാമറിയുന്ന സര്‍വശക്തനാണ് താന്‍ എന്ന ബോധം ഉണര്‍ത്താന്‍ കഴിഞ്ഞയാള്‍. അന്നത്തെ വൈദ്യുത്യുല്പാദന ശ്രമങ്ങള്‍ അന്നത്തെ നിലയ്ക്ക് ശരിയായിരുന്നെങ്കിലും ഫലം കണ്ടില്ല എന്നത് നേര്. അത് മാനേജ്മെന്റ് ശാസ്ത്രത്തില്‍ പരിസ്ഥിതി സ്വാധീനം എന്ന് പറയുന്നതിന്റെ തുടര്‍ച്ചയാണ്. ലോകം മാറി. സമവാക്യങ്ങള്‍ മാറി. പദ്ധതികള്‍ പാളി. അത് മന്ത്രിയുടെ തലയില്‍ വയ്ക്കേണ്ട. എന്നാല്‍ മന്ത്രി പെട്ടെന്ന് തിരിച്ചറിഞ്ഞു ജനങ്ങളുടെ ഒരു പ്രധാനപ്പെട്ട ആവശ്യം. സ്വിച്ചിട്ടാല്‍ ലൈറ്റ് കത്തണം, കത്തുന്ന ലൈറ്റ് വെളിച്ചം തരണം. നിശബ്ദമായി അതില്‍ ശ്രദ്ധിച്ചു പിണറായി. ലൈനെങ്കില്‍ ലൈന്‍. സബ് സ്‌റ്റേഷനെങ്കില്‍ സബ് സ്‌റ്റേഷന്‍. ട്രാന്സ്ഫോര്മറെങ്കില് ട്രാന്‍സ്ഫോര്‍മര്‍. അതുവരെ കണ്ണാടിക്കൂട്ടിലെ മെഴുകുതിരി കണക്കെ പ്രകാശിച്ചത് ബള്‍ബാണെന്ന് അതോടെ തെളിഞ്ഞു. ട്യൂബ്ലൈറ്റ് നാട്ടിന്‍പുറത്തെ കല്യാണപ്പന്തലില്‍ അലങ്കാരത്തിന് വച്ച വാഴപ്പിണ്ടിയല്ലെന്നും സന്ധ്യയ്ക്കും കത്തുമെന്നും തെളിഞ്ഞു. മന്ത്രി ആരെയയും ശാസിച്ചില്ല. അവതാരകയോട് ''എന്റെ ഫ്യൂ വേഡ്‌സ് അവസാനിപ്പിക്കുന്നു'' എന്നും സ്വാഗതപ്രസംഗകയോട് ''അത് നീണ്ടതുകൊണ്ട് ഇത് ചുരുക്കുന്നു'എന്ന് പറഞ്ഞതുപോലെയുള്ള ചില ചെറുപ്രയോഗങ്ങള്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനെ കക്ഷിഭേദമെന്യേ സജീവമാക്കി. ആ അത്ഭുതം ഇനി സര്‍ക്കാരിലൊട്ടാകെ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കയാണ് ജനം.
പിണറായി എന്ന് കേട്ടാല്‍ ലാവ്ലിന് എന്ന് പറയാന്‍ ചിലര്‍ ശീലിച്ചിട്ടുള്ളതുകൊണ്ട് അതുകൂടെ പറയണം. ഇപ്പോള്‍ കടകംപള്ളി സുരേന്ദ്രനാണല്ലോ വൈദ്യുതി മന്ത്രി. അദ്ദേഹം പിണറായിയോ കോടിയേരിയോ അറിയാതെ കാനഡയില്‍ പോയി ലാവ്ലിന് കമ്പനിക്ക് ബോര്‍ഡിനെ തീറെഴുതണം എന്ന് ആശിച്ചാല്‍ തന്നെ നടക്കുമോ? ഇരുപത് വര്‍ഷം മുന്‍പ് പിണറായി വിജയന്‍ നായനാര്‍ മന്ത്രിസഭയിലെ ,കടകംപള്ളിയോ എ.കെ. ബാലനോ ആയിരുന്നു. അതുകൊണ്ട് ലാവ്ലിന് കേസില്‍ പിണറായി അഴിമതി കാട്ടി എന്ന പ്രസ്താവന സാമാന്യബുദ്ധി ഉള്ളവരുടെ ബുദ്ധിയെ പരിഹസിക്കുന്നതാണ്.
വേറെ ഒരു സംഭവം കൂടെ പറയാം. പാര്‍ട്ടി സെക്രട്ടറിയെ നേരില്‍ കണ്ട് സംഭാവന കൊടുക്കാന്‍ കോണ്‍ഗ്രസുകാരനായ ഒരു എസ്‌റ്റേറ്റുടമ നിശ്ചയിച്ചു. രാത്രി തലവഴി ഖദര്‍മുണ്ട് ഇട്ടാണ് പുറപ്പാട്. ഇന്ദിരാഭവനില്‍ അറിയരുതല്ലോ. തുക മേശപ്പുറത്തുവച്ചു. സംസ്ഥാന സെക്രട്ടറി ജില്ലാ സെക്രട്ടറിയെ പേരെടുത്ത് വിളിച്ചു. (പേര് എഴുതാത്തത് കൊടുത്തയാളെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാതിരിക്കാനാണ്!) മുതലാളി തുക പറഞ്ഞു. നിസാരമാണെന്ന് കരുതരുതല്ലോ. ''അഞ്ച് ലക്ഷം ഉണ്ട്.'' അതായത് അത്രയും വലിയ തുക അങ്ങനെ കൈമോശം വരുത്തരുതെന്ന്. ''ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല.'' എന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സെക്രട്ടറിയുടെ ജന്മസ്ഥലം പിണറായി. പേര് വിജയന്‍.
"ഇനി ആജ്ഞാപിപ്പാന്‍ പോകുന്നതില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല.'' എന്ന് കൊരിന്തിലെ സഭയോട് സെന്റ് പോള്‍ പറഞ്ഞതായി ബൈബിളിലുണ്ട്. ചില അപ്രിയ സത്യങ്ങള്‍ ഓര്‍മ്മപ്പടുത്തട്ടെ.
ഒന്നാമത്തെ കാര്യം മന്ത്രിമാരുടെ പ്രസ്താവനകളാണ്. ജയരാജന്‍ മഹമ്മദ് അലിയെ തെറ്റിദ്ധരിച്ചത്, സുധാകരന്‍ അഞ്ജുവിന്റെ ഭര്‍ത്താവിനെ തെറ്റിദ്ധരിച്ചതുപോലെയെ ഉള്ളൂ. എന്നാല്‍ അതിന് നല്‍കിയ വിശദീകരണം എല്ലാം മന്ത്രിമാരും കെ.എം. മാണിയെ പോലെ റകാരവദനരായി, ആത്മാര്‍ത്ഥത ലേശമില്ലാതെ, റീത്ത് വയ്ക്കുന്നവരാണ് എന്ന ധാരണ പരത്തി. അതുപോലെ തന്നെ അവിവേകമായി അഞ്ജുവിനെതിരെ പൊട്ടിത്തെറിച്ചതും. സി.പി.എമ്മിന്റെ പീയാര്‍ കൊണ്ട് മറയ്ക്കുന്നതല്ല രണ്ടും. അതുകൊണ്ട് മന്ത്രിമാര്‍ അവിവേകം പ്രദര്‍ശിപ്പിച്ച് നേതാവിനെയും പ്രസ്ഥാനത്തെയും അവതാളത്തിലാക്കരുത്.
പ്രസ്താവനയും പ്രശ്‌നപരിഹാരവും പറയുമ്പോള്‍ വിദ്യാഭ്യാസമന്ത്രി ആവട്ടെ മന്ത്രിമാര്‍ക്ക് മാതൃക. ആദായകരമല്ലാത്ത സ്കൂളുകള്‍ ഏറ്റെടുക്കുന്നതും അധികപ്പറ്റായ അദ്ധ്യാപകരെ പുനരധിവസിപ്പിക്കുന്നതും സ്വാശ്രയ എന്‍ജിനിയറിംഗ് വിദ്യാഭ്യാസ വ്യവസായികളെ കൈകാര്യം ചെയ്യുന്നതും എളുപ്പമല്ലെങ്കിലും, അവസാനം ഒറ്റയടിക്ക് പരിഹരിക്കാവുന്ന വിഷയങ്ങളല്ലെങ്കിലും, പ്രൊഫ. രവീന്ദ്രനാഥിന്റെ ഓരോ വാക്കും ഓരോ നടപടിയും അദ്ദേഹത്തെ പനമ്പള്ളി, മുണ്ടശേരി, ഉമ്മര്‍കോയ എന്നീ മുന്‍ഗാമികളോട് ചേര്‍ത്തുനിര്‍ത്താന്‍ പോന്നതായി.
