അഭ്യര്‍ത്ഥന
പ്രിയ സുഹൃത്തേ,
മെയ് 16ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുന്ന വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സര്‍വ്വമേഖലകളിലും പിന്നോട്ടാണ് നയിച്ചത്. ആരോഗ്യ- വിദ്യാഭാസ- പൊതുവിതരണം തുടങ്ങി സമസ്ത മേഖലകളിലും നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി പരിതാപകരമായി. അദ്ധ്യയന വര്‍ഷം അവസാനിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിവില്ലാത്ത ഒരു സര്‍ക്കാര്‍ നമ്മെ പുരോഗതിയിലേക്ക് നയിക്കില്ലെന്ന യാഥാര്‍ത്ഥ്യം ഏവരും മനസിലാക്കുന്നു.
സോളാര്‍, ബാര്‍ കോഴ, പാറ്റൂര്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതികള്‍ അഭിമാനമാക്കിയ സര്‍ക്കാര്‍ ഭരണപക്ഷത്ത് നിന്ന് തന്നെ തീവെട്ടികൊള്ളയാണ് നടക്കുന്നതെന്ന് പലതവണ വിളിച്ചുപറയിപ്പിച്ചു. മെത്രാന്‍ കായല്‍ കൈയ്യേറ്റം ഇത് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നു. കട്ടുമുടിച്ച് യുഡിഎഫ് സര്‍ക്കാര്‍ മുന്നേറുമ്പോള്‍, കേന്ദ്ര സര്‍ക്കാരാകട്ടെ രാജ്യത്തിന്റെ കോടികള്‍ നഷ്ടപ്പെടുത്തിയ വിജയ് മല്യമാര്‍ക്ക് ഒത്താശ ചെയ്യുന്നു. അധികാരത്തില്‍ എത്തിയാല്‍ നൂറ് ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരികെ ഇന്ത്യയില്‍ എത്തിക്കുമെന്നും അത് സാധാരണക്കാരായ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുമെന്നും വാഗ്ദാനം ചെയ്ത എന്‍ഡിഎ സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഒപ്പമാണെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുന്നു.
ഇന്ത്യന്‍ ബൗദ്ധിക കേന്ദ്രങ്ങളായി അറിയപ്പെടുന്ന ജെഎന്‍യു, എച്ച്‌സിഎന്‍, ഐഐറ്റി മഡ്രാസ്, പിസിയു, എഫ്റ്റിഐ, പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സര്‍വ്വകലാശാലകളില്‍ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും സമാനതകളില്ലാതെ ഫാസിസം വേട്ടയാടുകയാണ്. നവോത്ഥാന മൂല്യങ്ങളാല്‍ നാം തടഞ്ഞു നിര്‍ത്തിയിരുന്ന വര്‍ഗീയ സമുദായ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടു വന്ന് വീണ്ടും കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കേണ്ടതുണ്ട്.
കേരളത്തിന്റെയും കോട്ടയത്തിന്റെയും സൃഷ്ടിപരമായ വികസനത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എന്നെ ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment