കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിപ്രസ്ഥാനമായ കെ.എസ്.യുവിന് പുതിയ സാരഥിയെത്തും
ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കെ എസ് യു പ്രസിഡന്റാകുമെന്നാണ് സൂചന. കെ.എസ്.യുവിന്റെ പ്രസിഡന്റ് ഷാഫി പറമ്പില്‍ ഇപ്പോള്‍ പാലക്കാടുനിന്നുള്ള ജനപ്രതിനിധിയാണ്. വരുന്ന സെപ്തംബറില്‍ ഷാഫിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതോടെയാണ് ചാണ്ടി ഉമ്മന്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് പദത്തില്‍ അവരോധിതനാകുമെന്നാണ് പ്രതീക്ഷ. പ്രസിഡന്റ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല വിഭാഗം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലങ്കില്‍ ഏകകണ്ഠമായിട്ടായിരിക്കും ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുക്കപ്പെടുക. എ വിഭാഗത്തിലെ ഉന്നത നേതാക്കള്‍ ചാണ്ടി ഉമ്മന്‍ തന്നെ പ്രസിഡന്റാകണമെന്ന് തിരുമാനിച്ചിട്ടുണ്ട് . ഉമ്മന്‍ചാണ്ടിക്കും ഇക്കാര്യത്തില്‍ എതിര്‍പ്പില്ലാത്ത സ്ഥിതിക്ക് മറിച്ചൊരു തിരുമാനം ഉണ്ടാകാന്‍ സാധ്യതയില്ല.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ ചാണ്ടി ഉമ്മന്‍ പ്രചരണത്തിനിറങ്ങിയപ്പോള്‍തന്നെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിരുന്നു. കെ.എസ്.യു നേതാവായി വേണമോ യൂത്ത് കോണ്‍ഗ്രസ് നേതാവായിട്ടാണോ, അതോ കോണ്‍ഗ്രസ് നേതാവായിട്ടായിരിക്കുമോ രംഗപ്രവേശനമെന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയം. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാകാന്‍ ചാണ്ടി ഉമ്മന്‍ മാത്രമല്ലുള്ളത് എന്നതാണ് ശ്രദ്ധേയം. നിലവിലുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന-പാര്‍ലമെന്റ് മണ്ഡല കമ്മിറ്റികളിലെ നിരവധി നേതാക്കന്മാര്‍ പ്രായപരിധിയ്ക്കുള്ളില്‍ തുടരുകയാണ്. കൂടാതെ എ ഗ്രൂപ്പില്‍ നിന്നു തന്നെ കെ.സി. ജോസഫിന്റെ മകന്‍ രാജു ഇട്ടി ജോസഫും കുര്യന്‍ ജോയിയുടെ മകന്‍ ടിന്റു കുര്യന്‍ ജോയിയും സ്ഥാനങ്ങള്‍ക്കായി രംഗത്തുണ്ട്. കോണ്‍ഗ്രസ് നേതാവ് എന്ന പരിവേഷം തല്‍ക്കാലം അണിയാന്‍ ചാണ്ടി ഉമ്മന്റെ യുവത്വം അനുവദിക്കുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് ചാണ്ടി ഉമ്മന്‍ കെ.എസ്.യുവില്‍ പിടിമുറുക്കുന്നത്.
ഓര്‍ക്കുട്ടിലും ഫെയ്‌സ്ബുക്കിലും സജീവമായ പുതിയ തലമുറയുടെ പ്രതിനിധിയായ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ രാഹുല്‍ഗാന്ധിയുടെ ഗുഡ്ബുക്കിലും ചാണ്ടി ഉമ്മനുണ്ട്. ഇതും അനുകൂല ഘടകമായി മാറും. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രചാരണപരിപാടികള്‍ക്ക് ഒരുപരിധിവരെ നേതൃത്വം നല്‍കിയത് ചാണ്ടി ഉമ്മനായിരുന്നു. കോണ്‍ഗ്രസിന്റെ പ്രചാരണ നാടകവും ചാണ്ടി ഉമ്മന്റെ നിയന്ത്രണത്തിലായിരുന്നു. വി.എസ് അച്യുതാനന്ദനെ കണക്കിനു പരിഹസിക്കുന്ന ഒന്നാന്തരമൊരു തെരുവ് നാടകം കേരളമെമ്പാടും പര്യടനം നടത്തിയിരുന്നു. തെരുവ് നാടകവും സി ഡി പ്രദര്‍ശനവും പാട്ടും പ്രസംഗവുമൊക്കെയായി കേരളത്തിലെ പ്രധാന മണ്ഡലങ്ങളില്‍ ചാണ്ടി ഉമ്മനും സഹോദരി അച്ചു ഉമ്മനും ഉഴുതുമറിച്ചു. ഇവരോടൊപ്പം മുഴുവന്‍ സമയവും സിന്ധു ജോയിയുമുണ്ടായിരുന്നു. സി പി എമ്മില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ വന്നപ്പോള്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസിലെത്തിയ സിന്ധു ജോയിക്ക് പ്രചരണപരിപാടി അഭിമാനത്തിന്റെ പ്രശ്‌നം കൂടിയായായിരുന്നു. വി.എസ് അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴ മണ്ഡലത്തില്‍ നിന്നായിരുന്നു ചാണ്ടി ഉമ്മന്റേയും കൂട്ടരുടെയും പര്യടനം തുടങ്ങിയത്. ജനത്തെ പറ്റിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ് ഒന്നും ചെയ്യാതെ അഞ്ചുവര്‍ഷമിരുന്ന വി എസ് അച്യുതാനന്ദനെ മലമ്പുഴയില്‍ വച്ച് തന്നെ തുറന്നുകാട്ടിയായിരുന്നു തുടക്കം.
കിളിരൂരും പെണ്‍വാണിഭക്കാരും സാന്റിയാഗോ മാര്‍ട്ടിനും ഫാരീസ് അബൂബക്കറും ലിസുമൊക്കെ തെരുവ് നാടകത്തിലെ വിഷയങ്ങളായിരുന്നു. അച്ചു തെരുവ് നാടകത്തിന്റെ കാര്യം നോക്കുമ്പോള്‍ പ്രസംഗം ചാണ്ടി ഉമ്മന്റെയും കെ എസ് യു നേതാക്കളുടെയും വകയായിരുന്നു. അങ്ങനെ രാഷ്ട്രീയത്തില്‍ അരങ്ങേറ്റവും കഴിഞ്ഞ് ആധികാരിക ഭാവത്തോടെയാണ് ചാണ്ടി ഉമ്മന്റെ വരവ്. കേരളത്തില്‍ കെ.എസ്.യുവിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താനും മാതൃകാ വിദ്യാര്‍ത്ഥി പ്രസ്ഥാനമാക്കി കെ.എസ്.യുവിനെ മാറ്റാനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നേരത്തെ നിര്‍ദേശിച്ചിരുന്നു. തന്നെ സന്ദര്‍ശിച്ച കെ.എസ്.യു. ഭാരവാഹികള്‍ക്കാണ് അവര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലേക്ക് കെ.എസ്.യുവിന്റെ പ്രവര്‍ത്തനം ശക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ചയില്‍ നിര്‍ദ്ദേശം നല്‍കി. പുതിയ മുദ്രാവാക്യങ്ങളും ആശങ്ങളുമായി കലാലയങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും വിദ്യാര്‍ത്ഥിള്‍ക്കിടയിലെ സജീവ സാന്നിധ്യമാകാനും കെ.എസ്.യുവിന് കഴിയണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
DEEPU MATTAPPALLY
REPORTERKEKALA KAUMUDI
No comments:
Post a Comment