ഒരു കാര്യം കൂടെ.വലിയ പത്രാസ് മലയാളിക്ക് അത്ര ഇഷ്ടമല്ല. അതുകൊണ്ട് താലപ്പൊലിനിരോധനം നന്നായി. അതുപോലെയാണ് എസ്കോര്‍ട്ട് പൈലറ്റ് പരിപാടികളും. മുഖ്യമന്ത്രിക്ക് മാത്രം ആണ് നിയമേന അതിന് അവകാശം. മന്ത്രിമാരുടെ കുറ്റമാകണമെന്നില്ല. പൊലീസുകാര്‍ മണിയടിക്കാനും ചെയ്യും. അത് കര്‍ശനമായി വിലക്കണം. ടിവിയും എമ്മെനും ബേബിജോണും ഒന്നും ഇതുപയോഗിച്ചില്ലല്ലോ. ഒരിക്കല്‍ ഇടുക്കിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയാണ് എമ്മെന്‍. ഞാനും ഉണ്ട്. സ്‌റ്റേറ്റ് വണ്ടിയില്‍. ഇടയ്‌ക്കൊരു ചെറുപട്ടണത്തില്‍ ഗതാഗതക്കുരുക്ക്. ട്രാന്‍സ്‌പോര്‍ട്ട് ബസും ഇല. ബോര്‍ഡ് ജീപ്പും തമ്മിലുളള തര്‍ക്കം. ''രണ്ടും എന്റെ വകുപ്പാണ്. സഹിക്കുക തന്നെ.'' എന്ന് തമാശ പറഞ്ഞ് കാറിലിരുന്നു എമ്മെന്‍. ഒരു സാധാരണ പൗരന് കിട്ടുന്നതിലേറെ അദ്ദഹത്തിന് വേണ്ട. ബേബിജോണ്‍ റവന്യൂമന്ത്രി. സര്‍ക്കീട്ട് വരുമ്പോള്‍ പരിപാടി കഴിഞ്ഞ്, പാര്‍ട്ടിക്കാരെയും പറഞ്ഞുവിട്ടു കളക്ടര്‍ക്കും എസ്.പിക്കും ഒപ്പം അത്താഴം കഴിക്കുന്ന ഒരു ശീലം മൂപ്പര്‍ക്കുണ്ടായിരുന്നു. മൂലമറ്റത്ത് നിന്ന് പുറപ്പെടാറായപ്പോള്‍ മണി പതിനൊന്ന്. ആളൊഴിഞ്ഞ വഴികളിലൂടെ വേണം യാത്ര. എസ്.പി. എസ്കോര്‍ട്ട് ഏര്‍പ്പാട് ചെയ്തു. മന്ത്രി സമ്മതിച്ചില്ല. "ഒരു മന്ത്രിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത നാടാണോ നിങ്ങളുടെ ജില്ല.' എന്നായിരുന്നു. ചിരിച്ചുകൊണ്ടുള്ള ചോദ്യം. ഒടുവില്‍ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി എം.സി.റോഡില്‍ ഏറ്റുമാനൂര്‍ എത്തുന്നത് വരെ എസ്കോര്‍ട്ട് 'സ്വീകരിച്ചു അവരൊക്കെയാവട്ടെ മാതൃക. ശേഷം പിന്നാലെ. പൊതുവെ തുടക്കം കൊള്ളാം. എങ്കിലും ഒന്നുകൂടെ പറയാനുണ്ട്. വടക്കന്‍ കേരളത്തില്‍ ഭാ.ജ.പ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരാതികളുണ്ട്. അവിടെ കുറച്ചുകൂടെ വിവേകപൂര്‍ണമാവണം ഇടപെടലുകള്‍.
Source
No comments:
Post a Comment